ഇസ്രയേലിനെതിരായ ആക്രമണം താത്കാലികമായി നിർത്തിവെയ്ക്കുന്നതായി ഇറാൻ സൈന്യം. ലെബനോണിനെതിരെ ആക്രമണം തുടർന്നാൽ കനത്ത തിരിച്ചടിയെന്നും ഇറാൻ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. ഇറാനും ഇസ്രയേലും ഉടൻ വെടിനിർത്തണമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ആവശ്യപ്പെട്ടിരുന്നു. പുതിയ ആക്രമണങ്ങൾ സമാധാന ശ്രമങ്ങൾക്ക് തിരിച്ചടിയാകുമെന്ന സൂചനകൾക്ക് പിന്നാലെയായിരുന്നു ട്രംപിന്റെ ആഹ്വാനം.

ന്ത്യൻ സമയം ഇന്ന് പുലർച്ചെ വടക്കൻ ഇസ്രയേലിലേക്ക് ഇറാൻ നടത്തിയ ആക്രമണത്തിന് പിന്നാലെ, ഇറാൻ നഗരങ്ങളിൽ ഇസ്രയേൽ തിരിച്ചടി നൽകിയിരുന്നു. ഇസ്രയേലിനെ ലക്ഷ്യമിട്ട് യെമനിലെ ഹൂതികളും ആക്രമണം നടത്തി. ഫെബ്രുവരി 28നായിരുന്നു ഇറാനിലേക്ക് അമേരിക്കയും ഇസ്രയേലും സംയുക്ത ആക്രമണം ആരംഭിച്ചത്. പശ്ചിമേഷ്യയെ പിടിച്ചുലച്ച യുദ്ധത്തിൽ സമാധാനത്തിനുള്ള നീക്കങ്ങൾ പുരോഗമിക്കുന്നതിനിടെയാണ് ഇസ്രയേലിലേക്ക് ഇറാന്റെ മിസൈലാക്രമണം ഉണ്ടായത്. വടക്കൻ ഇസ്രയേൽ ലക്ഷ്യമിട്ട് ഇറാൻ തൊടുത്ത ബാലിസ്റ്റിക് മിസൈലുകൾ തകർത്തെന്നാണ് ഇസ്രയേൽ സേനയുടെ അവകാശവാദം.

ലെബനോൻ തലസ്ഥാനം ബെയ്റൂത്തിൽ ഇസ്രയേൽ സേന നടത്തിയ ആക്രമണത്തിനാണ് ഇറാന്റെ മറുപടി. മണിക്കൂറുകൾക്കുള്ളിൽ തലസ്ഥാനം ടെഹ്റാൻ ഉൾപ്പെടെ ഇറാൻ നഗരങ്ങളിൽ ഇസ്രയേലും തിരിച്ചടി നൽകി. യുദ്ധത്തിന്റെ നൂറാംദിനത്തിലാണ് പശ്ചിമേഷ്യയെ അശാന്തമാക്കി വീണ്ടും സംഘർഷം കനക്കുന്നത്.