ബിഹാറിൽ ബിജെപി നേതാവിനെ വെടിവെച്ച് കൊന്നു. കിസാൻ മോർച്ച നേതാവായിരുന്ന സുരേന്ദ്ര കെവാഡാണ്(52) കൊല്ലപ്പെട്ടത്. പ്രതികൾക്കായി അന്വേഷണം ആരംഭിച്ചു. ബൈക്കിലെത്തിയ സംഘമാണ് കൃത്യം നടത്തിയത്. പ്രമുഖ വ്യവസായി ഗോപാൽ ഖേംക പറ്റ്നയിലെ തന്റെ വീടിന് പുറത്ത് വെടിയേറ്റ് കൊല്ലപ്പെട്ട് ഒരാഴ്ച കഴിഞ്ഞതിന് പിന്നാലെയാണ് സംസ്ഥാനത്തെ ഞെട്ടിച്ച് മറ്റൊരു കൊലപാകവും അരങ്ങേറുന്നത്.

കൊലപാതകത്തിൽ രൂക്ഷ വിമർശനവുമായി ആർജെഡി രംഗത്തെത്തി. ബിഹാറിലെ അക്രമങ്ങളിൽ ആരോട് പറയാൻ ആര് കേൾക്കാനെന്ന് തേജസ്വി യാദവ് തുറന്നടിച്ചു. എൻഡിഎ സർക്കാറിൽ ആരെങ്കലും പറയുന്നത് കേൾക്കാനോ തെറ്റ് സമ്മതിക്കാനോ ഉണ്ടോയെന്നും തേജസ്വി യാദവ് ചോദിച്ചു. മുഖ്യമന്ത്രിയുടെ ആരോ​ഗ്യസ്ഥിതിയെ പറ്റിഎല്ലാവർക്കും അറിയാം. എന്നാൽ ഒരു പ്രയോജനവുമില്ലാത്ത രണ്ട് ബിജെപി ഉപമുഖ്യമന്ത്രിമാർ എന്തിനാണവിടെ ഇരിക്കുന്നതെന്നും തേജസ്വി യാദവ് ചോദിച്ചു.

ദിവസങ്ങളുടെ വ്യത്യാസത്തിൽ നാലുപേരാണ് സമാനമായ രീതിയിൽ ബിഹാറിൽ വെടിയേറ്റ് കൊല്ലപ്പെടുന്നത്. അക്രമികളെ ഇതുവരെ പിടികൂടാനായിട്ടില്ല. സംസ്ഥാനത്തെ ക്രമസമാധാന പരിപാലനം പൂർണമായും തകർന്നുവെന്നും സർക്കാർ മൗനം പാലിക്കുകയാണെന്നും ആർജെഡി ആരോപിച്ചു.