ഹൂസ്റ്റൺ: ശ്രീ ഗുരുവായൂരപ്പൻ ക്ഷേത്രത്തിൽ ശ്രീകൃഷ്ണ ജയന്തി ആഘോഷം നടന്നു. ക്ഷേത്രത്തിൽ നടന്ന ശോഭായാത്രകളിൽ ഉണ്ണിക്കൃഷ്ണ വേഷം ധരിച്ച കുട്ടികളും നിശ്ചല ദൃശ്യങ്ങളും ശ്രീകൃഷ്ണാവതാര കഥകളെ ഓർമിപ്പിക്കുന്നതായി.

ഹിന്ദു സമൂഹങ്ങളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുത്ത മഹാ ശോഭയാത്ര ആഘോഷങ്ങളുടെ മാറ്റു കൂട്ടി. നൂറുകണക്കിന് ഭക്തജനങ്ങൾ ശോഭയാത്രയുടെ ഭാഗമായി. താലപ്പൊലികളുടെ അകമ്പടികളോടെ കൃഷ്ണ വേഷം കെട്ടിയ ഉണ്ണിക്കണ്ണന്മാർ ശോഭയാത്രയിൽ അണിനിരന്നു.

ഉണ്ണി കണ്ണന്മാരുടേയും കുട്ടി രാധമാരുടെയും നീണ്ട നിര ശോഭയാത്രയെ ആർഭാടമാക്കി. ക്ഷേത്ര പരിസരം അക്ഷരാർഥത്തിൽ അമ്പാടിയായി മാറി. ചെണ്ടമേളത്തിന്റെ അകമ്പടിയോടെ ശ്രീകോവിലിൽ നിന്നും എഴുന്നള്ളിച്ചെത്തിച്ച കൃഷ്ണ വിഗ്രഹം തങ്കരഥത്തിൽ ശോഭയാത്രയെ അനുഗമിച്ചു.

നാമജപങ്ങളാൽ മുഖരിതമായിരുന്നു ക്ഷേത്ര പരിസരം. ഉണ്ണികണ്ണന്മാരുടെ ഉറിയടിയും ഗോപികമാരുടെ ദാണ്ടിയയും ശോഭയാത്രയുടെ മനോഹാരിത കൂടി. തുടർന്ന് വേദിയിൽ ഹൂസ്റ്റണിലെ വിവിധ ക്ഷേത്രങ്ങളിൽ നിന്നുള്ള പ്രതിനിധികളെ ആദരിച്ചു. കലാപരിപാടികളും വേദിയിൽ അരങ്ങേറി.



