അമേരിക്കന്‍ ബി-2 സ്റ്റെല്‍ത്ത് ഫൈറ്റര്‍ വിമാനങ്ങള്‍ വര്‍ഷിച്ച ബോംബുകള്‍ ഇറാന്റെ കനത്ത സുരക്ഷയുള്ള ഫോര്‍ഡോ ആണവ കേന്ദ്രത്തിലൂടെ ‘വെണ്ണ പോലെ’ കടന്നുപോയി എന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഫോക്‌സ് ന്യൂസിനോട് സംസാരിക്കവെയാണ് ട്രംപ് ഇത്തരമൊരു പരാമര്‍ശം നടത്തിയത്. 

ബോംബ് വര്‍ഷിക്കാന്‍ ഏറ്റവും സാധ്യതയുള്ള സ്ഥലത്തേക്കുള്ള പ്രവേശന കവാടം അവര്‍ അടയ്ക്കാന്‍ ശ്രമിച്ചു. അവര്‍ അതിനായി പരിശ്രമിച്ചുകൊണ്ടിരുന്നു. എന്നാല്‍ ബോംബ് വെണ്ണ പോലെ കടന്നുപോയെന്ന് ട്രംപ് പറഞ്ഞു. ഓപ്പറേഷന്‍ മിഡ്നൈറ്റ് ഹാമര്‍ എന്ന് വിളിച്ച ഓപ്പറേഷനിലൂടെ ജൂണ്‍ 22 ന ്ഇറാന്റെ മൂന്ന് ആണവ കേന്ദ്രങ്ങളായ ഫോര്‍ഡോ, നതാന്‍സ്, ഇഫ്സഹാന്‍ എന്നിവിടങ്ങളില്‍ നടത്തിയ ആക്രമണങ്ങള്‍ രാജ്യത്തിന്റെ ആണവ പദ്ധതിയെ ഇല്ലാതാക്കി എന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

ഫോര്‍ഡോ രാജ്യത്തെ ഏറ്റവും രഹസ്യവും കനത്ത സംരക്ഷണമുള്ളതുമായ സ്ഥലമായിട്ടാണ് അറിയപ്പെട്ടിരുന്നത്. ഒരു പര്‍വതത്തിനടിയില്‍ രഹസ്യമായി വ്യോമാക്രമണങ്ങളെയും വിദേശ ഇടപെടലുകളെയും ചെറുക്കാന്‍ രൂപകല്‍പ്പന ചെയ്തിരുന്ന ആണവ കേന്ദ്രമാണ്. ബങ്കര്‍-ബസ്റ്റര്‍ ബോംബ് ആക്രമണങ്ങള്‍ ഫോര്‍ഡോയെ ആയിരക്കണക്കിന് ടണ്‍ പാറ ആക്കി ചുരുക്കിയെന്ന് ട്രംപ് പറഞ്ഞു. 

ആക്രമണത്തിന് മുമ്പ് അത്യധികം സമ്പുഷ്ടമായ യുറേനിയം സ്ഥലത്ത് നിന്ന് മാറ്റിയിട്ടില്ലെന്ന് അദ്ദേഹം തറപ്പിച്ചു പറഞ്ഞു. ഇസ്രായേലി ഉദ്യോഗസ്ഥര്‍ ന്യൂയോര്‍ക്ക് ടൈംസിനോട് നടത്തിയ അവകാശവാദത്തോട് യോജിക്കുന്നതായിരുന്നു ട്രംപിന്റെ പ്രസ്താവന.