ആര്‍എസ്എസ് സര്‍സംഘചാലക് മോഹന്‍ ഭാഗവത് പങ്കെടുത്ത പരിപാടിയില്‍ കേരളത്തിലെ മൂന്ന് വൈസ് ചാന്‍സലര്‍മാര്‍ പങ്കെടുത്ത സംഭവത്തില്‍ മുഖ്യമന്ത്രി വി ഡി സതീശന് വിമര്‍ശനവുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. വി.ഡി. സതീശന്റെ നിലപാട് കടുത്ത രാഷ്ട്രീയ കാപട്യത്തിന്റെ ഉദാഹരണമാണെന്ന് അദ്ദേഹം പറഞ്ഞു.

മതനിരപേക്ഷതയെക്കുറിച്ച് വൈസ് ചാന്‍സലര്‍മാരെ ഉപദേശിക്കാന്‍ ഇറങ്ങുന്ന മുഖ്യമന്ത്രി, തന്റെ സര്‍ക്കാര്‍ അധികാരത്തിലെത്തിയത് ജമാഅത്തെ ഇസ്ലാമിയുടെയും എസ്ഡിപിഐയുടെയും പിന്തുണയോടെയാണെന്ന യാഥാര്‍ത്ഥ്യം സൗകര്യപൂര്‍വ്വം മറക്കുകയാണെന്ന് രാജീവ് ചന്ദ്രശേഖര്‍ വിമര്‍ശിച്ചു. ഇന്ത്യയെ ഒരു മതരാഷ്ട്രമാക്കി മാറ്റണമെന്ന് പരസ്യമായി ആവശ്യപ്പെടുകയും ഭരണഘടനാ മൂല്യങ്ങള്‍ക്ക് വെല്ലുവിളി ഉയര്‍ത്തുകയും ചെയ്യുന്ന ശക്തികളുമായി രാഷ്ട്രീയ സഹവര്‍ത്തിത്വം പുലര്‍ത്തുന്നവര്‍ക്ക് മതനിരപേക്ഷതയെക്കുറിച്ച് സംസാരിക്കാന്‍ എന്ത് ധാര്‍മ്മിക അവകാശമാണുള്ളതെന്ന് അദ്ദേഹം ചോദിച്ചു. ആര്‍എസ്എസ് പോലുള്ള പ്രസ്ഥാനത്തെ ആക്രമിക്കുന്ന മുഖ്യമന്ത്രി, മറുവശത്ത് മതത്തിന്റെ പേരില്‍ രാഷ്ട്രീയം പറയുന്നവരുമായി അധികാരം പങ്കിടുകയാണ്. ‘മതം, മതം, മതം തന്നെയാണ് ഞങ്ങള്‍ക്ക് പ്രധാനം’ എന്ന് പരസ്യമായി പ്രഖ്യാപിക്കുന്ന മന്ത്രിമാര്‍ ഉള്‍പ്പെട്ട മന്ത്രിസഭയുടെ നേതാവാണ് ഇന്ന് മതനിരപേക്ഷതയുടെ വക്താവായി മാറാന്‍ ശ്രമിക്കുന്നത് എന്നത് കേരളം കാണുന്നുണ്ട് – രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.

കേരളത്തിലെ സര്‍വകലാശാലകള്‍ രാഷ്ട്രീയ നിയന്ത്രണത്തില്‍ നിന്ന് മാറി പ്രവര്‍ത്തിക്കേണ്ട സ്ഥാപനങ്ങളാണ്. വിവിധ ആശയധാരകളുമായി സംവദിക്കാനും ദേശീയ വിഷയങ്ങളില്‍ ചര്‍ച്ചകളില്‍ പങ്കെടുക്കാനും അക്കാദമിക് സമൂഹത്തിന് അവകാശമുണ്ട്. എന്നാല്‍ ഒരു ദേശീയ പ്രസ്ഥാനവുമായി വേദി പങ്കിട്ടു എന്ന കാരണത്താല്‍ വൈസ് ചാന്‍സലര്‍മാരെ വിചാരണ ചെയ്യാന്‍ ശ്രമിക്കുന്നത് ജനാധിപത്യ ബോധമല്ല, രാഷ്ട്രീയ അസഹിഷ്ണുത മാത്രമാണ് – അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ശബരിമലയിലെ സ്വര്‍ണ്ണപ്പാളി മോഷണം ഉള്‍പ്പെടെ സംസ്ഥാന സര്‍ക്കാരിനെ പ്രതിരോധത്തിലാക്കുന്ന നിരവധി ഗുരുതര വിഷയങ്ങളില്‍ നിന്ന് ജനശ്രദ്ധ തിരിച്ചുവിടാനാണ് ആര്‍എസ്എസിനെയും വൈസ് ചാന്‍സലര്‍മാരെയും ചുറ്റിപ്പറ്റി അനാവശ്യ വിവാദങ്ങള്‍ സൃഷ്ടിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. സര്‍ക്കാരിന്റെ വീഴ്ചകളും ജനങ്ങള്‍ ഉന്നയിക്കുന്ന ചോദ്യങ്ങളും മറച്ചുവയ്ക്കാനുള്ള രാഷ്ട്രീയ നാടകമായാണ് ഇതിനെ കേരളം കാണുന്നത്.
കോണ്‍ഗ്രസും സിപിഎമ്മും പ്രീണന രാഷ്ട്രീയം എന്ന ഘട്ടം പിന്നിട്ട് കേരളത്തില്‍ തീവ്രവാദ ആശയധാരകളെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്ന അപകടകരമായ നിലപാടിലേക്കാണ് നീങ്ങുന്നത്. ഭരണഘടനയെ ദുര്‍ബലപ്പെടുത്താന്‍ ശ്രമിക്കുന്ന ശക്തികളുമായി കൈകോര്‍ക്കുകയും അതേസമയം രാഷ്ട്രത്തിന് വേണ്ടി നിലകൊള്ളുന്ന പ്രസ്ഥാനങ്ങളെയും നേതാക്കളെയും ആക്രമിക്കുകയും ചെയ്യുന്ന ഇരട്ടത്താപ്പാണ് ഇരുകൂട്ടരും പിന്തുടരുന്നത് – അദ്ദേഹം ആരോപിച്ചു.

വോട്ടുബാങ്ക് രാഷ്ട്രീയത്തിന്റെയും പ്രീണന രാഷ്ട്രീയത്തിന്റെയും കാര്യത്തില്‍ കോണ്‍ഗ്രസും സിപിഐഎമ്മും രണ്ടല്ല, ഒന്നാണെന്ന് കേരള ജനത തിരിച്ചറിഞ്ഞുകഴിഞ്ഞുവെന്നും ‘രണ്ടല്ല, ഒന്നാണ്’ എന്ന യാഥാര്‍ത്ഥ്യം സമീപകാല തദ്ദേശ സ്വയംഭരണ സ്ഥാപന തിരഞ്ഞെടുപ്പുകളിലും നിയമസഭാ തിരഞ്ഞെടുപ്പിലും പ്രതിഫലിച്ചതാണെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി യാഥാര്‍ത്ഥ്യങ്ങള്‍ നിഷേധിക്കാന്‍ ശ്രമിച്ചാലും മലയാളികള്‍ ഇന്ന് തങ്ങളുടെ ദേശീയബോധം തുറന്നു പ്രകടിപ്പിക്കാന്‍ മടിക്കുന്നില്ല. രാജ്യത്തെ ആദ്യം കാണുന്ന നേതൃത്വത്തിനും ദേശീയ താല്‍പര്യങ്ങള്‍ക്കും ഒപ്പമാണ് കേരളത്തിലെ പുതുതലമുറ നിലകൊള്ളുന്നത്. കേരളത്തിന്റെ രാഷ്ട്രീയ ചിന്തയില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന ഈ മാറ്റം തുടക്കമാണെന്നും വരും ദിവസങ്ങളില്‍ അത് കൂടുതല്‍ ശക്തമായി പ്രതിഫലിക്കും – രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു