ഒരുകാലത്ത് കേരളാ പൊലീസിലെ ഏറ്റവും തലയെടുപ്പുള്ള ഉദ്യോഗസ്ഥനായിരുന്നു എം.ആർ. അജിത്കുമാർ. ജില്ലാ പൊലീസ് മേധാവിയായിരിക്കെ കാര്യക്ഷമതയോടെ പൊലീസിനെ നയിച്ചു. തിരുവനന്തപുരത്തും കൊച്ചിയിലുമൊക്കെ കമ്മിഷണറായി വിലസി. എന്നാൽ ദുഷിച്ച കൂട്ടുകെട്ടുകളാണ് അദ്ദേഹത്തിന്റെ സൽപ്പേര് നശിപ്പിച്ചതെന്നാണ് വിലയിരുത്തപ്പെടുന്നത്. രണ്ടു വർഷത്തിനിടെ രണ്ടാംവട്ടമാണ് അജിത്കുമാറിന് വഴിവിട്ട നടപടികളുടെ പേരിൽ തൊപ്പി തെറിക്കുന്നത്.

സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിക്കെതിരായ സ്വപ്നാ സുരേഷിന്റെ രഹസ്യമൊഴി പിൻവലിപ്പിക്കാൻ ഇടനിലക്കാർ വഴി ശ്രമിച്ചെന്ന് കണ്ടെത്തിയതിനെത്തുടർന്ന് വിജിലൻസ് മേധാവി സ്ഥാനത്തു നിന്ന് അജിത്തിനെ മാറ്റി പൗരാവകാശ സംരക്ഷണ ചുമതലയുള്ള എ.ഡി.ജി.പിയായി നിയമിച്ചിരുന്നു. പിന്നീട് ബറ്റാലിയൻ എ.ഡി.ജി.പിയാക്കി. അവിടെ നിന്ന് 2022 ഒക്ടോബറിലാണ് സംസ്ഥാനത്താകെ ക്രമസമാധാന ചുമതലയുള്ള അഡി.ഡി.ജി.പിയായി നിയമിതനായത്. സ്വപ്നയുടെ കൂട്ടാളി സരിത്തിനെ വിജിലൻസ് ആരോരുമറിയാതെ റാഞ്ചി കസ്റ്റഡിയിലാക്കുകയും മൊബൈൽഫോൺ പിടിച്ചെടുക്കുകയും ചെയ്തതും ഏറെ വിവാദമായിരുന്നു.

സംഭവബഹുലമായ സർവീസ്‌കാലം

എം.ആർ.അജിത്കുമാറിന്റെ സർവീസ് കാലം സംഭവബഹുലമാണ്. മത്സ്യത്തൊഴിലാളികളെ വെടിവച്ചു കൊന്ന ഇറ്റാലിയൻ നാവികരെ, ഇറ്റലിയുടെ കടുത്ത സമ്മർദ്ദം പോലും വകവയ്ക്കാതെ നടുക്കടലിൽ നങ്കൂരമിട്ട കപ്പലിലെത്തി തൂക്കിയെടുത്ത് ജയിലിലടച്ച എ.ഡി.ജി.പി എം.ആർ.അജിത്കുമാർ ഒരു കാലത്ത് പൊലീസിലെ സൂപ്പർ സ്റ്രാറായിരുന്നു. മുഖ്യമന്ത്രിക്കെതിരായ രഹസ്യമൊഴി പിൻവലിപ്പിക്കാൻ ശ്രമിച്ച ഇടനിലക്കാരനുമായി ചങ്ങാത്തമുണ്ടാക്കിയാണ് വിജിലൻസ് മേധാവിയായിരിക്കെ പുലിവാല് പിടിച്ചത്.

ഇടനിലക്കാരൻ ഷാജ് കിരണുമായി ദിവസം 30തവണ വരെ അജിത് വിളിച്ചതായി ഇന്റലിജൻസ് മേധാവിയുടെ അന്വേഷണത്തിൽ കണ്ടെത്തിയതോടെ അജിത്കുമാറിന്റെ വിജിലൻസ് മേധാവിയുടെ തൊപ്പി തെറിച്ചു. അജിത്തിനെ ബലിയാടാക്കി രാഷ്ട്രീയ, പൊലീസ് ഉന്നതർ രക്ഷപെടുകയാണെന്നും അതല്ല പൊലീസ് ഉന്നതർ പോലുമറിയാതെ അജിത്ത് സ്വന്തം നിലയിൽ നടത്തിയ നീക്കങ്ങൾ പാളിയതാണ് നടപടിക്ക് ഇടയാക്കിയതെന്നും രണ്ട് അഭിപ്രായമുണ്ടായിരുന്നു. എന്നാൽ ഇതിൽ നിന്ന് അജിത് ഒന്നും പഠിച്ചില്ലെന്നാണ് ഇപ്പോഴത്തെ സംഭവങ്ങൾ തെളിയിക്കുന്നത്.

ഗതാഗതകമ്മിഷണറായിരിക്കെ, വിജിലൻസ് മേധാവിയായ അജിത്കുമാറിന് ആ സ്ഥാനത്ത് രണ്ടുമാസം തികയ്ക്കാനായിരുന്നില്ല. രണ്ടു വർഷം തികയും മുൻപേയാണ് ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി കസേരയിലും കുലുക്കം. സ്വർണക്കടത്ത് കേസിലെ ഇടപെടലുകൾ ആരിലും സംശയമുണ്ടാക്കുന്നതായിരുന്നു. സ്വപ്നയുടെ കൂട്ടാളി സരിത്തിനെ ആരോ തട്ടിക്കൊണ്ടുപോയെന്ന പരാതിയിൽ പാലക്കാട്ടെ പൊലീസ് നാടെങ്ങും പരക്കംപാഞ്ഞ് അന്വേഷിക്കുന്നതിനിടെയാണ് കൊണ്ടുപോയത് വിജിലൻസാണെന്ന് ഷാജ് കിരൺ സ്ഥിരീകരിച്ചത്. പൊലീസിനു പോലും കിട്ടാത്ത ഈ വിവരം വിജിലൻസ് മേധാവിയായിരുന്ന അജിത്കുമാറാണ് കൈമാറിയതെന്നാണ് ഷാജ്കിരണിന്റെ അവകാശവാദം.ഷാജ് പറഞ്ഞ സമയത്തിനകം സരിത്തിനെ വിട്ടയയ്ക്കുകയും ചെയ്തു. സരിത്തിന്റെ മൊബൈൽ ഫോൺ പിടിച്ചെടുക്കുകയായിരുന്നു വിജിലൻസിന്റെ ലക്ഷ്യം. ഈ ഫോണിൽ നിന്ന് നിർണായക വിവരങ്ങൾ സ്വന്തം നിലയിൽ കണ്ടെത്താൻ അജിത്ത് ശ്രമിച്ചെന്നാണ് ഇന്റലിജൻസ് കണ്ടെത്തിയത്.

സരിത്തിനെ ആരുമറിയാതെ റാഞ്ചിയതും വലിയതുക വാങ്ങി മൊഴി പിൻവലിപ്പിക്കാൻ സ്വപ്നയെ നിർബന്ധിച്ച ഇടനിലക്കാരനുമായി നിരന്തരബന്ധം പുലർത്തിയതും ഉന്നതഉദ്യോഗസ്ഥന് ചേരാത്ത പ്രവർത്തനമാണെന്ന് ഡി.ജി.പി മുഖ്യമന്ത്രിയെ നേരിൽകണ്ട് അറിയിച്ചതിന് പിന്നാലെയാണ് അജിത്തിന്റെ തൊപ്പി തെറിച്ചത്. എ.ഡി.ജി.പിയുടെ എക്സ് കേഡർ തസ്തിക ഒരു വർഷത്തേയ്ക്ക് സൃഷ്ടിച്ച് പൗരാവകാശ സംരക്ഷണ ചുമതലയുള്ള എ.ഡി.ജി.പിയായിട്ടായിരുന്നു ആദ്യ നിയമനം. യു.ഡി.എഫ് കാലത്ത് സുപ്രധാന കസേരകളിലായിരുന്ന അജിത്ത്, സോളാർ വിവാദനായികയുടെ ആരോപണത്തിൽ കുരുങ്ങിയിരുന്നു.

അന്തർദേശീയ തലത്തിലും പ്രശംസ

കൊച്ചി സിറ്റി പൊലീസ് കമ്മിഷണറായിരിക്കെ, 2012ഫെബ്രുവരിയിലെ കടൽക്കൊലക്കേസിൽ ഇറ്റാലിയൻ നാവികരെ തുറങ്കലിലടച്ച് അജിത്കുമാർ ലോകശ്രദ്ധ നേടിയിരുന്നു. ഇറ്റലിയുമായുള്ള നയതന്ത്ര ബന്ധത്തെ ബാധിക്കുന്ന തരത്തിലേക്കും രാജ്യങ്ങളുടെ പരമാധികാര അവകാശങ്ങൾ ഹനിക്കുന്ന തലത്തിലേക്കും മാറുമായിരുന്ന കേസിൽ അജിത്തിന്റെ ഇടപെടലുകൾ അന്തർദേശീയതലത്തിൽ പ്രശംസിക്കപ്പെട്ടിരുന്നു. പ്രതികളായ നാവികരുമായി എൻ‌റിക്ക ലെക്സി കപ്പൽ കൊച്ചി വിടുംമുൻപേ തടഞ്ഞിടാനും കപ്പലിന്റെ സുരക്ഷാ ചുമതലയുണ്ടായിരുന്ന മാസിമിലാരോ ലത്തോര, സാൽവത്തോറെ ജോറോൺ എന്നീ നാവികരെ കപ്പലിലെത്തി അജിത്തിന് കസ്റ്റഡിയിലെടുക്കാനുമായി.

മത്സ്യത്തൊഴിലാളികളെ വെടിവച്ച തോക്ക് ശാസ്ത്രീയപരിശോധനയിലൂടെ കണ്ടെത്തി തൊണ്ടിമുതലായി കസ്റ്റഡിയിലെടുക്കാനും അജിത്തിനായി. പ്രതികൾക്കു ജാമ്യം ലഭിക്കാതിരിക്കാൻ 90 ദിവസത്തിനകം കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. രാജ്യാന്തര ട്രൈബ്യൂണൽ വിധിയുടെ അടിസ്ഥാനത്തിൽ‍ നഷ്ടപരിഹാരമായി ഇറ്റലി 10കോടി രൂപ കോടതിയിൽ കെട്ടിവച്ചതോടെയാണു സുപ്രീംകോടതി കേസ് അവസാനിപ്പിച്ചത്. കൊല്ലം എസ്.പിയായിരിക്കെ പിടികിട്ടാപ്പുള്ളികളെയെല്ലാം അറസ്റ്റ് ചെയ്ത് റെക്കാർഡിട്ടു. രാഷ്ട്രീയക്കാർക്കെതിരെയും മുഖംനോക്കാതെ നടപടിയെടുത്തു. കൊല്ലം ഹൈസ്‌കൂൾ ജങ്ഷനിൽ സിഗ്നൽ നൽകാതെ റോഡിൽ കുടുക്കി ആക്ഷേപിച്ചെന്ന് അജിത്തിനെതിരെ ജില്ലാ കളക്ടർ ഡി.ജി.പിക്കും മുഖ്യമന്ത്രിക്കും പരാതി നൽകി. എന്നാൽ കളക്ടറാണ് കു​റ്റക്കാരനെന്നായിരുന്നു എസ്.പി.യുടെ റിപ്പോർട്ട്. തിരുവനന്തപുരം കമ്മിഷണർ, തൃശൂർ റേഞ്ച് ഐ.ജി, ഉത്തരമേഖലാ ഐ.ജി എന്നീ പദവികളിലും പ്രവർത്തിച്ചിട്ടുണ്ട്.

സേനയിലും കൂട്ടക്കുഴപ്പം

ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പിയായി അജിത് എത്തിയതോടെ സേനയിൽ ചേരിതിരിവായിരുന്നു. പൊലീസ് മേധാവി ഷേഖ് ദർവേഷ് സാഹിബിനെ നോക്കുകുത്തിയാക്കി സ്വന്തമായി അജിത് തീരുമാനങ്ങളെടുത്തു. അജിത്തിനെതിരേ ഡിജിപി പലവഴിക്ക് പരാതിയുമായി എത്തിയെങ്കിലും മുഖ്യമന്ത്രിയുടെ അടുപ്പക്കാരനെന്ന ലേബൽ തുണച്ചു.

വയനാട് ഉരുൾപൊട്ടൽ മേഖലയിലേക്കു മറ്റ് ഓഫിസർമാരെ വിട്ട ഡിജിപിയുടെ നടപടി തിരുത്തി മുഖ്യമന്ത്രി അവിടേക്ക് അജിത്കുമാറിനെ നിയോഗിച്ചു. പ്രധാനമന്ത്രി ദുരന്തസ്ഥലം കാണാനെത്തിയപ്പോൾ ചീഫ് സെക്രട്ടറിയോ ഡിജിപിയോ ആയിരുന്നില്ല, അജിത്കുമാറായിരുന്നു കാര്യങ്ങൾ വിശദീകരിച്ചത്. ഒഴുക്കോടെ ഹിന്ദി സംസാരിക്കുമെന്നായിരുന്നു ഇതിന് ന്യായീകരണം.

എലത്തൂർ ട്രെയിൻ തീവയ്പു കേസുമായി ബന്ധപ്പെട്ട് രഹസ്യം ചോർന്നുവെന്ന പേരിൽ ഐ.ജി പി.വിജയനെ സസ്പെൻഡ് ചെയ്തതിനു പിന്നിൽ അജിത്കുമാറിന്റെ റിപ്പോർട്ടായിരുന്നു. ഇതിൽ പൊലീസിനുള്ളിൽ പ്രതിഷേധമുയർന്നിട്ടും അജിത്കുമാറിനൊപ്പമാണ് സർക്കാർ നിന്നത്. അജിത്കുമാറിന്റെ നേരിട്ടുള്ള നിയന്ത്രണത്തിൽ ഇന്റലിജൻസ് നോഡൽ ഓഫിസർമാരെ നിയമിച്ചതും വിവാദമായി.