ലെബനോണിലേക്ക് ഇനി ഇസ്രയേല്‍ ആക്രമണം നടത്തരുതെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഹിസ്ബുല്ലയും ഇസ്രയേലിലേക്ക് ആക്രമണം നടത്തരുതെന്ന് ട്രംപ് പറഞ്ഞു. ട്രൂത്ത് സോഷ്യലിലൂടെയാണ് പ്രതികരണം.

ബെയ്‌റൂത്തിലേക്ക് ഇന്ന് ഇസ്രയേല്‍ നടത്തിയ ആക്രമണം പാടില്ലായിരുന്നുവെന്നും ട്രംപ് പറയുന്നു. ഇറാനുമായുള്ള സമാധാന കരാറിന് അടുത്തു നില്‍ക്കവേ ആക്രമണം പാടില്ലായിരുന്നുവെന്നാണ് ട്രംപിന്റെ പക്ഷം. സുപ്രധാന സമാധാന പ്രക്രിയയെ ആക്രമണങ്ങളിലൂടെ തടസപ്പെടുത്തരുതെന്നും ട്രംപ് ട്രൂത്ത് സോഷ്യലില്‍ കുറിച്ചു.

അതേസമയം, ഇറാനുമായുള്ള സമാധാന കരാര്‍ ഇന്ന് ഒപ്പുവയ്ക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ട്രൂത്ത് സോഷ്യലിലൂടെ
വ്യക്തമാക്കിയെങ്കിലും കരാറില്‍ അവ്യക്തത തുടരുകയാണ്. കരാര്‍ ഒപ്പിട്ടാല്‍ ഉടന്‍ ഹോര്‍മുസ് കടലിടുക്ക് തുറക്കുമെന്നും ട്രംപ് വ്യക്തമാക്കിയിട്ടുണ്ട്.
ഇറാന് ഒരു തരത്തിലും ആണവായുധം ലഭിക്കില്ലെന്ന് കരാറിലൂടെ ഉറപ്പാക്കും. ഇറാന്റെ സമ്പുഷ്ടീകരിച്ച യുറേനിയം അമേരിക്ക കൈവശപ്പെടുത്തി ഉചിതമായ സമയത്ത് നശിപ്പിക്കും. കരാറില്‍ ഒപ്പുവെച്ചില്ലെങ്കില്‍ അന്തിമമായ ബദല്‍ മാര്‍ഗം തേടുമെന്നും ട്രംപ് വ്യക്തമാക്കി.

ഒബാമയുടെ കാലത്ത് ഉണ്ടാക്കിയ ദുര്‍ബലമായ കരാറല്ല ഇറാനുമായി ഉണ്ടാക്കുന്നതെന്നും ട്രംപ് പറയുന്നു. എന്നാല്‍, കരാറിന്റെ ചട്ടക്കൂട് അന്തിമമായിട്ടില്ലെന്നും, ഇന്ന് കരാര്‍ ഒപ്പിടില്ലെന്നും ഇസ്ലാമിക് റവല്യൂഷണറി ഗാര്‍ഡ് വ്യക്തമാക്കി. വരും ദിവസങ്ങളില്‍ കരാര്‍ യാഥാര്‍ത്ഥ്യമായേക്കുമെന്നും ഇറാന്‍ വിദേശകാര്യ വക്താവ് ഇസ്മയില്‍ ബഗായ് നേരത്തെ വ്യക്തമാക്കിയിരുന്നു . ഇടക്കാല കരാര്‍ ആദ്യഘട്ടം മാത്രമാണെന്നും അത് പാലിക്കപ്പെടുന്നതിന് അനുസരിച്ചാകും ആണവ ചര്‍ച്ചകളെന്നും ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരഗ്ചി. കരാര്‍ വെര്‍ച്വലായി ഒപ്പിടാന്‍ സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. കരാര്‍ ഇലക്ട്രോണിക് മാര്‍ഗത്തിലൂടെയാകും ഒപ്പിടുകയെന്ന് പാക് പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ് വ്യക്തമാക്കി ആഗോള സമ്പദ്‌വ്യവസ്ഥയെ പിടിച്ചുലച്ച യുദ്ധം അവസാനിപ്പിക്കാന്‍, വഴി തെളിയുന്നു എന്നത് പശ്ചിമേഷ്യയില്‍ സമാധാനപ്രതീക്ഷകള്‍ നല്‍കുന്നതാണ്.