റഷ്യയുടെ നിയന്ത്രണത്തിലുള്ളതും യൂറോപ്പിലെ ഏറ്റവും വലുതുമായ സപ്പോറീഷ്യ ആണവനിലയത്തിൽ യുക്രൈന്റെ ഡ്രോൺ ആക്രമണം ഉണ്ടായതായി റഷ്യയുടെ ഔദ്യോഗിക ആണവോർജ്ജ കമ്പനിയായ റോസാറ്റം ശനിയാഴ്ച അറിയിച്ചു. ആക്രമണത്തിൽ നിലയത്തിലെ പ്രധാന ഉപകരണങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടില്ലെന്ന് അവർ വ്യക്തമാക്കിയെങ്കിലും യുക്രൈൻ സൈന്യം ഈ ആരോപണം പൂർണ്ണമായും നിഷേധിച്ചു.

ഈ സംഭവം തികച്ചും ആസൂത്രിതമായിരുന്നുവെന്ന് റോസാറ്റം മേധാവി അലക്സി ലിഖാചേവ് പറഞ്ഞു. ആക്രമണത്തെത്തുടർന്ന് ആണവനിലയത്തിലെ ടർബൈൻ ഹാളിന്റെ ചുമരിൽ വലിയൊരു സുഷിരം വീണതായും അദ്ദേഹം വെളിപ്പെടുത്തി.

“ഇന്ന് ഉച്ചയ്ക്ക് ശേഷം യുക്രൈന്റെ ഒരു കാമികാസെ കോംബാറ്റ് ഡ്രോൺ (Kamikaze combat drone) പവർ യൂണിറ്റ് നമ്പർ 6-ന്റെ ടർബൈൻ ഹാൾ കെട്ടിടത്തിൽ പതിക്കുകയും അതിനെത്തുടർന്ന് സ്ഫോടനം ഉണ്ടാവുകയുമായിരുന്നു,” ലിഖാചേവ് പ്രസ്താവനയിൽ പറഞ്ഞു.