തൃണമൂൽ കോൺഗ്രസ് എംപി അഭിഷേക് ബാനർജിയ്ക്ക് നേരെയുണ്ടായ ആക്രമണം ബിജെപിയുടെ പ്രതികാര രാഷ്ട്രീയത്തിൻ്റെ വിരൂപമായ മുഖമെന്നാരോപിച്ച് രാഹുൽ ഗാന്ധി. ജനാധിപത്യത്തിന് എതിരായ ആക്രമണമാണിത്, കേന്ദ്ര – സംസ്ഥാന സർക്കാരുകൾ ഉടൻ നടപടി എടുക്കണമെന്നും രാഹുൽഗാന്ധി ആവശ്യപ്പെട്ടു.
ഇന്ന് വൈകിട്ട് സൗത്ത് 24 പർഗാന ജില്ലയിലെ സോണാർപൂർ ഗ്രാമത്തിൽ തിരഞ്ഞെടുപ്പ് സംഘർഷങ്ങൾക്കിടെ കൊല്ലപ്പെട്ട തൃണമൂൽ പ്രവർത്തകൻ്റെ കുടുംബത്തെ സന്ദർശിക്കുന്നതിടെയായിരുന്നു ആക്രമണം ഉണ്ടായത്. ജനശ്രദ്ധ ഒഴിവാക്കാൻ ഇരുചക്ര വാഹനത്തിലാണ് അഭിഷേക് ഗ്രാമത്തിലേക്ക് എത്തിയത്. എന്നാൽ വഴിയോരങ്ങളിൽ തടിച്ചുകൂടിയ നാട്ടുകാർ അഭിഷേകിന് നേരെ കല്ലുകളും മുട്ടയും ചെരുപ്പും എറിഞ്ഞു. ഉന്തും തള്ളുമുണ്ടായപ്പോൾ അഭിഷേകിന്റെ ഷർട്ട് കീറി .. കണ്ണട ഒടിഞ്ഞു.
അംഗരക്ഷകർ ഇടപെട്ടാണ് അഭിഷേകിനെ രക്ഷപ്പെടുത്തിയത്. സംഘർഷ സാഹചര്യത്തിലും പ്രദേശത്ത് പൊലീസുണ്ടായിരുന്നില്ല. തനിക്കെതിരെ വധശ്രമമാണ് ഉണ്ടായതെന്നും , ബിജെപിയാണ് ആക്രമണം ആസൂത്രണം ചെയ്തതെന്നുംഅഭിഷേക് ആരോപിച്ചു .ആക്രമണത്തിനെതിരെ ബംഗാൾ ഗവർണറെയും കൽക്കട്ട ഹൈക്കോടതിയും സമീപിക്കാൻ ഒരുങ്ങുകയാണ് തൃണമൂൽ കോൺഗ്രസ് എംപി.



