കോണ്‍ഗ്രസിലേക്ക് തിരിച്ചുപോകാനുള്ള താത്പര്യം നേതൃത്വത്തെ അറിയിച്ചെന്ന വാര്‍ത്ത പൂര്‍ണമായി തള്ളി പഞ്ചാബ് മുന്‍ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ്. ചര്‍ച്ചകള്‍ സജീവമായി നടക്കുന്നുവെന്ന മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഭൂപീന്ദര്‍ സിങ് ഹൂഡയുടെ പരാമര്‍ശത്തിന് പിന്നാലെയാണ് വാര്‍ത്ത തള്ളി അമരീന്ദര്‍ സിങ് രംഗത്തെത്തിയിരിക്കുന്നത്. അഞ്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് പാര്‍ട്ടി വിട്ട അമരീന്ദര്‍ സിങ് ഉടന്‍ തിരിച്ചുവരുമെന്നായിരുന്നു കോണ്‍ഗ്രസ് ക്യാംപിലെ ചര്‍ച്ചകള്‍.

ബിജെപി പഞ്ചാബ് അധ്യക്ഷനായി കേവല്‍ സിങിനെ തിരഞ്ഞെടുത്തതില്‍ തനിക്കുള്ള അതൃപ്തി തുടരുമെന്നും എന്നാല്‍ ഇക്കാരണത്താല്‍ താന്‍ പാര്‍ട്ടി വിടുന്നുവെന്നത് അടിസ്ഥാന രഹിതമാണെന്നുമാണ് അമരീന്ദര്‍ സിങിന്റെ പ്രതികരണം. അമരീന്ദര്‍ സിങ് ബന്ധപ്പെട്ടെന്നായിരുന്നു ഹൂഡയുടെ പ്രസ്താവന. എന്നാല്‍ താന്‍ ആരുമായും ചര്‍ച്ചകള്‍ നടത്തിയിട്ടില്ലെന്ന് അമരീന്ദര്‍ സിങ് പറഞ്ഞു. ബിജെപിയില്‍ ഉറച്ചുനില്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു.

അതൃപ്തി പരസ്യമാക്കിക്കൊണ്ട് അമരീന്ദര്‍ പറഞ്ഞ ചില പരാമര്‍ശങ്ങള്‍ ഉള്‍പ്പെടെ അഭ്യൂഹങ്ങള്‍ ശക്തമാക്കിയിരുന്നു. പഞ്ചാബ് നേതൃത്വവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ കോണ്‍ഗ്രസ് സ്ഥിരമായി തന്റെ അഭിപ്രായങ്ങള്‍ ആരാഞ്ഞിരുന്നുവെന്നും എന്നാല്‍ ബിജെപി കേന്ദ്രീകൃതമായി തീരുമാനങ്ങള്‍ എടുക്കുന്നുവെന്നും ക്യാപ്റ്റന്‍ അമരീന്ദര്‍ പറഞ്ഞിരുന്നു.