‘കഹോ ന പ്യാർ ഹേ’ എന്ന അരങ്ങേറ്റ ചിത്രത്തിലൂടെ ആരാധകരുടെ മനസ്സിൽ ഇടംപിടിച്ച താരമാണ് അമീഷാ പട്ടേൽ. ആദ്യചിത്രം സൂപ്പർ ഹിറ്റായിരുന്നെങ്കിലും പിന്നീട് ഉയർച്ചകളും താഴ്ചകളും അമീഷയുടെ കരിയറിലുണ്ടായി. താരത്തിന്റെ വ്യക്തിജീവിതവും പ്രണയവും വാർത്തകളിൽ ഇടംപിടിക്കുകയും ചെയ്തു. ഇപ്പോൾ, ഇൻസ്റ്റഗ്രാമിൽ അമീഷ പോസ്റ്റ് ചെയ്ത ഒരു ചിത്രം വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്.
വ്യവസായ പ്രമുഖൻ യശ്വർധൻ ബിർളയുടെ മകനും യുവ വ്യവസായിയും സംരംഭകനും ഗായകനുമായ നിർവാൺ ബിർളയാണ് ചിത്രത്തിൽ അമീഷയ്ക്കൊപ്പമുള്ളത്. ഔദ്യോഗിക ഇൻസ്റ്റഗ്രാം പേജിൽ, ദുബായ്- മനോഹര സായാഹ്നം പ്രിയങ്കരനായ നിർവാൺ ബിർളയ്ക്കൊപ്പം, എന്ന കുറിപ്പോടെയാണ് അമീഷ ഫോട്ടോ പോസ്റ്റ് ചെയ്തിട്ടുള്ളത്. നിർവാൺ ബിർളയെ ടാഗ് ചെയ്തിട്ടുമുണ്ട്.
ചിത്രം പോസ്റ്റ് ചെയ്യപ്പെട്ട ഉടൻതന്നെ വൈറലായി. ഇരുവരും ഡേറ്റിങ്ങിലാണെന്നുള്ള ഊഹാപോഹങ്ങളും പ്രത്യക്ഷപ്പെട്ടു. പലരും ആശംസകളും അറിയിച്ചു. അതേസമയം, അമീഷയുടെയും നിർവാണിന്റെയും പ്രായത്തെ ചൂണ്ടിക്കാണിച്ചും ചിലർ രംഗത്തെത്തിയിട്ടുണ്ട്. 49 കാരിയാണ് അമീഷ. 30 വയസ്സാണ് നിർവാണിന്റെ പ്രായം. ബിർള ബ്രെയിൻയാക്സിന്റെയും ബിർള ഓപൺ മൈൻഡ്സിന്റെയും സ്ഥാപകനാണ് നിർവാൺ.



