വെറും അഞ്ച് ദിവസത്തെ കടുത്ത ഉഷ്ണതരംഗത്തിനിടയിൽ (Heatwave) ഉത്തർപ്രദേശിൽ മാത്രം 8,056 പേർ മരണപ്പെട്ടേക്കാമെന്ന് പുതിയ പഠന റിപ്പോർട്ട്. ഇതോടെ ഉഷ്ണതരംഗവുമായി ബന്ധപ്പെട്ട മരണങ്ങളിൽ ഇന്ത്യയിലെ ഏറ്റവും അപകടകരമായ ഹോട്ട്‌സ്‌പോട്ടായി ഉത്തർപ്രദേശ് മാറിയിരിക്കുകയാണെന്ന് ഗവേഷകർ മുന്നറിയിപ്പ് നൽകുന്നു.

ആഗോളതാപനവും കാലാവസ്ഥാ വ്യതിയാനവും കാരണം രാജ്യത്ത് വരും ദിവസങ്ങളിൽ ചൂട് ഇനിയും വർദ്ധിക്കാൻ സാധ്യതയുള്ളതിനാൽ, ഇത്തരം കടുത്ത ഉഷ്ണതരംഗങ്ങൾ ഉണ്ടാക്കുന്ന മനുഷ്യജീവനുകളുടെ നഷ്ടം വളരെ വലുതായിരിക്കുമെന്നാണ് ഈ പഠനം ചൂണ്ടിക്കാണിക്കുന്നത്.

ചരിത്രത്തിലെ എല്ലാ ചൂട് റെക്കോർഡുകളും തകർത്തുകൊണ്ട് ഭൂമിയിലെ ഏറ്റവും ചൂടുകൂടിയ വർഷമായി രേഖപ്പെടുത്തപ്പെട്ട 2024-ലെ ഉഷ്ണതരംഗ സമയത്തുണ്ടായ മരണനിരക്കുകളെയും കണക്കുകളെയും അടിസ്ഥാനമാക്കിയാണ് ഗവേഷകർ ഈ പുതിയ നിഗമനങ്ങളിൽ എത്തിച്ചേർന്നിരിക്കുന്നത്.