പ്രതിപക്ഷ ഉപനേതൃസ്ഥാനത്തിൽ നിലപാട് കടുപ്പിച്ച് സിപിഐ. പ്രതിപക്ഷ ഉപനേതൃസ്ഥാനം ലഭിച്ചില്ലെങ്കിൽ നിയമസഭാ കക്ഷിയിലെ മറ്റ് ചുമതലകൾ ഏറ്റെടുക്കില്ലെന്നാണ് നിലപാട്. നിയമസഭാ കക്ഷി ചുമതലകൾ വേണ്ടെന്ന് സിപിഐഎം നേതൃത്വത്തെ അറിയിച്ചു. പ്രതിപക്ഷ ഉപനേതൃസ്ഥാനം ലഭിക്കാതെ സംയുക്ത പാർലമെന്ററി പാർട്ടിയോഗത്തിലും സിപിഐ പങ്കെടുക്കില്ല. പ്രതിപക്ഷ ഉപനേതാവ് സ്ഥാനത്തെ ചൊല്ലി തർക്കം രൂക്ഷമായതോടെ നിയമസഭാ കക്ഷിയോഗം ചേരാനായിട്ടില്ല.

എൽഡിഎഫ് നിയമസഭ കക്ഷി ഉപ നേതാവ് പദവിയിൽ തീരുമാനമായിട്ടില്ലെന്നാണ് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറയുന്നത്. പലപ്പോഴും ആ പദവി ഉണ്ടായിട്ടുണ്ട്. സിപിഐഎമ്മുമായി നിരന്തരം ഈ വിഷയത്തിൽ ബന്ധപ്പെടുന്നുണ്ട്. എപ്പോൾ ഇതിൽ തീരുമാനമെടുക്കും എന്നത് ഒരു മുഹൂർത്തം തീരുമാനിച്ചിട്ടില്ല. എന്തായാലും അതിന് പരിഹാരം ഉണ്ടാകും. അത് പരിഹരിക്കാനുള്ള രാഷ്ട്രീയ വ്യക്തത സിപിഐക്കും സിപിഐഎമ്മിനും ഉണ്ടെന്ന് ബിനോയ് വിശ്വം പറഞ്ഞിരുന്നു.

പ്രതിപക്ഷ ഉപനേതാവ് പദവി എന്ന് പ്രഖ്യാപിക്കും എന്നതിന് പ്രത്യേക മുഹൂർത്തമൊന്നും കുറിച്ചിട്ടില്ലെന്നും ചർച്ചകളിലൂടെ വിഷയം ഉടൻ പരിഹരിക്കുമെന്നും ബിനോയ് വിശ്വം വ്യക്തമാക്കിയിരുന്നു. എന്നാൽ നിയമസഭയിലെ പ്രതിപക്ഷ ഉപനേതാവ് പദവി സി പി ഐക്ക് ലഭിച്ചേ തീരൂ എന്ന നിലപാടിലാണ് സിപിഐ.