കൊച്ചി: യൂട്യൂബർ തൊപ്പിക്കും ഗ്യാങ്ങിനുമെതിരെ അന്വേഷണത്തിന് കൊച്ചി സൈബർ പൊലീസ്. സംസ്ഥാന സൈബർ ഓപ്പറേഷനിൽ നിന്ന് കൊച്ചി പൊലീസിനു നിർദേശം ലഭിച്ചു. തൊപ്പിഗ്യാങ്ങിനെതിരെ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. പോക്സോ, ലഹരി മരുന്ന് ഉപയോഗം,അശ്ലീല പ്രചരണം തുടങ്ങി വിവിധ കുറ്റകൃത്യങ്ങളിലാണ് അന്വേഷണം.തൊപ്പി എന്ന് വിളിക്കുന്ന നിഹാദിനും സംഘത്തിനുമെതിരെ അഡ്വ ശ്രീജിത്ത്‌ പെരുമനയാണ് പരാതി നൽകിയത്.സമൂഹമാധ്യമങ്ങളിലും തൊപ്പിക്കെതിരെ പരാതികൾ ഉയർന്നിരുന്നു.

പൊതുവേദികളിലും സമൂഹമാധ്യമങ്ങളിലും പരസ്യമായി അശ്ലീല പ്രദർശനം നടത്തുന്നതും, സ്ത്രീവിരുദ്ധ പരാമർശങ്ങൾ നടത്തുന്നതും, ക്രിമിനൽ കുറ്റങ്ങൾ വലിയ കാര്യമായി വിളിച്ചുപറയുന്നതും യാതൊരു കാരണവശാലും അംഗീകരിക്കാൻ കഴിയില്ലെന്ന് ശ്രീജിത്ത് പെരുമന വ്യക്തമാക്കി. പുതിയ തലമുറയുടെയും കുട്ടികളുടെയും ഭാവിയെ പൂർണ്ണമായും തകർക്കുന്ന രീതിയിലാണ് ഇവരുടെ പ്രവർത്തനങ്ങളെന്നും, സമൂഹത്തിന് തെറ്റായ സന്ദേശം നൽകുന്ന ഇത്തരം ക്രിമിനലുകൾക്കെതിരെ മാതൃകാപരമായ രീതിയിലുള്ള ശക്തമായ നിയമനടപടികൾ തന്നെ ഉണ്ടാകണമെന്നും അഡ്വ ശ്രീജിത്ത്‌ പെരുമന പരാതിയിൽ ആവശ്യപ്പെട്ടിരുന്നു.

മുൻ സുഹൃത്തുക്കൾ തന്നെയാണ് തൊപ്പിക്കെതിരെ മയക്കുമരുന്ന് ഉപയോഗം, പണം തട്ടിയെടുക്കൽ, ഭീഷണിപ്പെടുത്തൽ തുടങ്ങിയ ഗുരുതര ആരോപണങ്ങൾ ഉയർത്തിയത്. ഗായകൻ ഹനാൻ ഷായുടെ കുടുംബത്തെ അപകീർത്തിപ്പെടുത്തിയെന്ന പരാതിയും ഇവർക്കെതിരെയുണ്ട്. ഗ്യാങ്ങിൽ വിള്ളൽ വീണതിന് പിന്നാലെയായിരുന്നു നിഹാദും സുഹൃത്തും സാമൂഹ്യ മാധ്യമങ്ങളിൽ ഗുരുതര ആരോപണവുമായി രംഗത്തെത്തിയത്. ഇതിന് പിന്നാലെയാണ് അഡ്വ ശ്രീജിത്ത് പെരുമന പരാതി നൽകിയത്.