ഷിഗെല്ല രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തിൽ വൃത്തിഹീനമായ തട്ടുകടകളൊക്കെ പൂട്ടിക്കുമെന്ന് ആരോഗ്യമന്ത്രി കെ. മുരളീധരൻ. ഇക്കാര്യത്തിൽ യാതൊരു ദാക്ഷിണ്യവും കൂടാതെ നിലപാട് സ്വീകരിക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

ഭക്ഷ്യ സുരക്ഷാ കമ്മീഷനോട് എല്ലായിടത്തും ശക്തമായ പരിശോധന നടത്താൻ പറഞ്ഞിട്ടുണ്ട്. വെള്ളത്തിലൂടെ പകരുന്ന ബാക്ടീരിയയാണ് ഷിഗെല്ല പരത്തുന്നത്. മുൻകരുതൽ എടുക്കാനുള്ള നിർദ്ദേശം എല്ലാ ഡി.എം.ഓമാർക്കും കൊടുത്തിട്ടുണ്ട്. ശുചിത്വം ഇല്ലാത്തിടത്ത് ഈ രോഗം വരാൻ സാധ്യതയുണ്ട്. അതുകൊണ്ടാണ് വൃത്തിഹീനമായ തട്ടുകടകളൊക്കെ പൂട്ടിക്കേണ്ടിവരും എന്ന് പറഞ്ഞത്.

കുട്ടികളെയാണ് ഈ രോഗം കൂടുതൽ ബാധിക്കുന്നത്. 25 കുട്ടികളെയാണ് ഇപ്പോൾ സുൽത്താൻബത്തേരി താലൂക്ക് ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തിട്ടുള്ളത്. എല്ലാവരുടെയും നില തൃപ്തികരമാണ്. കോഴിക്കോട് നിന്ന് പോയ മെഡിക്കൽ ടീം അവിടെ തന്നെ ക്യാമ്പ് ചെയ്യുന്നുണ്ട്. ചില സ്വകാര്യ ആശുപത്രികളിലും കുട്ടികൾ ചികിത്സയിലുണ്ട്.

ഡിസ്ചാർജ് ചെയ്തു പോയ കുട്ടികളുടെ വീടുകളിൽ ആരോഗ്യ വകുപ്പ് അന്വേഷണം നടത്തുന്നുണ്ട്. അവർക്ക് വല്ല പ്രശ്നങ്ങളും ഉണ്ടോ എന്നുള്ള കാര്യം നോക്കുന്നുണ്ട്. ഇപ്പോൾ ആശങ്ക ഉണ്ടാക്കുന്ന ഒരു സാഹചര്യവുമില്ല. എങ്കിലും ഏറെ ശ്രദ്ധ വേണം.

പനി വയറിളക്കം ഛർദ്ദി ലക്ഷണങ്ങൾ ഉള്ളവരെ നിരീക്ഷിക്കാൻ പറഞ്ഞിട്ടുണ്ട്. മരുന്ന് കമ്പനികൾക്ക് പണം നൽകാത്തത് പരിഹരിക്കപ്പെട്ടിട്ടില്ല. അത്ര ചില്ലറയൊന്നുമല്ല ബാക്കിയുള്ളത്. മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപെടുത്തിയിട്ടുണ്ട്. വരുന്ന ബജറ്റിൽ കൂടുതൽ വീതം ഉണ്ടാകും എന്നാണ് പ്രതീക്ഷ’ -മന്ത്രി പറഞ്ഞു.

തൃശൂർ നഗരപരിധിയിൽ ഫുഡ് സേഫ്റ്റി വകുപ്പ് നടത്തിയ ‘ഓപറേഷൻ ക്ലീൻ കേരള’ പരിശോധനയിൽ വൃത്തിഹീനമായി കണ്ടെത്തിയ നാല് സ്ഥാപനങ്ങൾക്ക് പിഴചുമത്തി. ഒരാഴ്ചയായി നഗരത്തിലെ ഹോട്ടലുകൾ, കൂൾബാറുകൾ, റെസ്റ്റാറന്റുകൾ, ജ്യൂസ് സ്റ്റാളുകൾ തുടങ്ങി 65 സ്ഥാപനങ്ങളിലാണ് പ്രത്യേക പരിശോധന നടത്തിയത്.

മാനദണ്ഡങ്ങളിൽ വലിയ വീഴ്ച വരുത്തിയ നാല് സ്ഥാപനങ്ങൾക്കാണ് പിഴ ഈടാക്കുന്നതിന് നോട്ടീസ് നൽകിയത്. ചെറിയ ന്യൂനതകൾ കണ്ടെത്തിയ 15 സ്ഥാപനങ്ങൾക്ക് വീഴ്ചകൾ പരിഹരിക്കാൻ നോട്ടീസ് നൽകി. ഗുണനിലവാരം വിലയിരുത്തുന്നതിനായി 12 സർവൈലൻസ് സാമ്പിളുകൾ ശേഖരിച്ച് ലാബിലേക്ക് പരിശോധനക്കയച്ചു.

രോഗവ്യാപനം തടയാൻ പൊതുജനങ്ങൾ കർശനമായ മുൻകരുതലുകൾ എടുക്കണമെന്ന് ആരോഗ്യവകുപ്പ് നിർദേശിച്ചു. തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കാൻ ശ്രദ്ധിക്കുക. സാലഡുകൾ, മസാല ചട്ണി, കൃത്യമായി പാകം ചെയ്യാത്ത ഭക്ഷ്യവസ്തുക്കൾ, മയോണൈസ് എന്നിവ ഉപയോഗിക്കുമ്പോൾ അതീവ ജാഗ്രത പുലർത്തണം. വ്യക്തിശുചിത്വം പാലിക്കേണ്ടത് അത്യന്താപേക്ഷിതമാണ്.

ഭക്ഷണം കഴിക്കുന്നതിന് മുമ്പും ശൗചാലയം ഉപയോഗിച്ചതിന് ശേഷവും കൈകൾ സോപ്പുപയോഗിച്ച് കഴുകണം. ശൗചാലയങ്ങൾ എപ്പോഴും വൃത്തിയായി സൂക്ഷിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണം. കിണറുകളും വാട്ടർ ടാങ്കുകളും കൃത്യമായ ഇടവേളകളിൽ വൃത്തിയാക്കാനും ക്ലോറിനേറ്റ് ചെയ്യാനും നടപടി സ്വീകരിക്കണം. എന്തെങ്കിലും തരത്തിലുള്ള രോഗലക്ഷണങ്ങൾ കണ്ടാൽ സ്വയംചികിത്സക്ക് മുതിരാതെ ആശുപത്രിയിൽ എത്തി വിദഗ്ധ ചികിത്സ തേടണമെന്നും അധികൃതർ അറിയിച്ചു.