കണ്ണൂ‍ർ: പലരും കഠിനമായ പരിശീലനത്തിലൂടെ നീറ്റ് നേടിയെടുക്കുമ്പോൾ മുഹമ്മദ് അബ്ദുൽ ജബ്ബാർ നീറ്റ് പരീക്ഷ മറികടന്നത് ഒറ്റയ്ക്ക് പഠിച്ചാണ്. അത്തരത്തിൽ കഠിന പരിശ്രമത്തിലൂടെ നേടിയെടുത്ത മെഡിക്കൽ വിദ്യാഭ്യാസം പൂ‍ർത്തിയാക്കാനാകാതെയാണ് അബ്ദുൽ ജബ്ബാർ ഇന്നലെ യാത്രയായത്. ആലപ്പുഴ കളർക്കോട് നടന്ന വാഹനാപകടത്തിലൂടെ വില്ലൻ വേഷത്തിലെത്തിയ മരണം ആ പ്രതിഭയെ വലിയ സ്വപ്നങ്ങളിലേക്ക് യാത്ര തിരിക്കും മുൻപേ തിരിച്ചുവിളിച്ചു 

പ്ലസ് ടു വരെ വിദേശത്തായിരുന്നു ജബ്ബാ‌‍ർ പഠനം നടത്തിയിരുന്നത്. എംബിബിഎസ് പഠനത്തിനായാണ് ആലപ്പുഴയിലേക്ക് ജബ്ബാ‌‍ർ എത്തുന്നത്. യാതൊരു പരിശീലനവും സ്വീകരിക്കാതെ ജബ്ബാ‌ർ ഒറ്റയ്ക്ക് പഠിച്ച് അഡ്മിഷൻ നേടിയെടുത്തു. ജബ്ബാ‌‍റിൻ്റെ ഇരട്ട സഹോദരൻ മിഷാലും പഠനത്തിൽ മിടുക്കനാണ്. തിരുവനന്തപുരം ​ഗവ. എഞ്ചിനിയറിം​ഗ് കോളേജിലാണ് മിഷാൽ പഠിക്കുന്നത്. സഹോദരി മിൻഹ ഒമ്പതാം ക്ലാസ്സ് വിദ്യാ‍ർഥിനിയാണ്. രണ്ടാം ക്ലാസ്സിൽ പഠിക്കുന്ന ഒരു അനിയൻ കൂടി ജബ്ബാ‌‍റിന് ഉണ്ട്. 

രണ്ട് മാസം മുമ്പാണ് ജബ്ബാ‌‍റും കുടുംബവും പുതിയ വീട്ടിലേക്ക് താമസം മാറിയത്. ​ഗൃഹപ്രവേശന സമയത്തും നിറചിരിയുമായി ജബ്ബാർ എല്ലാവരെയും സ്വീകരിച്ചുകൊണ്ട്, കുടുംബത്തോടൊപ്പം ഉണ്ടായിരുന്നു. നാല് ദിവസം മുൻപാണ് വീട്ടിൽ നിന്ന് അടുത്ത അവധിക്ക് തിരികെ വരാമെന്ന് പറഞ്ഞ് ജബ്ബാ‌‍ർ ആലപ്പുഴയിലേക്ക് പുറപ്പെട്ടത്.