യുട്യൂബറും ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ പ്രശസ്തനുമായ അർമാൻ മാലിക്കിനും അദ്ദേഹത്തിന്റെ ഭാര്യമാരായ പായൽ, കൃതിക മാലിക് എന്നിവർക്കും സമൻസ് അയച്ച് പട്യാല ജില്ലാ കോടതി. ബഹുഭാര്യത്വത്തിനും മതവികാരം വ്രണപ്പെടുത്തിയതിനുമാണ് സമൻസ്. സെപ്റ്റംബർ രണ്ടിന് മൂന്ന് പേരും ഹാജരാകണമെന്നും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.
ദവീന്ദർ രജ്പുത് എന്ന വ്യക്തി സമർപ്പിച്ച ഹർജിയിലാണ് കോടതി സമൻസ് അയച്ചത്. ഹിന്ദുമത വിശ്വാസികൾക്ക് ഒരേ സമയം ഒരു വിവാഹം മാത്രം അനുവദിക്കുന്ന ഹിന്ദു വിവാഹ നിയമം അർമാൻ മാലിക്ക് ലംഘിച്ചുവെന്നും അർമാനും പായലും മതവികാരം വ്രണപ്പെടുത്തിയെന്നും ഹർജിയിൽ ആരോപിക്കുന്നു. ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ പായൽ കാളിയുടെ വേഷം ധരിച്ചത് വലിയ പ്രതിഷേധത്തിന് കാരണമായെന്നും ഹർജിയിൽ പറയുന്നു.
പ്രതിഷേധത്തെ തുടർന്ന് ജൂലൈ 22-ന് അർമാനും പായലും പട്യാലയിലെ കാളി മാതാ ക്ഷേത്രം സന്ദർശിക്കുകയും പ്രാർഥിക്കുകയും തങ്ങളുടെ പ്രവൃത്തിക്ക് മാപ്പ് പറയുകയും ചെയ്തിരുന്നു. തൊട്ടടുത്ത ദിവസം മൊഹാലിയിലെ ഖരാറിലുള്ള കാളി ക്ഷേത്രത്തിലും ഇവർ സന്ദർശനം നടത്തി. അവിടെവെച്ച് പായൽ ക്ഷേത്രം വൃത്തിയാക്കുകയും മറ്റ് പൂജാ കർമങ്ങൾ ചെയ്തതായും റിപ്പോർട്ടുകളുണ്ടായിരുന്നു.
സന്ദീപ് എന്ന് യഥാർഥ പേരുള്ള അർമാൻ മാലിക്ക് ഹരിയാനയിലെ ഹിസാർ സ്വദേശിയാണ്. സ്വകാര്യ ബാങ്കിൽ ജോലി ചെയ്യുന്നതിനിടയിലാണ് സോഷ്യൽ മീഡിയയിൽ സജീവമായത്. പിന്നീട് ഡൽഹിയിലേക്ക് താമസം മാറുകയും കണ്ടന്റ് ക്രിയേറ്ററാകുകയും ചെയ്തു. ബിഗ് ബോസ് ഒടിടി സീസൺ മൂന്നിൽ രണ്ട് ഭാര്യമാർക്കുമൊപ്പമാണ് അർമാൻ മാലിക്ക് പങ്കെടുത്തത്. ഇതോടെ വീണ്ടും പ്രശസ്തിയിലേക്കുയരുകയായിരുന്നു.