തിരുവനന്തപുരം: സിസ്റ്റത്തെ പഴിക്കാനാണെങ്കിൽ മന്ത്രിമാരുടെയും ഉദ്യോഗസ്ഥരുടെയും ആവശ്യമെന്താണെന്ന് ആരോഗ്യമന്ത്രി കെ മുരളീധരൻ. സിസ്റ്റത്തെ നന്നാക്കാനാണ് മന്ത്രിയും ഉദ്യോഗസ്ഥന്മാരുമെല്ലാം. ആരോഗ്യവകുപ്പ് ജനങ്ങളുമായി നേരിട്ട് ബന്ധപ്പെടുന്ന വകുപ്പാണെന്ന് മാത്രമല്ല, ചുറ്റും കണ്ണുകൾ ഉറ്റുനോക്കിക്കൊണ്ടിരിക്കുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു. സദസ്സിലെ ഡോക്ടർമാർക്ക് ആരോടാണ് ആഭിമുഖ്യമെന്ന് തനിക്കറിയാമെന്ന് പറഞ്ഞാണ് മന്ത്രി തന്റെ പ്രസംഗം തുടങ്ങിയത്. സിസ്റ്റത്തോട് ചേർന്നു നിൽക്കുന്നവരെ താൻ സംരക്ഷിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ആരോഗ്യ വകുപ്പിനെ അനാരോഗ്യ വകുപ്പാക്കി മാറ്റരുതെന്നും അദ്ദേഹം ജനകീയ മഹാ ശുചീകരണ പ്രവർത്തന യജ്ഞത്തിന്റെ സംസ്ഥാന തല ഉദ്ഘാടനം മെഡിക്കൽ കോളേജിൽ ഉദ്ഘാടനം ചെയ്യവെ മന്ത്രി പറഞ്ഞു.

മെഡിക്കൽ കോളേജുകളിൽ നിലത്തു കിടത്തുന്ന ഏർപ്പാട് അവസാനിക്കണമെന്ന് മന്ത്രി പറഞ്ഞു. ഇത് താൻ പറഞ്ഞപ്പോൾ രോഗികളെയെല്ലാം സ്വകാര്യ ആശുപത്രികളിലേക്ക് പറഞ്ഞയയ്ക്കാൻ വേണ്ടിയാണെന്ന് ചിലർ വിമർശിച്ചു. എന്നാൽ‌ പിഎച്ച്സികൾ മുതൽ ജില്ലാ ആശുപത്രികൾ വരെയുള്ള ആശുപത്രികൾ മുറിവ് തുന്നിക്കെട്ടുന്ന ജോലി മാത്രമാണ് ചെയ്യുന്നതെന്നും, ബാക്കിയെല്ലാം മെഡിക്കൽ കോളേജുകളിലേക്ക് വിടുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ സ്ഥിതി അവസാനിക്കണം. വക്കം പുരുഷോത്തമൻ മന്ത്രിയായിരുന്ന കാലത്താണ് മെഡിക്കൽ കോളേജുകളെ റഫറൽ ആശുപത്രികളാക്കി മാറ്റിയത്. ഇപ്പോൾ പനിയും തലവേദനയും വന്നാൽ പോലും നേരെ മെഡിക്കൽ കോളേജിലേക്ക് ജനങ്ങൾ വരികയാണെന്ന് അദ്ദേഹം പറഞ്ഞു.

സര്‍ക്കാര്‍ ആശുപത്രിയുടെ രണ്ട് കിലോമീറ്റര്‍ അപ്പുറം എത്തുമ്പോള്‍ തന്നെ ആശുപത്രി എത്തി എന്നറിയാമെന്ന് അദ്ദേഹം പറഞ്ഞു. ഈ സ്ഥിതി മാറണം.

സംസ്ഥാനത്ത് സമ്പൂർണ ശുചിത്വം ലക്ഷ്യമിട്ട് ആരോഗ്യ വകുപ്പിൻ്റെ നേതൃത്വത്തിൽ നടക്കുന്ന ജനകീയ മഹാ ശുചീകരണ പ്രവർത്തന യജ്ഞം ‘തുടക്കം’ എന്ന പേരിൽ നടപ്പാക്കുകയാണ്. പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം ആരോഗ്യ – കുടുംബക്ഷേമ – ദേവസ്വം മന്ത്രി കെ മുരളീധരൻ രാവിലെ 9 ന് മെഡിക്കൽ കോളേജ് ഓൾഡ് ഓഡിറ്റോറിയത്തിൽ നിർവഹിച്ചു. ആശുപത്രി ക്യാമ്പസിലേതടക്കം വെള്ളക്കെട്ട് ഒഴിവാക്കുക, കൊതുക് ജന്യരോഗങ്ങൾ നിയന്ത്രിക്കുക, മാലിന്യ നിർമ്മാർജ്ജനം കാര്യക്ഷമമാക്കുക, രോഗപ്രതിരോധ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുക എന്നീ ലക്ഷ്യങ്ങളോടെയുള്ള ജനകീയ മഹാശുചീകരണ പ്രവർത്തന യജ്ഞം തുടക്കം കുറിക്കുന്നത്.

പരിപാടിയുടെ ഭാഗമായി ആശുപത്രി, കോളേജ്, ഹോസ്റ്റൽ, ക്വാർട്ടേഴ്സ്, ഓഫീസ് പരിസരങ്ങൾ, ഡ്രയിനേജ് സംവിധാനങ്ങൾ, മാലിന്യ സംസ്കരണ കേന്ദ്രങ്ങൾ തുടങ്ങിയ ഇടങ്ങളിൽ സമഗ്ര ശുചീകരണ പ്രവർത്തനങ്ങൾ നടത്തും.