നെടുമങ്ങാട്ടെ കുഞ്ഞിന്റെ കൊലപാതകത്തില്‍ കുറ്റമറ്റ രീതിയില്‍ ജാഗ്രതയോടെ കേസ് നടക്കണമെന്ന് മന്ത്രി ബിന്ദു കൃഷ്ണ. അഷ്‌കര്‍ ഇനി പുറംലോകം കാണില്ലെന്ന് ഉറപ്പാക്കണമെന്നും മന്ത്രി പറഞ്ഞു. അഷ്‌കറിന്റെ മുന്‍ ഭാര്യ ആമിനയ്ക്ക് നിയമസഹായം നല്‍കും. താന്‍ ആമിനയെ നാളെത്തന്നെ സന്ദര്‍ശിക്കുമെന്നും മന്ത്രി പറഞ്ഞു. ട്വന്റിഫോറിന്റെ സംവാദ പരിപാടിയായ എന്‍കൗണ്ടറിലായിരുന്നു മന്ത്രി ബിന്ദു കൃഷ്ണയുടെ പ്രതികരണം.

മനസാക്ഷിയുള്ള മനുഷ്യന് താങ്ങാവുന്നതിലും അപ്പുറമാണ് ഈ വാര്‍ത്തയെന്ന് മന്ത്രി ബിന്ദു കൃഷ്ണ പറഞ്ഞു. നാട്ടുകാരോ അധികാരികളോ ഇത് അറിയാതെ പോയത് കഷ്ടമാണ്. ഇത് നേരത്തേ പരിഹരിക്കപ്പെടേണ്ടതായിരുന്നു. അഷ്‌കറിന് കുഞ്ഞിനേയും ആദ്യ ഭാര്യയേയും ആക്രമിച്ച് ഇത്രയും നാളും വിലസി നടക്കാനായി എന്ന കാര്യം ഏറെ ചിന്തിപ്പിക്കുന്നു. ഇപ്പോള്‍ കുമളിയിലെ ഷെഫീക്കിനെയാണ് ഓര്‍മവരുന്നത്. ജാഗ്രതയോടെ കുറ്റമറ്റ രീതിയില്‍ കേസ് നടത്തും. മാതൃകാപരമായ ശിക്ഷ ഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.

കുഞ്ഞുങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കുക സര്‍ക്കാരിന്റെ കൂടി ഉത്തരവാദിത്തമാണെന്ന് മന്ത്രി ബിന്ദു കൃഷ്ണ പറഞ്ഞു. അഷ്‌കറിന്റെ ആദ്യ ഭാര്യ ആമിന സഹിച്ച വേദനയും ഞെട്ടിപ്പിക്കുന്നതാണ്. നാളെ തന്നെ ആമിനയെ സന്ദര്‍ശിച്ച് ഇനി എന്ത് ചെയ്യാനാകും അതെല്ലാം ചെയ്യുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.