അൾജീരിയയ്ക്കെതിരായ ലോകകപ്പ് മത്സരത്തിലെ ആദ്യ ഗോളിന് ശേഷം ലയണൽ മെസി കരഞ്ഞ ദൃശ്യം സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയായിരുന്നു. മുൻപ് പലപ്പോഴും മെസ്സി മൈതാനത്ത് കരഞ്ഞിട്ടുണ്ട്. 2024 ൽ കൊളംബിയയുമായുള്ള കോപ്പ അമേരിക്ക ഫൈനലിൽ പരിക്കേറ്റതിനെ തുടർന്ന് മൈതാനം വിട്ടതിന് ശേഷം ഡഗ് ഔട്ടിലിരുന്ന് കരയുന്ന വീഡിയോ ഏതൊരു ഫുട്ബോൾ ആരാധകരെയും വേദനിപ്പിക്കുന്നതായിരുന്നു.
അതിനും മുൻപ് 2016 ൽ കോപ്പ അമേരിക്ക ഫൈനലിൽ ചിലിയുമായുള്ള തോൽവിക്ക് ശേഷം, പിന്നെ 2018 ൽ ബൊളീവിയയെ തോൽപ്പിച്ച് കോപ്പ അമേരിക്ക നേടിയപ്പോൾ, ബാഴ്സലോണ വിടുന്നതിന് മുൻപുള്ള വിടവാങ്ങൽ പ്രസംഗത്തിൽ… അങ്ങനെ മെസ്സി വിതുമ്പുന്ന നിരവധി നിമിഷങ്ങൾക്ക് ഫുട്ബാൾ ലോകം സാക്ഷിയായിട്ടുണ്ട്. എന്നാൽ കഴിഞ്ഞ ലോകകപ്പ് വിജയത്തിന് ശേഷം കളിക്കുന്ന ആദ്യ ലോകകപ്പ് മത്സരത്തിൽ ഗോളിന് ശേഷം എന്തിനായിരിക്കും മെസ്സി കരഞ്ഞിട്ടുണ്ടാവുക എന്നാണ് മത്സരം തത്സമയം കണ്ട എല്ലാവരും ചിന്തിച്ചത്.
എന്നാൽ കുറച്ച് ദിവസങ്ങളായി ജീവിതത്തിലെ വിഷമ ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നതെന്നും, ഫുട്ബോളുമായി ഇതിന് ബന്ധമില്ലെന്നും മത്സര ശേഷം മെസ്സി വ്യക്തമാക്കിയിരുന്നു. ഇപ്പോഴിതാ അദ്ദേഹം കരഞ്ഞതിന്റെ പിന്നിലെ കാരണം വ്യക്തമാക്കിയിരിക്കുകയാണ് മെസ്സിയുടെ കുടുംബം. മെസിയുടെ പിതാവ് ഹോർഹെ മെസിയുടെ ആരോഗ്യാവസ്ഥയുമായി ബന്ധപ്പെട്ടാണ് മെസി കരഞ്ഞതെന്നാണ് കുടുംബം വ്യക്തമാക്കിയിരിക്കുന്നത്. ഹോർഹെ മെസി നിലവിൽ വിദഗ്ധ ചികിത്സയിലാണെന്നും, അദ്ദേഹത്തിന്റെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്നും അനുകൂലമായ രീതിയിലാണ് അദ്ദേഹം സുഖം പ്രാപിച്ചുവരുന്നതെന്നും കുടുംബം വ്യക്തമാക്കിയതായി ദി ഗാർഡിയൻ റിപ്പോർട്ട് ചെയ്യുന്നു.



