നവകേരളയാത്രയ്ക്കിടെ യൂത്ത് കോൺഗ്രസ് നേതാക്കളെ മർദ്ദിച്ച കേസിൽ ഗൺമാൻമാരുടെ ചോദ്യം ചെയ്യൽ പുരോഗമിക്കുന്നു. അടിച്ചത് മനഃപൂർവമല്ലന്ന് ഗൺമാൻ സന്ദീപിന്റെ മൊഴി നൽകി. വിഷയത്തിൽ ലോക്കൽ പോലീസ് കാര്യമായി ഇടപെട്ടില്ലെന്നും പൊലീസ് ഇടപെടാത്തതിനാലാണ് വാഹനത്തിൽ നിന്ന് ചാടി ഇറങ്ങേണ്ടി വന്നതെന്നും സന്ദീപ് മൊഴി നൽകി. ലാത്തി എവിടെ നിന്ന് സംഘടിപ്പിച്ചു എന്ന ചോദ്യത്തിന് ഉത്തരം നൽകിയില്ല.

നടപ്പാക്കിയത് ഔദ്യോഗിക കൃത്യനിർവഹണം മാത്രമാണെന്നും തടഞ്ഞില്ലായിരുന്നുവെങ്കിൽ പ്രതിഷേധക്കാർ മുഖ്യമന്ത്രിയുടെ വാഹനം ആക്രമിച്ചേനെയെന്നും സന്ദീപ് മൊഴി നൽകി. ലാത്തി കരുതിയത് വാഹനവ്യൂഹത്തിന് നേരെ ആക്രമണം ഉണ്ടായേക്കാവുന്ന ഇന്റലിജൻസ് വിവരത്തിന് ശേഷമാണെന്ന് സന്ദീപ് പറഞ്ഞു. ‌ഇന്ന് മുതൽ മൂന്ന് ദിവസമാണ് ചോദ്യം ചെയ്യൽ. രാവിലെ ഒമ്പതരയോടെ അഭിഭാഷകനൊപ്പമാണ് പ്രതികൾ ആലപ്പുഴയിലെ ക്രൈംബ്രാഞ്ച് ഓഫീസിലെത്തിയത്.

സംഭവത്തിന്റെ പേരിൽ വേട്ടയാടപെട്ടെന്ന് മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ ഗൺമാനായിരുന്ന അനിൽ കല്ലിയൂർ പ്രതികരിച്ചു. അഞ്ചു പേരെയും ഒറ്റയ്ക്കിരുത്തിയാണ് ആദ്യദിവസത്തെ ചോദ്യം ചെയ്യൽ. അന്വേഷണ വേളയിൽ നിരവധി കണ്ടെത്തലുകൾ ഉണ്ടായെങ്കിലും തെളിവുകളുടെ അഭാവം വെല്ലുവിളിയാണ്. ശാസ്ത്രീയ തെളിവുകൾ ശേഖരിക്കുകയാണ് ചോദ്യം ചെയ്യലിലൂടെ എസ്ഐടി ലക്ഷ്യം വയ്ക്കുന്നത്. മർദ്ദനത്തിന് പിന്നിൽ ഗൂഢാലോചന ഉണ്ടോ എന്നും കണ്ടെത്തണം. എസ് ഐ ടി തലവൻ എ പി ഷൗക്കത്തലിയുടെയും അന്വേഷണ ഉദ്യോഗസ്ഥൻ ബൈജു കെ പൗലോസിന്റെയും നേതൃത്വത്തിലാണ് ചോദ്യം ചെയ്യൽ.