തിരുവനന്തപുരം: ഇന്നസെന്‍റിന്‍റെ നിര്യാണവേളയിൽ അന്നത്തെ മുഖ്യമന്ത്രി പിണറായി വിജയൻ അന്ത്യോപചാരം അർപ്പിക്കാൻ എത്തിയത് 55 വാഹനങ്ങളുടെയും 560 പൊലീസുകാരുടെയും അകമ്പടിയോടെ ആയിരുന്നു എന്ന ബിജെപി നേതാവ് മേജർ രവിയുടെ പ്രസ്താവന വസ്തുതാ വിരുദ്ധമെന്ന് പ്രതിപക്ഷ നേതാവിന്‍റെ ഓഫീസ് അറിയിച്ചു. ഇതു പോലെ ചില പ്രൊഫൈലുകളിൽ വ്യാജ വീഡിയോ നിർമ്മിച്ച് ഷെയർ ചെയ്തതായും ശ്രദ്ധയിൽ വന്നിട്ടുണ്ട്. ഇന്നസെന്‍റിന് അന്ത്യോപചാരം അർപ്പിക്കുന്ന യഥാർത്ഥ ദൃശ്യങ്ങൾ മാധ്യമങ്ങളിൽ വന്നിട്ടുള്ളതാണ്. അത് പരിശോധിച്ചാൽ ഈ അടിസ്ഥാന രഹിതമായ വ്യാജ നിർമ്മിതി ആർക്കും മനസ്സിലാവുന്നതേ ഉള്ളൂ. പക്ഷേ മേജർ രവിയെ പോലെ ഒരാൾ ഇത്തരം വില കുറഞ്ഞ പ്രചാരണം നടത്തുന്നത് അപലപനീയമാണ്. വസ്തുതാ വിരുദ്ധമായി നവമാധ്യമങ്ങളിൽ പ്രചരിക്കുന്ന ഇത്തരം പ്രവർത്തനങ്ങൾക്കെതിരെ ആവശ്യമായ നിയമ നടപടികൾ സ്വീകരിക്കുമെന്നും പിണറായി വിജയന്‍റെ ഓഫീസ് വ്യക്തമാക്കി.

മേജർ രവി പറഞ്ഞത്

നേരത്തെ, മുഖ്യമന്ത്രി വി ഡി സതീശനെ പ്രശംസിച്ചും മുൻ മുഖ്യമന്ത്രി പിണറായി വിജയനെ വിമർശിച്ചുമാണ് മേജർ രവി രംഗത്ത് വന്നത്. കഴിഞ്ഞ ദിവസം സലിം കുമാറിന്റെ സംസ്കാര ചടങ്ങിൽ വിഡി സതീശൻ പങ്കെടുക്കാൻ എത്തിയപ്പോൾ, ഷോളിടാൻ വന്ന ആളെ തടഞ്ഞതും ഓൺലൈൻ മാധ്യമങ്ങളുടെ തള്ളിക്കയറ്റം നിയന്ത്രിക്കാൻ മുന്നിട്ട് നിന്നതുമടക്കമുള്ള കാര്യങ്ങൾ പറഞ്ഞാണ് പ്രശംസ. മറ്റുള്ളവര്‍ വോട്ട് ചെയ്ത് നിങ്ങളെ അധികാരത്തിലേറ്റിയിട്ടുണ്ടെങ്കില്‍ നിങ്ങളവരുടെ വേലക്കാരാണെന്നും അതാണ് വി ഡി സതീശൻ കാണിക്കുന്നതെന്നും മേജർ രവി പറഞ്ഞു.

“രണ്ട് മുഖ്യമന്ത്രിമാരുടെ വ്യത്യാസമാണ് നമ്മൾ കണ്ടത്. ഒന്ന് കാരണഭൂതൻ എന്ന പാട്ടും പാടിച്ച് നടക്കുന്നൊരു മുഖ്യമന്ത്രി. ഞാനാണ് വലുതെന്ന ചിന്തയില്‍. ഇപ്പുറത്ത് ഒരു വണ്ടിയും കൊണ്ടാണ് ഇന്നലെ സലിം കുമാറിന്‍റെ സംസ്കാര ചടങ്ങിൽ പങ്കെടുത്താന്‍ വന്നത്. ഇന്നസെന്‍റ് ചേട്ടന്‍ മരിച്ച സമയത്ത് പഴയ മുഖ്യമന്ത്രി 56 വണ്ടിയും 560 പൊലീസും പത്ത് ഫയര്‍ ഫോഴ്സും കൂടിയാണ് ആ ഇടവഴിയിലൂടെ പോയത്. നാട്ടുകാര്‍ക്ക് എന്തുമാത്രം ബുദ്ധിമുട്ടുണ്ടായി. ഞാനൊരു മുഖ്യമന്ത്രി ആണെങ്കില്‍ 56 വണ്ടിയും 560 പൊലീസ് സംരക്ഷണവും വേണമെങ്കില്‍ ജനങ്ങള്‍ക്ക് എന്നെ വേണ്ട എന്നതല്ലേ. എന്നെ കൊല്ലാന്‍ നടക്കുന്നു എന്നതല്ലേ. പിന്നെ ആ സ്ഥാനത്ത് ഇരിക്കരുത്. ഇപ്പോഴവരിരുന്ന് നിരങ്ങി കൊണ്ടിരിക്കുകയാണ്. അവര്‍ തോറ്റെന്ന് ഇപ്പോഴെങ്കിലും അവരെ പറഞ്ഞ് മനസിലാക്കൂ.