ലോകത്തെ ഏറ്റവും വലിയ ഐപിഒ റെക്കോര്‍ഡുകള്‍ തിരുത്തിക്കുറിച്ചു കൊണ്ട് ഇലോണ്‍ മസ്‌കിന്റെ ബഹിരാകാശ ഗവേഷണ കമ്പനിയായ ‘സ്‌പേസ് എക്‌സ്’ ഓഹരി വിപണിയില്‍ ചരിത്രപരമായ അരങ്ങേറ്റം കുറിച്ചു. നാസ്ഡാക് എക്‌സ്‌ചേഞ്ചില്‍ ലിസ്റ്റ് ചെയ്ത ആദ്യദിനം തന്നെ കമ്പനിയുടെ ഓഹരി വില 19 ശതമാനത്തിലധികം കുതിച്ചുയര്‍ന്നു. ഇതോടെ സ്‌പേസ് എക്‌സിന്റെ ആകെ വിപണി മൂല്യം 2.1 ട്രില്യണ്‍ ഡോളര്‍ പിന്നിട്ടു.

ഈ വന്‍ മുന്നേറ്റത്തോടെ കമ്പനിയുടെ മുഖ്യ ഓഹരി പങ്കാളിയായ ഇലോണ്‍ മസ്‌ക്, 1 ട്രില്യണ്‍ ഡോളര്‍ ആസ്തിയുള്ള ലോകത്തിലെ ആദ്യത്തെ ‘ട്രിഷനെയര്‍’ (Trillionaire) എന്ന പദവി സ്വന്തമാക്കി. 75 ബില്യണ്‍ ഡോളര്‍ സമാഹരിക്കുക എന്ന ലക്ഷ്യത്തോടെയാണ് സ്‌പേസ് എക്‌സ് പൊതുവിപണിയിലേക്ക് എത്തിയത്. വെള്ളിയാഴ്ച വ്യാപാരം ആരംഭിച്ച ഉടന്‍ തന്നെ നിക്ഷേപകര്‍ ഓഹരികള്‍ക്കായി ഇരച്ചുകയറുകയായിരുന്നു. ആദ്യദിനം വ്യാപാരം അവസാനിക്കുമ്പോള്‍ സ്‌പേസ് എക്‌സ് ഓഹരി ഒന്നിന് 160.95 ഡോളര്‍ എന്ന നിരക്കിലാണ് ക്ലോസ് ചെയ്തത്. ഒരു ദിവസം കൊണ്ട് 84 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള 510 മില്യണിലധികം ഓഹരികളാണ് വിപണിയില്‍ കൈമാറ്റം ചെയ്യപ്പെട്ടത്.

നിലവില്‍ അമേരിക്കയില്‍ വിപണി മൂല്യത്തില്‍ ആറാം സ്ഥാനത്തുള്ള വമ്പന്‍ കമ്പനിയായി സ്‌പേസ് എക്‌സ് മാറി. പ്രമുഖ ചിപ്പ് നിര്‍മാതാക്കളായ ബ്രോഡ്‌കോമിനെ മറികടന്ന കമ്പനി, തൊട്ടുമുകളിലുള്ള ആമസോണിന്റെ (2.6 ട്രില്യണ്‍ ഡോളര്‍) തൊട്ടരികിലെത്തി. കഴിഞ്ഞ സാമ്പത്തിക വര്‍ഷങ്ങളില്‍ സ്‌പേസ് എക്‌സ് സാമ്പത്തികമായി ലാഭത്തിലല്ലായിരുന്നു എങ്കിലും നിക്ഷേപകര്‍ക്ക് ഇലോണ്‍ മസ്‌കിന്റെ ബിസിനസ് സാമ്രാജ്യത്തിലുള്ള വിശ്വാസമാണ് ഈ കുതിപ്പിന് പിന്നില്‍. റോക്കറ്റുകള്‍, സ്റ്റാര്‍ലിങ്ക് സാറ്റലൈറ്റുകള്‍, നിര്‍മ്മിത ബുദ്ധി എന്നിവ സമന്വയിപ്പിച്ചുള്ള സ്‌പേസ് എക്‌സിന്റെ ഭാവി സാധ്യതകളിലാണ് വന്‍കിട സ്ഥാപനങ്ങളും ചെറുകിട നിക്ഷേപകരും പണം ഇറക്കിയത്. ചരിത്രത്തിലാദ്യമായി ചെറുകിട നിക്ഷേപകര്‍ക്കായി 20 ശതമാനത്തോളം ഓഹരികളാണ് ഐപിഒയില്‍ നീക്കിവെച്ചിരുന്നത്.

വ്യവസായ വിപ്ലവ കാലത്ത് റെയില്‍വേ മേഖലയില്‍ നിക്ഷേപം നടത്തിയതുപോലെയുള്ള ഒരു സുവര്‍ണ്ണാവസരമായാണ് നിക്ഷേപകര്‍ സ്‌പേസ് എക്‌സിനെ കാണുന്നതെന്ന് പ്രമുഖ ധനകാര്യ വിദഗ്ധര്‍ വിലയിരുത്തുന്നു. 2012 ല്‍ ഫേസ്ബുക്കിന്റെ ലിസ്റ്റിംഗ് സമയത്തുണ്ടായ സാങ്കേതിക തടസ്സങ്ങളൊന്നും കൂടാതെ വളരെ സുഗമമായാണ് നാസ്ഡാക് സ്‌പേസ് എക്‌സിന്റെ വ്യാപാരം കൈകാര്യം ചെയ്തത്. സ്‌പേസ് എക്‌സിന്റെ ഈ വന്‍ വിജയം വരും ദിവസങ്ങളില്‍ വിപണിയിലേക്ക് വരാനിരിക്കുന്ന ആന്ത്രോപിക്, ഓപ്പണ്‍എഐ തുടങ്ങിയ പ്രമുഖ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് കമ്പനികളുടെ മെഗാ ലിസ്റ്റിംഗുകള്‍ക്ക് ആവേശം പകരും.

ന്യൂയോര്‍ക്കിലെ ടൈംസ് സ്‌ക്വയറിലുള്ള നാസ്ഡാക് ആസ്ഥാനത്ത് സ്‌പേസ് എക്‌സ് പ്രസിഡന്റ് ഗ്വിന്‍ ഷോട്വെല്‍, സിഎഫ്ഒ ബ്രെറ്റ് ജോണ്‍സണ്‍ എന്നിവര്‍ ചേര്‍ന്ന് മണി മുഴക്കിയാണ് വ്യാപാരത്തിന് തുടക്കം കുറിച്ചത്. ഇതേസമയം ടെക്‌സാസിലെ സ്റ്റാര്‍ബേസ് ഫെസിലിറ്റിയില്‍ ഇലോണ്‍ മസ്‌കിന്റെ നേതൃത്വത്തില്‍ ജീവനക്കാര്‍ക്കായി പ്രത്യേക ആഘോഷങ്ങളും സംഘടിപ്പിച്ചിരുന്നു.