പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിലേറ്റ കനത്ത തിരിച്ചടിക്ക് പിന്നാലെ തൃണമൂൽ കോൺഗ്രസ് കടുത്ത അസ്തിത്വ പ്രതിസന്ധിയാണ് നേരിടുന്നത്. ഈ സാഹചര്യത്തിൽ പാർട്ടി മേധാവി മമത ബാനർജിയും ജനറൽ സെക്രട്ടറി അഭിഷേക് ബാനർജിയും ജൂൺ എട്ടിന് ന്യൂഡൽഹിയിൽ നടക്കുന്ന ഇന്ത്യ (INDIA) മുന്നണി യോഗത്തിൽ പങ്കെടുത്തേക്കുമെന്ന് സൂചന. പ്രതിപക്ഷ സഖ്യത്തിലെ എല്ലാ പ്രമുഖ കക്ഷി നേതാക്കളും പങ്കെടുക്കുന്ന ഈ യോഗം തൃണമൂൽ കോൺഗ്രസിനെ സംബന്ധിച്ച് ഏറ്റവും നിർണായകമായ ഘട്ടത്തിലാണ് നടക്കുന്നത്. 

സംസ്ഥാനത്ത് അധികാരം പിടിച്ചതിന് ശേഷം കഴിഞ്ഞ 15 വർഷത്തിനിടയിലെ ഏറ്റവും വലിയ രാഷ്ട്രീയ പ്രതിസന്ധിയിലൂടെയാണ് തൃണമൂൽ കോൺഗ്രസ് കടന്ന് പോകുന്നത്. പാർട്ടിക്കുള്ളിലെ ആഭ്യന്തര കലഹങ്ങളും രാഷ്ട്രീയമായ ഒറ്റപ്പെടലും നേരിടുന്ന ഈ സാഹചര്യത്തിൽ, സഖ്യകക്ഷികളുടെയും മറ്റു പ്രതിപക്ഷ പാർട്ടികളുടെയും പിന്തുണ ഉറപ്പാക്കാൻ മമതയും അഭിഷേകും ഈ വേദിയെ ഉപയോഗിക്കുമെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.