ലെബനനിൽ ഇസ്രായേൽ നടത്തുന്ന സൈനിക അധിനിവേശം ക്രമാതീതമായി ശക്തമാക്കുന്നതിനെതിരെ ഇസ്രായേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിന് നേരെ കടുത്ത അസഭ്യവർഷവുമായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രംഗത്ത്. ഇറാനുമായി അമേരിക്ക നടത്തുന്ന അതീവ സങ്കീർണ്ണവും സുപ്രധാനവുമായ നയതന്ത്ര ചർച്ചകളെ ഇസ്രായേലിന്റെ ഈ നീക്കം ദോഷകരമായി ബാധിക്കുമെന്ന് ചൂണ്ടിക്കാണിച്ചാണ് ട്രംപ് ഫോൺ കോളിലൂടെ പൊട്ടിത്തെറിച്ചത്. മിഡിൽ ഈസ്റ്റിലെ സംഘർഷം ലഘൂകരിക്കുന്നതിനായി വാഷിംഗ്ടൺ തീവ്രശ്രമം നടത്തുന്നതിനിടയിലാണ് ഈ അസാധാരണ സംഭവം ഉണ്ടായിരിക്കുന്നത്.
ബെയ്റൂട്ടിന്റെ തെക്കൻ പ്രാന്തപ്രദേശങ്ങളിലുള്ള ഹിസ്ബുള്ള കേന്ദ്രങ്ങൾക്ക് നേരെ ശക്തമായ വ്യോമാക്രമണം നടത്താൻ ഇസ്രായേൽ ഉത്തരവിടുകയും ദക്ഷിണ ലെബനനിൽ കരസേനാ നീക്കം വിപുലീകരിക്കുകയും ചെയ്തതിന് പിന്നാലെയാണ് ഇരു നേതാക്കളും തമ്മിൽ കടുത്ത വാഗ്വാദം നടന്നത്. ഇസ്രായേലിന്റെ ഈ നീക്കങ്ങൾ മേഖലയിൽ വലിയൊരു യുദ്ധ ഭീതി ഉണ്ടാക്കുകയും ടെഹ്റാനിൽ നിന്നുള്ള പുതിയ മുന്നറിയിപ്പുകൾക്ക് കാരണമാവുകയും ചെയ്തിരുന്നു.



