ഒമാൻ തീരത്ത് പലാവു പതാക ഘടിപ്പിച്ച ‘എം.ടി സെറ്റബെല്ലോ’ എണ്ണടാങ്കറിന് നേരെ അമേരിക്കൻ സൈന്യം നടത്തിയ ആക്രമണത്തിൽ കൊല്ലപ്പെട്ട ഇന്ത്യൻ നാവികൻ ആദിത്യ ശർമ്മ അവസാന ഫോൺ കോളിലും പങ്കുവെച്ചത് കപ്പലിലെ ഭീതിജനകമായ അന്തരീക്ഷത്തെക്കുറിച്ച്. ഹുർമുസ് കടലിടുക്കിലെ യു.എസ് നാവിക ഉപരോധത്തിനിടയിലൂടെ കപ്പൽ മുന്നോട്ട് നീങ്ങുമ്പോൾ യു.എസ് സേനയിൽ നിന്ന് ലഭിച്ച താക്കീതുകളെ കുറിച്ച് ആദിത്യ തന്റെ പിതാവിനോട് സംസാരിച്ചിരുന്നു.
“ഞങ്ങൾ ദിവസവും സംസാരിക്കാറുണ്ടായിരുന്നു. കഴിഞ്ഞ ഞായറാഴ്ച വിളിച്ചപ്പോൾ രണ്ട് തവണ യു.എസ് നാവികസേനയുടെ മുന്നറിയിപ്പ് ലഭിച്ചതായി അവൻ പറഞ്ഞു. എന്നിട്ടും കപ്പൽ ഹുർമുസ് കടലിടുക്കിലേക്ക് തന്നെ മുന്നോട്ട് കുതിക്കാനാണ് ശ്രമിച്ചുകൊണ്ടിരുന്നത്. ഞങ്ങൾ കടുത്ത ആശങ്കയിലായിരുന്നു. അന്ന് തന്നെ തൊട്ടടുത്തുള്ള മറ്റൊരു കപ്പലിന് നേരെ ആക്രമണമുണ്ടായെങ്കിലും അതിലെ ജീവനക്കാരെയെല്ലാം സുരക്ഷിതമായി രക്ഷപ്പെടുത്തിയെന്ന് പറഞ്ഞ് അവൻ ഞങ്ങളെ ആശ്വസിപ്പിച്ചു,” ആദിത്യന്റെ പിതാവ് രാജേഷ് ശർമ്മ ‘ദി ഇന്ത്യൻ എക്സ്പ്രസിനോട്’ പറഞ്ഞു.
ജൂൺ ഒമ്പതിന് ഒമാൻ തീരത്തുണ്ടായ യു.എസ് ആക്രമണത്തിൽ കൊല്ലപ്പെട്ട മൂന്ന് ഇന്ത്യൻ നാവികരിൽ ഒരാളാണ് ആദിത്യ ശർമ്മ. കപ്പലിലുണ്ടായിരുന്ന 24 ഇന്ത്യൻ നാവികരിൽ 21 പേരെ രക്ഷപ്പെടുത്തിയെങ്കിലും ആദിത്യ ഉൾപ്പെടെ മൂന്ന് പേരെ കാണാതായിരുന്നു. യു.എസ് ഏർപ്പെടുത്തിയ കപ്പൽ ഉപരോധം ലംഘിക്കാൻ ശ്രമിച്ചപ്പോഴാണ് ടാങ്കറിന് നേരെ ആക്രമണം നടത്തിയതെന്നാണ് അമേരിക്കൻ സൈന്യത്തിന്റെ വാദം.
ഹിമാചൽ പ്രദേശിലെ ഹാമിർപൂർ സ്വദേശിയായ ആദിത്യ കഴിഞ്ഞ നവംബർ മുതലാണ് കപ്പലിൽ ഡെക്ക് കേഡറ്റായി ജോലിയിൽ പ്രവേശിക്കുന്നത്. മകനെ കാണാതായെന്ന വാർത്തക്ക് പിന്നാലെ ആശങ്കയോടെ കഴിഞ്ഞിരുന്ന കുടുംബത്തിന് വ്യാഴാഴ്ച രാവിലെയാണ് ആദിത്യന്റെ മരണം സ്ഥിരീകരിച്ച് കപ്പൽ കമ്പനിയുടെ സന്ദേശം ലഭിക്കുന്നത്. മകന്റെ ഭൗതികശരീരം നാട്ടിലെത്തിക്കാൻ കേന്ദ്ര സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് കുടുംബം ആവശ്യപ്പെട്ടു.
കാണാതായ മൂന്ന് ഇന്ത്യൻ നാവികരും കൊല്ലപ്പെട്ടതായി കേന്ദ്ര തുറമുഖ-ഷിപ്പിങ് മന്ത്രി സർബാനന്ദ സോനോവാൾ എക്സിലൂടെ സ്ഥിരീകരിച്ചു. നാവികരുടെ മൃതദേഹങ്ങൾ കണ്ടെത്തിയതായും തിരിച്ചറിഞ്ഞതായും അദ്ദേഹം അറിയിച്ചു. “എം.ടി സെറ്റബെല്ലോ കപ്പലിലുണ്ടായ ദാരുണ സംഭവം അങ്ങേയറ്റം നിർഭാഗ്യകരമാണ്. കാണാതായ മൂന്ന് ഇന്ത്യൻ നാവികരും കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചു. ഇന്ത്യൻ നാവിക സമൂഹത്തിന് ഇതൊരു വലിയ നഷ്ടമാണ്. മോദി സർക്കാർ ഈ ദുരന്തസമയത്ത് കുടുംബത്തിനൊപ്പം ഉറച്ചുനിൽക്കുന്നു. രക്ഷപ്പെടുത്തിയ ജീവനക്കാരെയും അന്തരിച്ച നാവികരുടെ ഭൗതികശരീരങ്ങളും എത്രയും വേഗം നാട്ടിലെത്തിക്കാൻ ഉദ്യോഗസ്ഥർക്ക് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.” സർബാനന്ദ സോനോവാൾ അറിയിച്ചു.
പഞ്ചാബിലെ ജലന്ധറിൽ നിന്ന് സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ ആദിത്യ, ചെന്നൈയിലെ സ്വകാര്യ സർവകലാശാലയിൽ നിന്നാണ് നോട്ടിക്കൽ സയൻസ് ബിരുദം നേടിയത്. തുടർന്ന് സ്കോട്ട്ലൻഡിലെ ഗ്ലാസ്ഗോയിൽ നിന്ന് അഡ്വാൻസ്ഡ് ഡിപ്ലോമയും പൂർത്തിയാക്കിയ ശേഷമാണ് ആദ്യ നിയമനമായി കപ്പലിൽ കയറുന്നത്.
“നവംബറിൽ അവൻ കപ്പലിൽ കയറുമ്പോൾ മേഖലയിൽ യുദ്ധസാഹചര്യങ്ങൾ ഇല്ലായിരുന്നു. ചൈന-സിംഗപ്പൂർ റൂട്ടിലായിരുന്ന കപ്പൽ പിന്നീട് ഒമാനിലേക്ക് തിരിക്കുകയായിരുന്നു. മെയ് മാസത്തിൽ ജോലി അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങാൻ ഇരുന്നതാണെങ്കിലും രണ്ട് മാസത്തേക്ക് കൂടി നീട്ടാൻ അവൻ തീരുമാനിക്കുകയായിരുന്നു,” പിതാവ് രാജേഷ് ശർമ്മ പറഞ്ഞു. തുടർച്ചയായ മുന്നറിയിപ്പുകൾ ഉണ്ടായിട്ടും എന്തിനാണ് ഇത്രയധികം ജീവനുകൾ അപകടത്തിലാക്കിയതെന്നും ഇതിന്റെ ഉത്തരവാദിത്തം ആര് ഏറ്റെടുക്കുമെന്നും രാജേഷ് ശർമ്മ ചോദിച്ചു.



