യു.എസില്‍ ഉപഭോക്തൃ വിലസൂചിക അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പ നിരക്ക് കഴിഞ്ഞ മൂന്ന് വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിലയിലെത്തി. മെയ് മാസത്തിലെ കണക്കുകള്‍ പ്രകാരം പണപ്പെരുപ്പം 4.2 ശതമാനമായാണ് ഉയര്‍ന്നത്. യുഎസ്-ഇസ്രായേല്‍ സഖ്യം ഇറാനില്‍ നടത്തുന്ന സൈനിക നീക്കങ്ങളെത്തുടര്‍ന്ന് ഇന്ധന-ഊര്‍ജ്ജ വിലയിലുണ്ടായ വന്‍ വര്‍ദ്ധനവാണ് ഈ വിലക്കയറ്റത്തിന് പ്രധാന കാരണം.

എന്നാല്‍, രാജ്യത്തെ സാധാരണക്കാരെ ദുരിതത്തിലാക്കുന്ന പണപ്പെരുപ്പ നിരക്കിനെക്കുറിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നടത്തിയ പ്രതികരണം വന്‍ രാഷ്ട്രീയ വിവാദത്തിന് വഴിവെച്ചിരിക്കുകയാണ്. ഓവല്‍ ഓഫീസില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ, ‘ഇല്ല, എനിക്ക് ഈ പണപ്പെരുപ്പം ഇഷ്ടപ്പെട്ടു. കണക്കുകള്‍ ഗംഭീരമാണ്. പണപ്പെരുപ്പത്തെ ഞാന്‍ ശരിക്കും ഇഷ്ടപ്പെടുന്നു,’ എന്നാണ് ട്രംപ് പ്രതികരിച്ചത്. വരാനിരിക്കുന്ന ഇടക്കാല തിരഞ്ഞെടുപ്പില്‍ വിലക്കയറ്റം പ്രധാന ചര്‍ച്ചാവിഷയമായിരിക്കെ ട്രംപിന്റെ ഈ വാക്കുകള്‍ പ്രതിപക്ഷമായ ഡെമോക്രാറ്റുകള്‍ രാഷ്ട്രീയ ആയുധമാക്കിയിരിക്കുകയാണ്.

ഫെബ്രുവരി 28ന് ഇറാനെതിരെ യുഎസ് മിന്നലാക്രമണം ആരംഭിച്ചതിന് പിന്നാലെ ആഗോള വിപണിയില്‍ ഇന്ധനവില കുതിച്ചുയരുകയായിരുന്നു. ഇറാന്റെ തിരിച്ചടിയെത്തുടര്‍ന്ന് ലോകത്തെ ആകെ എണ്ണ-വാതക വിതരണത്തിന്റെ അഞ്ചിലൊന്നും കടന്നുപോകുന്ന തന്ത്രപ്രധാനമായ ഹോര്‍മുസ് കടലിടുക്ക് അടച്ചുപൂട്ടപ്പെട്ടതാണ് വിപണിയെ ഉലച്ചത്. യുദ്ധം തുടങ്ങുന്നതിന് മുന്‍പ് (ഫെബ്രുവരി 28) യുഎസില്‍ ഒരു ഗാലന്‍ പെട്രോളിന് 2.98 ഡോളര്‍ ആയിരുന്ന ശരാശരി വില, മെയ് മാസത്തോടെ 4.15 ഡോളറായി കുതിച്ചുയര്‍ന്നു. ഗ്യാസ്, വൈദ്യുതി ഉള്‍പ്പെടെയുള്ള മൊത്തം ഊര്‍ജ്ജ ചെലവുകളില്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് കാല്‍ ശതമാനത്തോളം (23.5%) വര്‍ദ്ധനവാണ് രേഖപ്പെടുത്തിയത്.

അതേസമയം തന്റെ വാക്കുകള്‍ സന്ദര്‍ഭത്തില്‍ നിന്ന് അടര്‍ത്തിമാറ്റിയതാണെന്ന് പിന്നീട് ട്രംപ് ന്യൂയോര്‍ക്ക് പോസ്റ്റിനോട് വിശദീകരിച്ചു. ഇറാന്‍ യുദ്ധം നിലനില്‍ക്കുമ്പോഴും പണപ്പെരുപ്പം താന്‍ വിചാരിച്ചതിലും വളരെ കുറവാണെന്ന അര്‍ത്ഥത്തിലാണ് അങ്ങനെ പറഞ്ഞതെന്നാണ് ട്രംപിന്റെ അവകാശവാദം. യുദ്ധം അവസാനിക്കുന്നതോടെ വില നിലവാരം പാറക്കല്ല് പോലെ താഴേക്ക് പതിക്കുമെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.