കോൺഗ്രസ് നേതാവ് ഷാനിമോൾ ഉസ്മാനെ കേരള നിയമസഭയുടെ പുതിയ ഡെപ്യൂട്ടി സ്പീക്കറായി തിരഞ്ഞെടുത്തു. ചൊവ്വാഴ്ച നടന്ന വോട്ടെടുപ്പിൽ എൽഡിഎഫ് സ്ഥാനാർത്ഥി മുഹമ്മദ് മുഹ്സിനെ പരാജയപ്പെടുത്തിയാണ് അവർ ഈ പദവിയിലേക്ക് എത്തിയത്.

വോട്ടെടുപ്പിൽ ഷാനിമോൾ ഉസ്മാൻ 99 വോട്ടുകൾ നേടിയപ്പോൾ എതിർ സ്ഥാനാർത്ഥിയായ മുഹമ്മദ് മുഹ്സിന് 34 വോട്ടുകളാണ് ലഭിച്ചത്. സഭയിലെ മൂന്ന് ബിജെപി എംഎൽഎമാർ വോട്ടെടുപ്പിൽ പങ്കെടുക്കാതെ വിട്ടുനിന്നു. സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ സഭയിലെ കീഴ്വഴക്ക പ്രകാരം തന്‍റെ വോട്ട് രേഖപ്പെടുത്തിയില്ല.

കേരള നിയമസഭയിലെ നാലാമത്തെ വനിതാ ഡപ്യൂട്ടി സ്പീക്കറാണ് ഷാനിമോൾ ഉസ്മാൻ. 1957-ലെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നേതൃത്വത്തിലുള്ള ഒന്നാം നിയമസഭയിലെ ഡെപ്യൂട്ടി സ്പീക്കറും ഒരു വനിതയായിരുന്നു. കമ്മ്യൂണിസ്റ്റ് നേതാവ് കെ ഒ അയിഷ ബായ് ആയിരുന്നു അത്. പിന്നീട് 1960-ലാണ് നഫീസത്ത് ബീവി ഡെപ്യൂട്ടി സ്പീക്കറായത്. നഫീസത്ത് ബീവിക്ക് ശേഷം 1987 മുതൽ 1991 വരെയുള്ള കാലയളവിൽ സിപിഐ നേതാവായ ഭാർഗവി തങ്കപ്പൻ കേരള നിയമസഭയുടെ ഡെപ്യൂട്ടി സ്പീക്കറായി പദവി അലങ്കരിച്ചിട്ടുണ്ട്.