കൊച്ചി: നടി അൻസിബ തൃക്കാക്കര അസിസ്റ്റന്റ് പൊലീസ് കമ്മീഷണർ ഓഫീസിൽ ഹാജരായി. നടി ലക്ഷ്മിപ്രിയയ്ക്കും തൃപ്പൂണിത്തുറ പൊലീസ് സ്റ്റേഷനിലെ വനിതാ എസ്ഐക്കും എതിരെ അൻസിബ മുഖ്യമന്ത്രിക്കു നൽകിയ പരാതി പൊലീസിന് കൈമാറിയിരുന്നു. ഈ പരാതിയിൽ മൊഴിയെടുക്കാൻ ആണ് അൻസിബയെ വിളിപ്പിച്ചിരിക്കുന്നത്. നടൻ ടിനി ടോമിനെതിരെ കടുത്ത വിമർശനം അൻസിബ ഉന്നയിച്ചു. ടിനി ടോം തന്നോട് മാത്രമല്ല ഒരു സമൂഹത്തോടാണ് ദ്രോഹം ചെയ്തതെന്ന് അൻസിബ പറഞ്ഞു. കേരളം പോലെ സെക്കുലർ ആയ ഒരു സ്റ്റേറ്റിനോടാണ് തെറ്റ് ചെയ്തത്. ഒരാളോട് വ്യക്തിവിരോധം തീർക്കാൻ ഒന്നും കിട്ടാതിരിക്കുമ്പോൾ പേര് അൻസിബ ഹസൻ എന്നായതുകൊണ്ട് തെറ്റായ സന്ദേശം സമൂഹത്തിന് കൊടുക്കാനാണ് ശ്രമിച്ചത്. മലയാളികൾക്ക് കാര്യം മനസിലായിട്ടുണ്ട്. ചെയ്ത തെറ്റിന് അദ്ദേഹം ശിക്ഷ അനുഭവിച്ചേ മതിയാകൂ. ടിനിക്കെതിരെ പരാതിയുമായി മുന്നോട്ടു പോകുമെന്നും അൻസിബ വ്യക്തമാക്കി.
മാധ്യമങ്ങളുടെ സമ്മർദ്ദം കാരണമാണ് തന്നെ കേൾക്കാം എന്ന് ഇപ്പോൾ താര സംഘടനയായ അമ്മയുടെ നേതൃത്വം പറയുന്നതെന്നാണ് അൻസിബയുടെ പ്രതികരണം. ഇതിനു മുമ്പ് താൻ പല തവണ പരാതി പറഞ്ഞിരുന്നു. ഇതേ കമ്മിറ്റിക്കു മുമ്പിൽ വീണ്ടും ഹാജരായി കാര്യങ്ങൾ വിശദീകരിക്കണമെന്ന് പറയുന്നത് തന്നെ അപമാനിക്കുന്നതിന് തുല്യമാണെന്നും അൻസിബ പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് തൃപ്പൂണിത്തുറ സബ് ഇൻസ്പെക്ടര്‍ രേഷ്മയ്ക്കെതിരെയും നടി ലക്ഷ്മിപ്രിയയ്ക്ക് എതിരെയുമുള്ള പരാതി അൻസിബ മുഖ്യമന്ത്രിക്ക് കൈമാറിയത്. ലക്ഷ്മി പ്രിയയുടെ പരാതിയിൽ തന്നെ വിളിച്ചുവരുത്തിയപ്പോൾ സ്റ്റേഷനിൽ വെച്ച് അവഹേളിച്ചെന്നാണ് അൻസിബയുടെ പരാതി. എസ്ഐ രേഷ്മ പൊലീസ് സ്റ്റേഷനില്‍ നിയമവിരുദ്ധമായി തടവില്‍ വച്ചുവെന്നും തന്നെ ഭീഷണിപ്പെടുത്തിയെന്നും അൻസിബ പരാതിയില്‍ പറയുന്നു. തനിക്കെതിരായ ലക്ഷ്മിപ്രിയയുടെ വ്യാജ പരാതിക്ക് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും അൻസിബ ആരോപിച്ചു. താൻ നേരിട്ട അപമാനത്തിന് ഒരു കോടി രൂപ നഷ്ടപരിഹാരവും അൻസിബ ആവശ്യപ്പെട്ടിട്ടുണ്ട്.



