ഡോ. ജോര്‍ജ് എം. കാക്കനാട്
ഹൂസ്റ്റണ്‍: തലയിലെ സവിശേഷമായ സ്വര്‍ണ്ണനിറത്തിലുള്ള മുടി കാരണം ‘ഡൊണാള്‍ഡ് ട്രംപ്’ എന്ന് വിളിപ്പേര് വീണ ബംഗ്ലാദേശിലെ ഒരു അപൂര്‍വ ആല്‍ബിനോ എരുമയെ ബലിപ്പെരുന്നാള്‍ (ഈദ് അല്‍-അദ്ഹ) ബലിയില്‍ നിന്ന് രക്ഷപെടുത്തി. ആഭ്യന്തര മന്ത്രാലയ ഉദ്യോഗസ്ഥന് അറിയിച്ചതനുസരിച്ച്, അവസാന നിമിഷത്തില്‍ സര്‍ക്കാര്‍ ഇടപെട്ടാണ് ഇതിനെ രക്ഷപെടുത്തിയത്.
ആചാരപരമായ ബലികര്‍മ്മങ്ങള്‍ക്കായി ഏതാണ്ട് 700 കിലോഗ്രാം (1,543 പൗണ്ട്) തൂക്കമുള്ള ഈ മൃഗത്തെ ഇതിനകം തന്നെ വിറ്റിരുന്നു. എന്നാല്‍ വ്യാഴാഴ്ചത്തെ പെരുന്നാളിന് മുന്നോടിയായി പൊതുജനങ്ങള്‍ക്കിടയില്‍ ഉണ്ടായ വന്‍ താല്പര്യവും ജനത്തിരക്കും കണക്കിലെടുത്ത്, സുരക്ഷാ കാരണങ്ങള്‍ മുന്‍നിര്‍ത്തി അധികൃതര്‍ ഇടപെടുകയായിരുന്നു.
എരുമയെ ബലി നല്കുന്നതില് നിന്ന് ഒഴിവാക്കാനും, വാങ്ങിയയാള്‍ക്ക് പണം തിരികെ നല്‍കാനും, മൃഗത്തെ ധാക്കയിലെ ദേശീയ മൃഗശാലയിലേക്ക് മാറ്റാനും ആഭ്യന്തര മന്ത്രി സലാഹുദ്ദീന് അഹമ്മദ് ഉത്തരവിട്ടു. ‘സുരക്ഷാ ആശങ്കകളും പൊതുജനങ്ങള്‍ക്കിടയിലുണ്ടായ അസാധാരണമായ താല്പര്യവും കാരണം, അവസാന നിമിഷത്തിലാണ് എരുമയെ ബലിയില്‍ നിന്ന് ഒഴിവാക്കാന്‍ തീരുമാനിച്ചതെന്ന്’ മന്ത്രാലയ ഉദ്യോഗസ്ഥന് പറഞ്ഞു.
ഒരു സാധാരണ പെരുന്നാള്‍ കച്ചവടമായി തുടങ്ങിയത്, ഇതിന്റെ വിഡിയോകള്‍ വൈറലായതോടെ പെട്ടെന്ന് തന്നെ രാജ്യം മുഴുവന്‍ ചര്‍ച്ചയായി മാറി. ഇതിന്റെ സ്വര്‍ണ്ണനിറത്തിലുള്ള മുന്‍മുടിയും ശാന്തമായ സ്വഭാവവും കാണാനായി ദൂരദേശങ്ങളില്‍ നിന്ന് പോലും ആളുകള്‍ ഫാമിലേക്ക് ഒഴുകിയെത്തി. അമേരിക്കന്‍ പ്രസിഡന്റുമായുള്ള സാദൃശ്യം കണ്ടാണ് തന്റെ അനിയന് എരുമയ്ക്ക് ട്രംപ് എന്ന പേരിട്ടതെന്ന് ഫാം ഉടമ സിയാവുദ്ദീന് മൃദ പറഞ്ഞു.
ആള് പക്ഷേ ട്രംപിനെ പോലെയല്ല. വളരെ ശാന്തസ്വഭാവമുള്ളതാണെന്നും, കൃത്യസമയത്തുള്ള തീറ്റയും പതിവായ കുളിയും ഉള്‍പ്പെടെ വലിയ പരിചരണം ഇതിന് ആവശ്യമാണെന്നും മൃദ കൂട്ടിച്ചേര്‍ത്തു. ബംഗ്ലാദേശില്‍ സാധാരണയായി കന്നുകാലികള്‍ക്ക് കറുത്ത നിറമാണുള്ളത്. ആല്‍ബിനോ എരുമകള്‍ വളരെ അപൂര്‍വ്വമാണ്. ഇത് പെരുന്നാള്‍ വിപണിയില്‍ ഇതിനെ വേറിട്ടു നിര്‍ത്തുകയും ചെയ്തു. എന്നാല്‍ ട്രംപിന്റെ പേര് തന്നെയാണ് ജനങ്ങളില്‍ താല്‍പ്പര്യം സൃഷ്ടിച്ചതും ഒടുവില്‍ ജീവന് രക്ഷിച്ചതും എന്നും കരുതുന്നു.



