തമിഴ്നാട് മുഖ്യമന്ത്രി വിജയ് കോൺഗ്രസ് ദേശീയ നേതാക്കളെ കാണാതെ ദില്ലിയിൽ നിന്ന് മടങ്ങി. വ്യാഴാഴ്ച രാവിലെ കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധി, സോണിയ ഗാന്ധി, മല്ലികാർജുൻ ഖർഗെ എന്നിവരുമായി വിജയ് കൂടിക്കാഴ്ച നടത്തുമെന്നായിരുന്നു നേരത്തെ പുറത്തുവന്ന വിവരം.
സോണിയ ഗാന്ധിയുടെ വസതിക്ക് മുന്നിൽ വിജയിയും രാഹുൽ ഗാന്ധിയും കൈകോർത്തുനിൽക്കുന്ന ഫ്ലക്സുകൾ കോൺഗ്രസ് പ്രവർത്തകർ സ്ഥാപിച്ചിരുന്നുവെങ്കിലും, രാവിലെ തമിഴ്നാട് ഭവനിൽ നിന്ന് വിജയ് നേരെ വിമാനത്താവളത്തിലേക്കാണ് പോയത് എന്നാണ് ലഭിക്കുന്ന വിവരം. രാഹുൽ ഗാന്ധിയുമായി ഔദ്യോഗിക കൂടിക്കാഴ്ച നിശ്ചയിച്ചിരുന്നില്ലെന്നാണ് തമിഴ്നാട്ടിലെ കോൺഗ്രസ് നേതാക്കളുടെ വിശദീകരണം. കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഉൾപ്പെടെ വിജയ് കൂടിക്കാഴ്ച നടത്തിയിരുന്നു. സംസ്ഥാനത്തെ വിവിധ വികസന പദ്ധതികൾക്ക് കേന്ദ്ര സഹായം തേടിയാണ് അദ്ദേഹം ദില്ലിയിലെത്തിയത്.
കോൺഗ്രസിന്റെ പിന്തുണയോടെ സർക്കാർ രൂപീകരിച്ചെങ്കിലും ദേശീയ തലത്തിൽ കോൺഗ്രസിന്റെ സഖ്യകക്ഷിയായി മാത്രം അറിയപ്പെടാൻ വിജയ് ആഗ്രഹിക്കുന്നില്ലെന്നും, തമിഴ്നാട്ടിലെ മുൻ മുഖ്യമന്ത്രി എം.കെ. സ്റ്റാലിനെ പോലെ കേന്ദ്രവുമായി നേരിട്ടുള്ള ഏറ്റുമുട്ടൽ ഒഴിവാക്കി വികസന പദ്ധതികൾക്ക് ഫണ്ട് ഉറപ്പാക്കാനാണ് ശ്രമമെന്നുമാണ് ടിവികെ വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. കേരളത്തിലെ യുഡിഎഫ് സർക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങിലും വിജയ് പങ്കെടുത്തിരുന്നില്ല. ചടങ്ങിൽ “തായ് വാഴ്ത്ത്” ആദ്യം ആലപിക്കണമെന്ന ആവശ്യവും അദ്ദേഹം മുന്നോട്ടുവെച്ചിരുന്നുവെന്നാണ് റിപ്പോർട്ടുകൾ.
ദില്ലി സന്ദർശനത്തിനിടെ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമനെയും വിജയ് കണ്ടു. അതേസമയം, അടുത്ത ആഴ്ച വീണ്ടും ദില്ലിയിലെത്തുന്ന വിജയ് സോണിയ ഗാന്ധിയേയും രാഹുൽ ഗാന്ധിയേയും കാണുമെന്നാണ് കോൺഗ്രസ് നേതാക്കൾ പറയുന്നത്. വിജയ് കോൺഗ്രസ് നേതാക്കളെ കാണാതെ മടങ്ങിയതുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന അഭ്യൂഹങ്ങൾക്ക് അടിസ്ഥാനമില്ലെന്നും, അടുത്ത ആഴ്ച കൂടിക്കാഴ്ച നടക്കുമെന്നും കോൺഗ്രസ് എംപി ക്രിസ്റ്റഫർ തിലക് വ്യക്തമാക്കി.



