കുട്ടികളുടെ ഓൺലൈൻ സുരക്ഷ ഉറപ്പാക്കുന്നതിനായുള്ള ആഗോള നീക്കങ്ങളുടെ ഭാഗമായി, 16 വയസ്സിൽ താഴെയുള്ളവർ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ സ്വന്തമാക്കുന്നത് വിലക്കിക്കൊണ്ടുള്ള പുതിയ നിയമം മലേഷ്യ നടപ്പിലാക്കി. ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം, ടിക്ടോക്, യൂട്യൂബ് ഉൾപ്പെടെ മലേഷ്യയിൽ എട്ട് ദശലക്ഷത്തിലധികം ഉപയോക്താക്കളുള്ള എല്ലാ പ്രമുഖ പ്ലാറ്റ്ഫോമുകൾക്കും ഈ നിയമം ബാധകമാണ്.
പ്രായം തിരിച്ചറിയാനുള്ള കൃത്യമായ സംവിധാനങ്ങൾ ഏർപ്പെടുത്താത്ത സോഷ്യൽ മീഡിയ കമ്പനികൾക്ക് 10 ദശലക്ഷം റിംഗിറ്റ് (ഏകദേശം 2.5 ദശലക്ഷം ഡോളർ) വരെ പിഴ ചുമത്താൻ പുതിയ നിയമത്തിൽ വ്യവസ്ഥയുണ്ട്.
കുട്ടികൾ നിയമം ലംഘിച്ച് അക്കൗണ്ട് ഉണ്ടാക്കിയാൽ മാതാപിതാക്കൾക്ക് പിഴയുണ്ടാകില്ലെന്ന് അധികൃതർ വ്യക്തമാക്കി. സൈബർ ആക്രമണങ്ങൾ, ദോഷകരമായ ഉള്ളടക്കങ്ങൾ, സോഷ്യൽ മീഡിയയോടുള്ള അമിതമായ ആസക്തി എന്നിവയിൽ നിന്നും കുട്ടികളെ സംരക്ഷിക്കുക എന്നതാണ് മലേഷ്യൻ സർക്കാർ ഇതിലൂടെ ലക്ഷ്യമിടുന്നത്.
മലേഷ്യയ്ക്ക് പുറമെ ഓസ്ട്രേലിയ, ബ്രസീൽ, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങളും കുട്ടികൾക്ക് സോഷ്യൽ മീഡിയ ഉപയോഗിക്കുന്നതിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ബ്രിട്ടൻ, ഫ്രാൻസ്, സ്പെയിൻ, ഡെന്മാർക്ക്, തായ്ലൻഡ്, ദക്ഷിണ കൊറിയ തുടങ്ങിയ രാജ്യങ്ങളും സമാനമായ നിയമങ്ങളെക്കുറിച്ച് പഠിച്ചുവരികയാണ്.
ഇൻ്റർനെറ്റ് ഉപയോഗം തടയുകയല്ല, മറിച്ച് കുട്ടികൾക്ക് സുരക്ഷിതമായ ഡിജിറ്റൽ അന്തരീക്ഷം ഒരുക്കുകയാണ് പുതിയ നടപടിയിലൂടെ ചെയ്യുന്നതെന്ന് മലേഷ്യൻ കമ്മ്യൂണിക്കേഷൻസ് ആൻഡ് മൾട്ടിമീഡിയ കമ്മീഷൻ വ്യക്തമാക്കി. അതേസമയം, പ്രായം തെളിയിക്കാൻ സർക്കാർ തിരിച്ചറിയൽ രേഖകൾ നൽകേണ്ടി വരുന്നത് ഉപയോക്താക്കളുടെ വ്യക്തിഗത വിവരങ്ങളുടെ സുരക്ഷയെ ബാധിച്ചേക്കാമെന്ന ആശങ്കയും പരക്കെ ഉയരുന്നുണ്ട്.



