ബെയ്റൂട്ട്: ഇസ്രായേലും ഹിസ്ബുള്ളയും തമ്മിൽ പുതിയ വെടിനിർത്തൽ കരാർ പ്രാബല്യത്തിൽ വന്ന് മണിക്കൂറുകൾക്കകം തെക്കൻ ലെബനനിൽ ഇസ്രായേലിന്റെ വ്യോമാക്രമണം. ശനിയാഴ്ച പുലർച്ചെയുണ്ടായ വ്യോമ-ഡ്രോൺ ആക്രമണങ്ങളിൽ അഞ്ച് പേർ കൊല്ലപ്പെട്ടതായി ലെബനൻ ഔദ്യോഗിക വാർത്താ ഏജൻസിയായ എൻഎൻഎ റിപ്പോർട്ട് ചെയ്തു. ഇതോടെ മേഖലയിൽ പ്രഖ്യാപിച്ച താൽക്കാലിക വെടിനിർത്തൽ കരാർ വീണ്ടും ലംഘിക്കപ്പെട്ടു. വെള്ളിയാഴ്ച പ്രാദേശിക സമയം വൈകുന്നേരം 4 മണിയോടെയാണ് യു.എസും ഖത്തറും മധ്യസ്ഥത വഹിച്ച വെടിനിർത്തൽ കരാർ നിലവിൽ വന്നത്. എന്നാൽ, ഏതാനും മണിക്കൂറുകൾക്കകം തന്നെ തെക്കൻ ലെബനനിലെ നബാതിയ മേഖലയിൽ ഇസ്രായേൽ യുദ്ധവിമാനങ്ങളും ഡ്രോണുകളും വീണ്ടും ആക്രമണം അഴിച്ചുവിടുകയായിരുന്നു.
അറബ്‌സലിം നഗരത്തിലുണ്ടായ വ്യോമാക്രമണത്തിലാണ് അഞ്ച് പേർ കൊല്ലപ്പെട്ടത്. മേഖലയിലെ നിരവധി ജനവാസ കേന്ദ്രങ്ങൾക്കും വീടുകൾക്കും നേരെ ഇസ്രായേൽ ബോംബാക്രമണം നടത്തിയതായും പുലർച്ചെ മുതൽ നബാതിയയിലും പരിസര പ്രദേശങ്ങളിലും ശക്തമായ ഷെല്ലാക്രമണം തുടരുന്നതായും ലെബനൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. വെടിനിർത്തൽ പ്രഖ്യാപനത്തിന് തൊട്ടുമുമ്പ് തെക്കൻ ലെബനനിൽ ഹിസ്ബുള്ള നടത്തിയ ആക്രമണത്തിൽ നാല് ഇസ്രായേൽ സൈനികർ കൊല്ലപ്പെട്ടിരുന്നു. ഇതിന് പിന്നാലെ ഇസ്രായേൽ നടത്തിയ പ്രത്യാക്രമണങ്ങളിൽ 47-ലധികം ലെബനൻ പൗരന്മാർ കൊല്ലപ്പെടുകയും നൂറിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഈ പോര് മൂർച്ഛിക്കുന്നതിനിടെയാണ് യുഎസ് – ഖത്തർ ഇടപെടലിൽ വെടിനിർത്തൽ പ്രഖ്യാപിച്ചത്. അതേസമയം ഇപ്പോഴുണ്ടായ വെടിനിർത്തൽ ലംഘനത്തെക്കുറിച്ച് ഇസ്രായേൽ സൈന്യമോ ഹിസ്ബുള്ളയോ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. യു.എസും ഇറാനും തമ്മിലുള്ള പശ്ചിമേഷ്യൻ സമാധാന ചർച്ചകളെപ്പോലും ബാധിക്കുന്ന രീതിയിലാണ് ഈ ഏറ്റുമുട്ടൽ മുന്നോട്ടുപോകുന്നത്.



