കൊല്‍ക്കത്ത: തൃണമൂല്‍ കോണ്‍ഗ്രസില്‍ വീണ്ടും രാജി. രാജ്യസഭാ എംപി പ്രകാശ് ചിക് ബറൈക്ക് രാജിവെച്ചു. ഒരാഴ്ചയ്ക്കുള്ളില്‍ രാജിവെക്കുന്ന മൂന്നാമത്തെ രാജ്യസഭാ എംപിയാണ് പ്രകാശ്. നേരത്തെ സുഷ്മിത ദേബ്, സുഗേന്ദു ശേഖര്‍ റോയ് എന്നിവര്‍ രാജി വെച്ചിരുന്നു. ഇതോടെ രാജ്യസഭയില്‍ തൃണമൂല്‍ എംപിമാരുടെ എണ്ണം 13-ല്‍ നിന്ന് 10 ആയി കുറഞ്ഞു.

രാജ്യസഭാ ചെയർമാൻ സി പി രാധാകൃഷ്ണന് അയച്ച കത്തിലൂടെയാണ് പ്രകാശ് രാജി ആവശ്യം ഉന്നയിച്ചത്. “രാജ്യസഭാംഗത്വത്തിൽ നിന്ന് ഞാൻ രാജിവയ്ക്കുന്നു. ദയവായി എന്റെ രാജി ഉടനടി സ്വീകരിക്കുക,” അദ്ദേഹം കത്തിലെഴുതി. തന്റെ ഭരണകാലത്ത് നൽകിയ സഹായത്തിനും സഹകരണത്തിനും അദ്ദേഹം നന്ദി പറഞ്ഞു.”പാർലമെന്റ് അംഗമെന്ന നിലയിൽ എനിക്ക് നൽകിയ മുഴുവൻ പിന്തുണയ്ക്കും സഹകരണത്തിനും ബഹുമാനപ്പെട്ട ഡെപ്യൂട്ടി ചെയർമാനോടും രാജ്യസഭാ സെക്രട്ടേറിയറ്റിലെ എല്ലാ ഉദ്യോഗസ്ഥരോടും ഞാൻ ആത്മാർത്ഥമായ നന്ദി അറിയിക്കുന്നു,” കത്തിൽ കുറിച്ചു.

ടിഎംസി രാജ്യസഭാ എംപിമാരായ സുഖേന്ദു ശേഖർ റോയിയും സുസ്മിത ദേവും രാജിവച്ചതിന് തൊട്ടുപിന്നാലെയാണ് പ്രകാശിന്റെ രാജി. 

രാജിവെയ്ക്കുന്നവരുടെ എണ്ണം വർദ്ധിക്കുന്നതോടെ തൃണമൂൽ കോൺഗ്രസിനുള്ളിലെ രാഷ്ട്രീയ പ്രതിസന്ധി കൂടുതൽ രൂക്ഷമാവുകയാണ്. പശ്ചിമബം​ഗാൾ നിയമസഭയിലെ ഭൂരിപക്ഷം എംഎൽഎമാരും വിമതചേരിയിലേയ്ക്ക് പോയതിന് പിന്നാലെ ലോക്സഭാ എംപിമാരിൽ ഭൂരിപക്ഷവും വിമതപക്ഷത്തേയ്ക്ക് നീങ്ങുന്നുവെന്നാണ് റിപ്പോർട്ട്. തൃണമൂൽ കോൺ​ഗ്രസിൻ്റെ താരമുഖങ്ങളായ യൂസഫ് പത്താൻ, ശത്രുഘ്‌നൻ സിൻഹ, സയോണി ഘോഷ് തുടങ്ങിയ പ്രമുഖർ ഉൾപ്പെടെ 19 എംപിമാർ വിമത നീക്കത്തിനൊപ്പമാണെന്ന റിപ്പോർട്ടും ഇന്നലെ പുറത്തുവന്നിരുന്നു. ഇവരെല്ലാവരും വിമതപക്ഷത്താണ് എന്ന വ്യക്തമാക്കുന്ന രേഖകളിൽ ഒപ്പുവെച്ചതായും റിപ്പോർട്ടുണ്ട്.

തൃണമൂലിൻ്റെ മുതിർന്ന ലോക്സഭാ അം​ഗം കകോലി ഘോഷ് ദസ്തിദാറിന്റെ നേതൃത്വത്തിലുള്ള വിമതർ ലോക്സഭയിൽ ഒരു പ്രത്യേക ബ്ലോക്കായി ഇരിക്കുന്നത് സംബന്ധിച്ച് ലോക്‌സഭാ സ്പീക്കർ ഓം ബിർളയെ അറിയിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്. ലോക്‌സഭയിൽ ടിഎംസിയുടെ ചീഫ് വിപ്പായി കകോലി ഘോഷിനെ തന്നെ ആ ചുമതലയിൽ തുടരാൻ വിമത വിഭാ​ഗം സ്പീക്കറോട് ആവശ്യപ്പെട്ടേക്കുമെന്നാണ് വിവരം. ടിഎംസിയിൽ നിന്ന് ഉടൻ രാജിവയ്ക്കുകയോ ബിജെപിയിൽ ഔദ്യോഗികമായി ചേരുകയോ ചെയ്യരുതെന്നാണ് വിമത എംപിമാരുടെ തീരുമാനം എന്നാണ് റിപ്പോ‍ർട്ട്. കൂറുമാറ്റ നിരോധന നിയമപ്രകാരം അയോഗ്യത ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെ എൻഡിഎയ്ക്ക് പിന്തുണ നൽകിക്കൊണ്ട് ഒരു പ്രത്യേക ബ്ലോക്കായി പ്രവർത്തിക്കാനാണ് അവർ പദ്ധതിയിടുന്നതെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.