തൃശ്ശൂര്‍ വിയ്യൂര്‍ ജില്ലാ ജയിലില്‍ കുഴഞ്ഞുവീണ റിമാന്‍ഡ് പ്രതി രേഷ് ബാബുവിന്റെ മരണം തലച്ചോറിലുണ്ടായ രക്തസ്രാവം മൂലമെന്ന് പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. രക്തത്തിലെ പ്ലേറ്റ്ലെറ്റ് കുറഞ്ഞതാണ് ആരോഗ്യനില ഗുരുതരമാകാന്‍ കാരണമായത്. ശരീരത്തിലെ മറ്റു മുറിവുകള്‍ എങ്ങനെ വന്നെന്ന് കൂടുതല്‍ പരിശോധനയ്ക്ക് വിധേയമാക്കും. മകന്റെ മൃതദേഹം കണ്ടപ്പോള്‍ പൊലീസോ നാട്ടുകാരോ മര്‍ദിച്ചതായുള്ള ശക്തമായ സംശയങ്ങള്‍ ഉണ്ടായതായി കുടുംബം ആരോപിച്ചിരുന്നു. മാനസിക വെല്ലുവിളി നേരിടുന്ന ആളായ രേഷ് ബാബുവിന്റെ കാര്യത്തില്‍ പൊലീസ് നടപടിക്രമങ്ങള്‍ പാലിച്ചില്ലെന്നും ആരോപണം ഉയര്‍ന്നിരുന്നു.

രേഷ് ബാബു മാനസിക വെല്ലുവിളി നേരിടുന്നയാളെന്ന് വ്യക്തമാക്കുന്ന ഡോക്ടറുടെ രേഖയുടെ പകര്‍പ്പ് ട്വന്റിഫോറിന് ലഭിച്ചു. 50 ശതമാനത്തിലേറെ മാനസിക വെല്ലുവിളി നേരിടുന്നയാളാണ് രേഷ് ബാബു എന്ന് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റാണ് ട്വന്റിഫോറിന് ലഭിച്ചിരിക്കുന്നത്. ഇയാള്‍ ഇതിന്റെ പേരില്‍ സര്‍ക്കാരില്‍ നിന്ന് പെന്‍ഷന്‍ ലഭിക്കുന്ന ആള്‍ കൂടിയാണ്. 17-ാം തിയതിലാണ് പൊലീസ് രേഷ് ബാബുവിനെ അറസ്റ്റ് ചെയ്തത്. തൃശൂര്‍ നഗരത്തില്‍ ഒരാളെ തടഞ്ഞുനിര്‍ത്തി പണം കവര്‍ന്നെന്ന കേസിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. നാലുപേര്‍ സംഘത്തിലുണ്ടായിരുന്നുവെന്നാണ് പൊലീസ് അറിയിച്ചത്. സംഭവത്തിന്റെ സിസിടിവി ദൃശ്യം പൊലീസിന്റെ പക്കലുണ്ട്. എന്നാല്‍ ദൃശ്യത്തില്‍ രേഷ് ബാബു താഴെ നിന്ന് എന്തോ എടുക്കുന്നതായി മാത്രമേ കാണുന്നുള്ളൂ എന്നാണ് കുടുംബം പറയുന്നത്.

കേസില്‍ എഫ്‌ഐആര്‍ ഇട്ടതിന് ശേഷമാണ് രേഷ് ബാബുവിന്റെ കുടുംബത്തെ പൊലീസ് വിവരമറിയിച്ചത്. പിതാവ് ബാബു ഈസ്റ്റ് പൊലീസ് സ്റ്റേഷനിലെത്തി മകന്‍ മാനസിക വെല്ലുവിളികള്‍ നേരിടുന്നയാളെന്ന് വിശദീകരിച്ചു. സര്‍ട്ടിഫിക്കറ്റ് ഉണ്ടെങ്കില്‍ കോടതിയില്‍ കാണിച്ചോളൂ എന്നായിരുന്നു പൊലീസിന്റെ മറുപടി. ഇയാള്‍ ഇത്തരം ബുദ്ധിമുട്ട് നേരിടുന്നുവെന്ന് കോടതിയോട് ഉള്‍പ്പെടെ വിശദീകരിച്ചില്ലെന്നും ഇത് ഗുരുതര വീഴ്ചയെന്നുമാണ് ഉയരുന്ന ആരോപണം.