സ്ത്രീധന നിരോധന നിയമ പ്രകാരം സ്ത്രീധനം വാങ്ങുന്നവരും കൊടുക്കുന്നവരും ഒരു പോലെ കുറ്റക്കാരാണ്. നിയമം മൂലം നിരോധിച്ചിട്ടുള്ളതാണെങ്കിലും സ്ത്രീധനം കൊടുക്കുന്നതും വാങ്ങുന്നതും ഇന്നും നിർബാധം തുടരുകയാണ്. ഇപ്പോഴിതാ ഹൈദരാബാദ് സ്വദേശിയായ എയിംസിൽ ജോലിചെയ്യുന്ന ഒരു ഡോക്ടർ സ്ത്രീധനം ആവശ്യപ്പെട്ടതിനേക്കുറിച്ചുള്ള പോസ്റ്റാണ് വൈറലാകുന്നത്. അമ്പത് കോടിയോളം രൂപ ഇയാൾ സ്ത്രീധനമായി ആവശ്യപ്പെട്ടുവെന്നാണ് പോസ്റ്റിലുള്ളത്. യുവതിയുടെ സുഹൃത്ത് സാമൂഹികമാധ്യമമായ എക്സിൽ പോസ്റ്റിട്ടതോടെയാണ് ഇക്കാര്യം പുറത്തറിയുന്നത്.

എയിംസിലെ ഒന്നാം റാങ്കുകാരനായ യൂറോളജിസ്റ്റ് തന്റെ സുഹൃത്തിനോട് 50 കോടി രൂപ സ്ത്രീധനം ആവശ്യപ്പെട്ടെന്നാണ് യുവതി എക്സിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നത്. അനസ്തീഷ്യയിൽ എം.ഡിക്ക് പഠിക്കുന്ന യുവതിയോടാണ് സ്ത്രീധനം ചോദിച്ചത്. സ്വന്തം കാലിൽ നിൽക്കാൻ ത്രാണിയില്ലെങ്കിൽ പിന്നെ വിദ്യാഭ്യാസവും റാങ്കും മെറിറ്റും കൊണ്ട് എന്താണ് ഉദ്ദേശിക്കുന്നതെന്നും യുവതി എക്സിൽ കുറിച്ചു.

വിവാഹം കഴിക്കാൻ സ്ത്രീധനം നൽകേണ്ടതുണ്ടെന്ന് പറഞ്ഞ് മാതാപിതാക്കൾ തങ്ങളുടെ റിട്ടയർമെന്റ് സമ്പാദ്യം ഇതിനായി ഉപയോഗിക്കാൻ ഒരുങ്ങുകയാണെന്നും കുറിപ്പിലുണ്ട്. പോസ്റ്റിന് താഴെ ശക്തമായി വിമർശനമറിയിച്ച് നിരവധിപേർ അഭിപ്രായങ്ങൾ പങ്കുവെച്ചിട്ടുണ്ട്. പെൺകുട്ടിയും അവരുടെ മാതാപിതാക്കളും ഇതിനെതിരേ പ്രതികരിക്കണമെന്നാണ് ഒട്ടുമിക്കയാളുകളും പറയുന്നത്.