കോൽക്കത്ത: പശ്ചിമബംഗാളിൽ തൃണമൂൽ കോൺഗ്രസ് എംപി അഭിഷേക് ബാനർജിയെ കൈയേറ്റം ചെയ്ത സംഭവത്തിൽ നാലുപേരെ പോലീസ് അറസ്റ്റ് ചെയ്തു. സംഭവസ്ഥലത്തുനിന്ന് ശേഖരിച്ച ദൃശ്യങ്ങൾ പരിശോധിച്ച് ശനിയാഴ്ച രാത്രിയാണ് പ്രതികളെ പോലീസ് പിടികൂടിയത്.
സൗത്ത് 24 പർഗാനാസ് ജില്ലയിലെ സോനാർപൂരിലെ സന്ദർശനത്തിനിടെയാണ് അഭിഷേക് ബാനർജിക്കെതിരെ അതിക്രമമുണ്ടായത്. ജനക്കൂട്ടം അദ്ദേഹത്തിന് നേരെ കല്ലുകളും മുട്ടകളും എറിയുകയും കള്ളൻ എന്ന് വിളിക്കുകയും ചെയ്തു. ഒരു ക്രിക്കറ്റ് ഹെൽമറ്റ് ധരിച്ചാണ് അദ്ദേഹം ജനക്കൂട്ടത്തിൽ നിന്നും രക്ഷപ്പെട്ടത്.
നിയമസഭാ തെരഞ്ഞെടുപ്പിന് പിന്നാലെ സംസ്ഥാനത്തുണ്ടായ വ്യാപക അക്രമത്തിൽ നിരവധി തൃണമൂൽ പ്രവർത്തകർക്ക് പരിക്കേറ്റിരുന്നു. ഒരാൾ കൊല്ലപ്പെടുകയും ചെയ്തു. മരിച്ചയാളുടെ വീട് സന്ദർശിക്കാൻ പോകുന്നതിനിടെയാണ് അക്രമമുണ്ടായത്.
അഭിഷേക് ബാനർജിയെ കോൽക്കത്തയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പ്രാഥമിക ചികിത്സയ്ക്ക് ശേഷം ഡിസ്ചാർജ് ചെയ്തു.
അഭിഷേക് ബാനർജിയോ തൃണമൂൽ കോൺഗ്രസോ ഔദ്യോഗികമായി പരാതി നൽകാത്തതിനെത്തുടർന്ന്, പോലീസ് ഈ സംഭവത്തിൽ സ്വമേധയാ കേസ് രജിസ്റ്റർ ചെയ്തതായി ഉദ്യോഗസ്ഥർ അറിയിച്ചു.



