ടെഹ്റാൻ: ഹോർമുസ് കടലിടുക്ക് സൗജന്യമായി തുറന്നുനൽകാൻ ഇറാൻ ഒരുക്കമാണെന്ന യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രസ്താവന നിഷേധിച്ച് ഇറാൻ. ഇറാനുമായുള്ള കരാറിന് അടുത്തെത്തിയെന്നും, ഹോർമൂസ് സൗജന്യമായി തുറന്നു നൽ‌കുമെന്നുമാണ് ട്രംപ് പ്രസ്താവിച്ചത്. ഇത് തങ്ങളുടെ പരിഗണനയിലുള്ള കരാറിലെ നിബന്ധനകളുമായി പൊരുത്തപ്പെടാത്ത വാദമാണെന്ന് ഇറാൻ അറിയിച്ചു.

ട്രംപിൻ്റെ അഭിപ്രായ പ്രകടനങ്ങൾ നടത്തുന്നത് തങ്ങൾ വിജയിച്ചുവെന്ന തെറ്റായ പ്രതീതി സൃഷ്ടിക്കാനാണെന്ന് ഇറാന്റെ ഇസ്ലാമിക് റെവല്യൂ‌ഷണറി ഗാർഡ് കോർ പറഞ്ഞു. ഫാർസ് ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

അതെസമയം ഇരു രാജ്യങ്ങളും തമ്മില്‍ ഒരു കരാറിനു വേണ്ടിയുള്ള ചർച്ചകൾ പുരോഗമിക്കുകയാണ്. നിലവിൽ‌ ഇരു രാജ്യങ്ങളും കരട് കരാറിൽ അന്തിമതീരുമാനമെടുത്തിട്ടില്ല. അത്തരമൊരു പ്രസ്താവന മധ്യസ്ഥ രാജ്യങ്ങളിൽ നിന്ന് വന്നിട്ടുമില്ല.

ഹോർമൂസ് ഇനി പഴയ പോലെയാകില്ലെന്ന തങ്ങളുടെ മുൻ നിലപാടിൽ ഉറച്ചു നിൽക്കുകയാണ് ഇറാൻ. ഹോർമൂസിലൂടെയുള്ള കപ്പലുകളുടെ സഞ്ചാരം ഇനി നിയന്ത്രിക്കപ്പെടും. ഇറാനും ഒമാനും ഈ വിഷയത്തിൽ ഏറെ ചര്‍ച്ചകൾ ഇതിനകം നടത്തിയതായാണ് വിവരം.. ഇറാന്‍ വിദേശകാര്യ മന്ത്രി അബാസ് അരാഗ്ചിയും ഒമാനി വിദേശകാര്യ മന്ത്രി ബദര്‍ അല്‍ബുസൈദിയും കഴിഞ്ഞ മണിക്കൂറുകളിലും ഫോൺ സംഭാഷണങ്ങൾ നടന്നതായി റിപ്പോർട്ടുണ്ട്. ഹോര്‍മുസിന്റെ നിയന്ത്രണം ഇറാനും ഒമാനുമായിരിക്കുമെന്ന് കഴിഞ്ഞ ദിവസം ഇറാനിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.

ഹോർമുസ് വീണ്ടും തുറക്കുമ്പോൾ കപ്പലുകളുടെ നിരീക്ഷണം, പരിശോധന, സേവനങ്ങൾ നൽകൽ, സുരക്ഷാനടപടികൾ തുടങ്ങിയവയെല്ലാം ഇറാൻ നിയന്ത്രിക്കും. ഇതിനകം തന്നെ ഇറാൻ ഇതിനുള്ള സംവിധാനങ്ങൾ ഏർപ്പെടുത്തി തുടങ്ങിയിട്ടുണ്ട്. ഇന്ത്യൻ കപ്പലുകൾ ഈ സംഘർഷങ്ങൾക്കിടയിലും സുരക്ഷിതമായി ഹോർമൂസ് കടന്നു വരുന്നുണ്ട്. ഇറാൻ ഇതിന് പിന്തുണ നൽകുന്നു. യുഎസ് ഉപരോധം കപ്പൽപ്പാതയിൽ നിലവിലുണ്ടെങ്കിലും അത് ഇന്ത്യൻ കപ്പലുകളെ ബാധിക്കുന്നില്ല എന്നാണ് റിപ്പോർട്ട്. ഇന്ത്യയിലേക്ക് വൻതോതിൽ പെട്രോളിയം, പ്രകൃതിവാതകം, വളം തുടങ്ങിയവ വരുന്നത് ഈ കപ്പൽപ്പാതയിലൂടെയാണ്.

നിലവിൽ ഇറാനും യുഎസും ചർച്ച ചെയ്യുന്ന കരടിൻ്റെ ഏറ്റവും പ്രധാനപ്പെട്ട ഭാഗങ്ങളിലൊന്ന് യുഎസ് മരവിപ്പിച്ച ഇറാന്റെ 12 ബില്യൺ ഡോളറിൻ്റെ ആസ്തികൾ വിട്ടുകിട്ടണം എമ്മതാണ്. ഈ ഫണ്ട് തിരികെ നല്‍കിയാൽ മാത്രമേ ചർച്ചയുടെ അടുത്ത ഘട്ടത്തിലേക്ക് പോകൂ എന്നാണ് ഇറാന്റെ നിലപാട്. ഇത് യുഎസിനെ വെട്ടിലാക്കിയിരിക്കുകയാണ്. ഇതിനിടയില്‍ യുഎസ്സിൽ റിപ്പബ്ലിക്കൻമാർ‌ക്കിടയിൽ നിന്നടക്കം യുദ്ധത്തിനെതിരെ വലിയ എതിർപ്പ് ഉയരുന്നുണ്ട്. ഇറാനിലെ യുദ്ധത്തിന് ട്രംപ് ആദ്യം കരുതിയതിനെക്കാളധികം ഫണ്ട് ഇറക്കേണ്ടി വരുമെന്നാണ് അനുമാനം. ഇതിന് കോൺഗ്രസ് തയ്യാറാകാൻ സാധ്യതയില്ല. ഒട്ടും ‘ലാഭകരമല്ലാത്ത’ യുദ്ധമായാണ് യുഎസ് കോൺഗ്രസ് ഇറാനിലെ ഇടപെടലിനെ കാണുന്നത്. ഇതിനെല്ലാം പുറമെ ജനങ്ങൾക്കിടയിൽ ട്രംപിനോടുള്ള മതിപ്പ് വലിയ തോതിൽ‌ കുറഞ്ഞിട്ടുമുണ്ട്.