ഇന്ത്യയിൽ സന്ദർശനത്തിനെത്തുന്ന വിദേശികൾക്കും ഇവിടെയുള്ള പ്രവാസി കുടുംബങ്ങൾക്കും സുപ്രധാന നിർദ്ദേശവുമായി കേന്ദ്ര സർക്കാർ. ഇനി മുതൽ അനുവദനീയമായ വിസ കാലാവധിയേക്കാൾ കൂടുതൽ കാലം ഇന്ത്യയിൽ താമസിക്കാൻ ആഗ്രഹിക്കുന്ന വിദേശികൾ കേന്ദ്ര ആഭ്യന്തര മന്ത്രാലയം പരിഷ്കരിച്ച ഇമിഗ്രേഷൻ ആൻഡ് ഫോറിനേഴ്‌സ് റൂൾസ്, 2025 പ്രകാരം മുൻകൂട്ടി രജിസ്റ്റർ ചെയ്യണം. 180 ദിവസമോ അതിൽ കുറവോ കാലാവധിയുള്ള വിസകളിൽ എത്തുന്ന സന്ദർശകർ, ഈ 180 ദിവസത്തെ കാലാവധി അവസാനിക്കുന്നതിന് മുൻപ് തന്നെ രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കണമെന്നാണ് പുതിയ നിയമം നിർദ്ദേശിക്കുന്നത്. 

മുൻ നിയമപ്രകാരം, യോഗ്യരായ വിദേശ പൗരന്മാർക്ക് ഇന്ത്യയിൽ എത്തി 180 ദിവസത്തിന് ശേഷം, അടുത്ത 14 ദിവസത്തിനുള്ളിൽ രജിസ്ട്രേഷൻ പൂർത്തിയാക്കാമായിരുന്നു.  പുതിയ വിജ്ഞാപനമനുസരിച്ച്,  ഇമിഗ്രേഷൻ ആൻഡ് ഫോറിനേഴ്‌സ് റൂൾസ്, 2025-ലെ റൂൾ 12 ഭേദഗതി ചെയ്തു. ഇന്ത്യയിലെത്തി 180 ദിവസം കഴിഞ്ഞ് 14 ദിവസത്തിനുള്ളിൽ രജിസ്ട്രേഷൻ നടത്തണം എന്ന നിർദ്ദേശത്തിന് പകരം 180 ദിവസത്തെ കാലാവധി തീരുന്നതിന് മുൻപ് എപ്പോൾ വേണമെങ്കിലും രജിസ്റ്റർ ചെയ്യണം എന്ന പുതിയ നിർദ്ദേശം ഉൾപ്പെടുത്തിയാണ് ഭേദഗതി വരുത്തിയിരിക്കുന്നത്.

ഈ മാറ്റം രജിസ്ട്രേഷനുള്ള സമയപരിധി ഫലപ്രദമായി മുന്നോട്ട് കൊണ്ടുവരുന്നു. ഇന്ത്യയിൽ താമസിക്കുന്ന വിദേശ പൗരന്മാരുടെ മേലുള്ള നിരീക്ഷണം ശക്തമാക്കാനും ഇമിഗ്രേഷൻ നിരീക്ഷണ നടപടികൾ കൂടുതൽ കാര്യക്ഷമമാക്കാനും ലക്ഷ്യമിട്ടാണ് ഈ മാറ്റങ്ങൾ നടപ്പാക്കുന്നത്. 180 ദിവസത്തിൽ കൂടുതൽ കാലാവധിയുള്ള വിസയുണ്ടെങ്കിലും, ഓരോ തവണത്തെയും താമസം 180 ദിവസത്തിൽ കൂടരുത് എന്ന നിബന്ധനയുള്ള വിദേശികളെയും ഈ ഭേദഗതി ബാധിക്കും. 

ഇത്തരം വിസയുള്ളവർ, ഒരു കലണ്ടർ വർഷത്തിൽ ഒറ്റത്തവണയായോ അല്ലെങ്കിൽ മൊത്തത്തിലോ 180 ദിവസ പരിധിക്കപ്പുറം രാജ്യത്ത് തുടരാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ, അവർ 180 ദിവസത്തെ കാലാവധി അവസാനിക്കുന്നതിന് മുൻപ് രജിസ്ട്രേഷൻ പൂർത്തിയാക്കണം. ഇത്തരത്തിൽ താമസം നീട്ടുന്നതിനുള്ള അനുമതി അടിയന്തിര സാഹചര്യങ്ങളിൽ മാത്രമേ അനുവദിക്കൂ എന്ന് സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. 

മറ്റൊരു പ്രധാന മാറ്റം വിദേശ പൗരന്മാർക്ക് ജനിക്കുന്ന കുട്ടികളുമായി ബന്ധപ്പെട്ടുള്ളതാണ്. മാതാപിതാക്കളിൽ ഒരാളോ ഇരുവർക്കുമോ വിദേശ പൗരത്വമുള്ളതും ഇന്ത്യയിൽ വെച്ച് ജനിക്കുന്നതുമായ കുട്ടികളുമായി ബന്ധപ്പെട്ട കേസുകളിൽ പുതിയ നിയമങ്ങൾ ഇളവ് നൽകുന്നുണ്ട്. മുൻ നിബന്ധന പ്രകാരം, പുതിയ വിസയോ എക്സിറ്റ് പെർമിറ്റോ ഉൾപ്പെടെയുള്ള വിസ സംബന്ധമായ സേവനങ്ങൾ ലഭിക്കുന്നതിനായി, കുട്ടി ജനിച്ച് 30 ദിവസത്തിനുള്ളിൽ മാതാപിതാക്കൾ നിർദ്ദിഷ്ട ഓൺലൈൻ പോർട്ടലിൽ രജിസ്ട്രേഷൻ ഓഫീസറെ ഇലക്ട്രോണിക് സംവിധാനത്തിലൂടെ വിവരമറിയിക്കണമായിരുന്നു. 

എന്നാൽ, മാതാപിതാക്കളിൽ ഒരാൾ ഇന്ത്യൻ പൗരനാവുകയും കുട്ടിക്ക് ഇന്ത്യൻ പൗരത്വം നിലനിർത്താൻ ആഗ്രഹിക്കുകയും ചെയ്യുന്ന കേസുകളെ പുതിയ നിയമത്തിൽ ഈ നിബന്ധനയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഇത്തരം സാഹചര്യങ്ങളിൽ, ജനനത്തിന് ശേഷമുള്ള നിർബന്ധിത റിപ്പോർട്ടിംഗ് ഇനി ബാധകമാകില്ല. എങ്കിലും, കുട്ടി രാജ്യത്ത് താമസിക്കുന്നതിനിടെ ഏതെങ്കിലും വിദേശ രാജ്യത്തിന്റെ പൗരത്വം നേടുകയാണെങ്കിൽ, വിദേശ പൗരത്വം ലഭിച്ച് 30 ദിവസത്തിനുള്ളിൽ മാതാപിതാക്കളിൽ ആരെങ്കിലും ഒരാൾ രജിസ്ട്രേഷൻ ഓഫീസറെ വിവരമറിയിക്കണമെന്ന് സർക്കാർ നിബന്ധന വച്ചിട്ടുണ്ട്.

ആശുപത്രികൾ, നഴ്സിംഗ് ഹോമുകൾ,  മറ്റു മെഡിക്കൽ സ്ഥാപനങ്ങൾ എന്നിവയ്ക്ക് ബാധകമായ റിപ്പോർട്ടിംഗ് ആവശ്യകതകളിലും ഭരണപരമായ നടപടിക്രമങ്ങളിലും ഭേദഗതികൾ വരുത്താനും വിജ്ഞാപനത്തിൽ വ്യവസ്ഥയുണ്ട്. അത്തരം സ്ഥാപനങ്ങളുടെ ചുമതലകളിൽ ഈ വിജ്ഞാപനം കാര്യമായ മാറ്റമൊന്നും വരുത്തുന്നില്ലെങ്കിലും, ഇമിഗ്രേഷൻ ആൻഡ് ഫോറിനേഴ്‌സ് റൂൾസ് ചട്ടക്കൂടിന് കീഴിലുള്ള കംപ്ലയൻസ് (അനുസരണാ നിയമങ്ങൾ), റിപ്പോർട്ടിംഗ് ബാധ്യതകൾ എന്നിവ പുതുക്കുന്നു.