ടെല്‍ അവീവ്: തെക്കന്‍ ലെബനനില്‍ തങ്ങള്‍ പിടിച്ചടക്കിയ സ്ഥലങ്ങളുടെ പുതിയ മാപ്പ് പുറത്തുവിട്ട് ഇസ്രായേല്‍ സൈന്യം. ഈ ഘട്ടത്തില്‍ ലെബനന്‍ അതിര്‍ത്തിയില്‍ നിന്ന് പിന്‍മാറില്ലെന്നും ഇസ്രായേല്‍ സൈന്യം വ്യക്തമാക്കി.
ഇസ്രായേല്‍ ലെബനനില്‍നിന്ന് പിന്‍വാങ്ങണമെന്ന് ഇറാനും അമേരിക്കയും തമ്മിലുള്ള സമാധാന കരാറിന്റെ കരട് രേഖ നിഷ്‌കര്‍ഷിക്കുന്നുണ്ട്. ഇസ്രായേല്‍ യുദ്ധം അവസാനിപ്പിക്കണമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പല വട്ടം ആവര്‍ത്തിച്ചിരുന്നു. ലെബനന്‍ ഇസ്രായേലില്‍നിന്ന് പിന്‍മാറാതെ കരാര്‍ സാധ്യമാകില്ല എന്നാണ് ഇറാന്റെ നിലപാട്. അതിനിടയിലാണ്, ഇസ്രായേല്‍ സൈന്യം മുന്‍നിലപാട് ആവര്‍ത്തിച്ചത്.
ഇസ്രായേല്‍ അതിര്‍ത്തിയില്‍ നിന്ന് ലെബനന്‍ അതിര്‍ത്തിക്കുള്ളിലേക്ക് 10 കിലോമീറ്റര്‍ വരെ തങ്ങളുടെ കൈയിലാണെന്നാണ് ഇസ്രായേല്‍ പുറത്തിറക്കിയ പുതിയ ഭൂപടം വ്യക്തമാക്കുന്നത്. കഴിഞ്ഞ ഏപ്രിലില്‍ പുറത്തുവിട്ട ഭൂപടത്തില്‍നിന്നും വ്യത്യസ്തമാണ് പുതിയ മാപ്പ്. ഇസ്രായേല്‍ സൈന്യം ലെബനന്റെ കൂടുതല്‍ ഉള്ളിലേക്ക് അധിനിവേശം നടത്തിയെന്നാണ് മാപ്പ് വ്യക്തമാക്കുന്നത്. പ്രമുഖ ലെബനീസ് നഗരമായ നബാത്തിയയുടെ പ്രാന്തപ്രദേശങ്ങള്‍ വരെ ഇസ്രായേല്‍ സൈന്യത്തിന്റെ നിയന്ത്രണത്തിലായതായാണ് ഈ മാപ്പ് വ്യക്തമാക്കുന്നത്.



