കള്ള് വാങ്ങിക്കൊടുത്താൽ ആരേയും തെറിവിളിക്കുന്ന കോമാളിയായി ജി. സുധാകരൻ അധപതിച്ചുവെച്ച് എച്ച്. സലാം ഫേയ്സ്ബുക്കിൽ കുറിച്ചു. പിണറായി വിജയന്റെ ഔദാര്യം കൊണ്ടാണ് ജി. സുധാകരന്റെ അഴിമതിവിരുദ്ധമുഖം കീറിപ്പോകാത്തത്. പിണറായി വിജയന്റെ ചെരുപ്പിന്റെ വാറഴിക്കാൻ യോഗ്യതയില്ലെന്നും ഫേയ്സ്ബുക്ക് കുറിപ്പിൽ കൂടി എച്ച് സലാം വിമർശിച്ചു. പിണറായി വിജയനെ നനഞ്ഞ കോഴി എന്ന് ജി. സുധാകരൻ വിളിച്ചതിന്റെ മറുപടിയായാണ് അമ്പലപ്പുഴ മുൻ എം.എൽ.എയും, ജില്ലാ സെക്രട്ടേറിയറ്റ് അംഗവുമായ എച്ച്. സലാമിന്റെ പ്രതികരണം.കഴിഞ്ഞ ദിവസം അമ്പലപ്പുഴയിൽ എംഎൽഎ ഓഫീസ് ഉദ്ഘാടനത്തിനിടെയായിരുന്നു ജി. സുധാകരൻ പിണറായി വിജയനെതിരേയും കെ.എൻ. ബാലഗോപാലിനെതിരേയും രൂക്ഷ വിമർശനം ഉന്നയിച്ചത്. പിണറായി വിജയൻ നിയമസഭയിലെ നനഞ്ഞ കോഴിയാണെന്നായിരുന്നു വിമർശനം. വെള്ളത്തിൽ വീണ അവസ്ഥയാണ് പിണറായിക്ക്. ഒന്നും മിണ്ടുന്നില്ല. കെ.എൻ. ബാലഗോപാലിനാകട്ടെ, സംസാരിക്കാനും അറിയില്ലെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. ഇതിന് പിന്നാലെയാണ് ഫേയ്സ്ബുക്കിൽ കൂടി മറുപടിയുമായി എച്ച്. സലാം രംഗത്തെത്തിയത്.
പണ്ടൊക്കെ നാട്ടിൽ ഒരു കുപ്പികള്ള് വാങ്ങികൊടുത്താൽ ആരെയും തെറിവിളിക്കുന്ന ഒരാളെ കാണാൻ പറ്റുമായിരുന്നു, ഈ കോമാളിത്തരം കാണുമ്പോൾ ജനങ്ങൾക്ക് അതാണ് ഓർമ്മ വരികയെന്ന് എച്ച്. സലാം കുറിച്ചു. ജി. സുധാകരന്റെ അഴിമതിവിരുദ്ധ മുഖം പിണറായി വിജയന്റെ ഔദാര്യമാണെന്നും എച്ച്. സലാം കുറിപ്പിൽ ചൂണ്ടിക്കാട്ടുന്നു. 2021ലെ നിയമസഭാ തിരഞ്ഞെടുപ്പ് ഘട്ടത്തിൽ ജി. സുധാകരൻ വലിയ തോതിൽ പണം പിരിച്ചെന്നും ഇത് പാർട്ടിക്ക് മടക്കി നൽകിയില്ലെന്നും ഇതിന്റെ കണക്ക് വ്യക്തമാക്കാൻ ജി. സുധാകരന് ധൈര്യമുണ്ടോ എന്നും എച്ച്. സലാം ഫേയ്സ്ബുക്കിൽ കൂറിപ്പിൽ കൂടി ചോദിച്ചു.



