ബെംഗളൂരു: കെമ്പഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയ യുവതിക്ക് എബോള ബാധയില്ലെന്ന് ആരോഗ്യ മന്ത്രാലയം . എബോള ബാധിത രാജ്യമായ ഉഗാണ്ടയിൽ നിന്ന് എത്തിയ 28കാരിയെ ഐസൊലേഷനിൽ പ്രവേശിപ്പിക്കുകയും എബോള പരിശോധനയ്ക്കായി സാമ്പിൾ ശേഖരിക്കുകയും ചെയ്തിരുന്നു. പരിശോധനാഫലം നെഗറ്റീവ് ആണെങ്കിലും യുവതിയെ ഐസൊലേഷനിൽ നിന്ന് എപ്പോൾ മോചിപ്പിക്കുമെന്ന് വ്യക്തമായിട്ടില്ല.
യുവതിയുടെ പരിശോധനാഫലം നെഗറ്റീവ് ആണെന്ന് ആരോഗ്യ മന്ത്രാലയം പ്രസ്താവനയിലൂടെ പറഞ്ഞു. ഉഗാണ്ടയിൽ നിന്നുള്ള 28 കാരിക്ക് രോഗലക്ഷണങ്ങൾ ഉണ്ടായിരുന്നില്ല. മുൻകരുതൽ എന്ന നിലയിലാണ് ഐസൊലേഷനിൽ പ്രവേശിപ്പിച്ചതെന്ന് യുവതിയെ
ഐസൊലേറ്റ് ചെയ്ത ആശുപത്രിയിലെ മെഡിക്കൽ സൂപ്രണ്ട് ഡോ. അനിൽ കുമാർ ബനാഗർ പറഞ്ഞു. യുവതിക്കായി നേരിയ ശരീരവേദന അനുഭവപ്പെട്ടതായി മന്ത്രാലയം പറഞ്ഞു. യുവതിയുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ അധികൃതർ പുറത്തുവിട്ടിട്ടില്ല.
മുൻകരുതൽ നടപടിയുടെ ഭാഗമായിട്ടാണ് യുവതിയെ സർക്കാരിൻ്റെ നിയന്ത്രണത്തിലുള്ള നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റിയതെന്ന് കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയം ബുധനാഴ്ച അറിയിച്ചു. തുടർന്ന് പരിശോധനയ്ക്കായി പൂനെയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലേക്ക് സാമ്പിളുകൾ അയക്കുകയുമായിരുന്നു. ഉഗാണ്ടയിൽ നിന്ന് എത്തിയ ശേഷം സ്ത്രീ ആദ്യം ഒരു ഹോട്ടലിൽ മുറിയെടുത്തെങ്കിലും ശരീരവേദന ഉൾപ്പെടെയുള്ള നേരിയ ലക്ഷണങ്ങൾ കണ്ടതിനെത്തുടർന്ന് വൈദ്യസഹായം തേടുകയും തുടർന്ന് നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റുകയുമായിരുന്നു.
കർണാടക ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നതനുസരിച്ച് മെയ് 23ന് ബെംഗളൂരുവിലെ കെമ്പെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ യുവതി എത്തി. പരിശോധനയ്ക്കിടെ ക്ഷീണമുള്ളതായി മനസ്സിലാക്കിയ എയർപോർട്ട് ഹെൽത്ത് ഓർഗനൈസേഷൻ ഉദ്യോഗസ്ഥർ എബോള പരിശോധനയ്ക്കായി സാമ്പിളുകൾ ശേഖരിക്കാൻ തീരുമാനിക്കുകയായിരുന്നുവെന്നും റിപ്പോർട്ടുണ്ട്.
എബോള ഭീഷണിയുടെ പശ്ചാത്തലത്തിൽ ഇന്ത്യയിലെ വിമാനത്താവളങ്ങളിലും മറ്റ് പ്രവേശന കേന്ദ്രങ്ങളിലും സ്‌ക്രീനിംഗും നിരീക്ഷണവും ആരംഭിക്കുകയായിരുന്നു. മുൻകരുതലുകളുടെ ഭാഗമായി കോംഗോ, ഉഗാണ്ട, ദക്ഷിണ സുഡാൻ എന്നിവിടങ്ങളിലേക്ക് അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കാൻ കേന്ദ്ര സർക്കാർ ഇന്ത്യൻ പൗരന്മാരോട് അഭ്യർഥിച്ചിരുന്നു. അതേസമയം, ഈ ആഴ്ച ഡൽഹിയിൽ നടത്താൻ നിശ്ചയിച്ചിരുന്ന ഇന്ത്യ – ആഫ്രിക്ക ഫോറം ഉച്ചകോടി ആശങ്കകളെത്തുടർന്ന് മാറ്റിവച്ചു.
ആഫ്രിക്കയുടെ ചില ഭാഗങ്ങളിൽ റിപ്പോർട്ട് ചെയ്ത എബോള വൈറസിൻ്റെ പശ്ചാത്തലത്തിൽ കേന്ദ്ര ആരോഗ്യമന്ത്രാലയം നിരീക്ഷണം ശക്തമാക്കിയിരിക്കുകയാണ്. ഇന്ത്യയിൽ ഇതുവരെ എബോള വൈറസ് സ്ഥിരീകരിച്ച കേസും കണ്ടെത്തിയിട്ടില്ലെന്ന് അധികൃതർ വ്യക്തമാക്കി.



