മയിലാടുതുറൈ: തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിനിടെ മയിലാടുതുറൈ ജില്ലയിലെ പൂമ്പുഹാർ മണ്ഡലത്തിൽ പോലീസുകാരന് കുത്തേറ്റു. പൊറയാറിലെ ജമാലിയ മിഡിൽ സ്കൂളിൽ സജ്ജീകരിച്ചിരുന്ന 324-ാം നമ്പർ ബൂത്തിലാണ് സംഭവം. തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുണ്ടായിരുന്ന കുത്താലം പോലീസ് സ്റ്റേഷനിലെ ഹെഡ് കോൺസ്റ്റബിൾ വിഘ്നേഷിനാണ് പരിക്കേറ്റത്. സംഭവത്തിൽ വിരമിച്ച സൈനികനായ പ്രഭാകരനെ പോലീസ് അറസ്റ്റ് ചെയ്തു.
വ്യാഴാഴ്ച രാവിലെ 11 മണിയോടെയാണ് അക്രമമുണ്ടായത്. വോട്ടെടുപ്പ് പുരോഗമിക്കുന്നതിനിടെ പ്രഭാകരൻ കൈവശമുണ്ടായിരുന്ന ചെറിയ കത്തി ഉപയോഗിച്ച് വിഘ്നേഷിനെ ആക്രമിക്കുകയായിരുന്നു. വിഘ്നേഷിന്റെ കഴുത്തിനും ഇരു കൈകൾക്കും ഗുരുതരമായി പരിക്കേറ്റു. ഉടൻ തന്നെ അദ്ദേഹത്തെ പൊറയാർ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ വിഘ്നേഷിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
അറസ്റ്റിലായ പ്രഭാകരന് പോലീസുകാരോട് കടുത്ത വിരോധമുണ്ടായിരുന്നതായി പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായി. ഏതാനും വർഷങ്ങൾക്ക് മുമ്പ് മറ്റൊരു പോലീസുകാരനെ ആക്രമിച്ച കേസിലും ഇയാൾ പ്രതിയായിരുന്നു. അക്രമത്തെത്തുടർന്ന് ബൂത്തിലെ വോട്ടെടുപ്പ് അൽപനേരം തടസപ്പെട്ടെങ്കിലും പിന്നീട് പുനരാരംഭിച്ചു. പൊറയാർ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.



