മുൻപ് നടന്ന ‘വോട്ട് ചോരി’ക്കും ‘സർക്കാർ ചോരി’ക്കും പിന്നാലെ ബിജെപി ഇപ്പോള്‍ രാജ്യസഭാ തിരഞ്ഞെടുപ്പില്‍ ‘സീറ്റ് ചോരി’ നടത്തുകയാണെന്ന് രാഹുല്‍ ഗാന്ധി ആരോപിച്ചു. മധ്യപ്രദേശിലെ കോണ്‍ഗ്രസിന്റെ രാജ്യസഭാ സ്ഥാനാർത്ഥി മീനാക്ഷി നടരാജന്റെ നാമനിർദ്ദേശ പത്രിക ഇലക്ഷൻ കമ്മീഷൻ തള്ളിയതിന് പിന്നാലെയാണ് രാഹുലിന്റെ ഈ കടുത്ത പ്രതികരണം. ബിജെപിയും ഇലക്ഷൻ കമ്മീഷനും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ട് മത്സരം തുടങ്ങുന്നതിന് മുൻപ് തന്നെ ഫലം നിശ്ചയിക്കുകയാണെന്ന് അദ്ദേഹം ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ കുറ്റപ്പെടുത്തി.
മീനാക്ഷി നടരാജൻ ആവശ്യമായ എല്ലാ രേഖകളും കൃത്യമായി സമർപ്പിച്ചിരുന്നതായും അവർക്കെതിരെ യാതൊരുവിധ കേസുകളും നിലവിലില്ലെന്നും രാഹുല്‍ ഗാന്ധി ചൂണ്ടിക്കാണിച്ചു. എന്നാല്‍ ബിജെപി ഉന്നയിച്ച തികച്ചും നിസ്സാരമായ ആക്ഷേപങ്ങളുടെ പുറത്താണ് ഇലക്ഷൻ കമ്മീഷൻ അവരുടെ പത്രിക റദ്ദാക്കിയത്. ഇതേസമയം ജാർഖണ്ഡില്‍ ബിജെപി പിന്തുണയോടെ മത്സരിക്കുന്ന സ്വതന്ത്ര സ്ഥാനാർത്ഥി പരിമള്‍ നത്വാനിയുടെ പത്രികയില്‍ സ്വന്തം പേര് പോലും തെറ്റായാണ് രേഖപ്പെടുത്തിയിരുന്നത്. നിരവധി നിർബന്ധിത വിവരങ്ങള്‍ അദ്ദേഹം മറച്ചുവെക്കുകയും ചെയ്തിരുന്നു.
എന്നാല്‍ പിഴവുകള്‍ തിരുത്താൻ ഇലക്ഷൻ കമ്മീഷൻ നത്വാനിക്ക് പ്രത്യേക സമയം അനുവദിച്ചു നല്‍കുകയാണ് ചെയ്തത്. ഒരേ ഇലക്ഷൻ കമ്മീഷൻ രണ്ട് സ്ഥാനാർത്ഥികളോട് രണ്ട് നീതിയാണ് നടപ്പാക്കുന്നത്. ഒരു സ്ഥാനാർത്ഥിയെ കേള്‍ക്കാൻ പോലും തയ്യാറാകാതെ അയോഗ്യയാക്കിയപ്പോള്‍, നിയമങ്ങള്‍ ലംഘിച്ച മറ്റൊരു സ്ഥാനാർത്ഥിക്ക് തെറ്റുകള്‍ തിരുത്താൻ അവസരം നല്കി പ്രതിഫലം നല്‍കിയെന്ന് രാഹുല്‍ ഗാന്ധി ആരോപിച്ചു.



