ചന്ദ്രനിൽ മനുഷ്യർക്ക് സ്ഥിരമായി താമസിക്കാൻ സൗകര്യമൊരുക്കുന്ന ഒരു വൻ പദ്ധതിയുമായി അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസ രംഗത്ത്. 20 ബില്യൺ ഡോളർ ചിലവ് പ്രതീക്ഷിക്കുന്ന ഈ ദൗത്യത്തിലൂടെ ചന്ദ്രനിൽ ഒരു സ്ഥിരം താവളം നിർമ്മിക്കാനാണ് നാസ ലക്ഷ്യമിടുന്നത്. മനുഷ്യർക്ക് ചന്ദ്രനിൽ ദീർഘകാലം ജീവിക്കാനും ഗവേഷണങ്ങൾ നടത്താനുമുള്ള അത്യാധുനിക റോവറുകളും ഡ്രോണുകളും ഈ കേന്ദ്രത്തിലുണ്ടാകും.
പദ്ധതിയുടെ ആദ്യപടിയായി 2028-ഓടെ ബഹിരാകാശ സഞ്ചാരികളെ നാസ ചന്ദ്രനിലിറക്കും. ഇതിന് മുന്നോടിയായി ചന്ദ്രനിലെ ഉപരിതല പഠനത്തിന് ആവശ്യമായ ക്യാമറകളും മറ്റ് ശാസ്ത്ര ഉപകരണങ്ങളും ഈ വർഷം തന്നെ വിക്ഷേപിക്കുന്ന മൂന്ന് പ്രത്യേക ദൗത്യങ്ങളിലൂടെ ചന്ദ്രനിലെത്തിക്കും. യൂറോപ്യൻ, കൊറിയൻ ബഹിരാകാശ ഏജൻസികളും ഈ ദൗത്യത്തിൽ നാസയുമായി സഹകരിക്കുന്നുണ്ട്.
മൂന്ന് ഘട്ടങ്ങളായാണ് ഈ പദ്ധതി പൂർത്തിയാക്കുക. അടുത്ത മൂന്ന് വർഷത്തിനുള്ളിൽ ചന്ദ്രനിലെ താമസത്തിന് വേണ്ട സാങ്കേതികവിദ്യകൾ പരീക്ഷിച്ച് ഉറപ്പാക്കുകയാണ് ആദ്യ ഘട്ടം. തുടർന്ന് 2029 മുതൽ 2032 വരെയുള്ള രണ്ടാം ഘട്ടത്തിൽ ചന്ദ്രന്റെ ഉപരിതലത്തിൽ പവർ ഗ്രിഡ് അടക്കമുള്ള അടിസ്ഥാന സൗകര്യങ്ങൾ നിർമ്മിക്കും. 2032-ന് ശേഷമുള്ള മൂന്നാം ഘട്ടത്തിൽ ശാസ്ത്രജ്ഞർക്ക് ചന്ദ്രനിലേക്ക് പതിവായി യാത്ര ചെയ്യാനും അവിടെ താമസിച്ച് പരീക്ഷണങ്ങൾ നടത്താനുമുള്ള സൗകര്യം പൂർണ്ണതോതിൽ യാഥാർത്ഥ്യമാക്കാനാണ് നാസയുടെ തീരുമാനം.



