തെരഞ്ഞെടുപ്പ് കമീഷൻ്റെ തീവ്രവോട്ടർ പട്ടിക പരിഷ്‌കരണ നടപടികൾക്ക് പൂർണ അംഗീകാരം നൽകി സുപ്രീംകോടതി വിധി. എസ്ഐആർ നടപടികൾ നിലവിലുള്ള നിയമങ്ങളെയോ ഭരണഘടനാ വ്യവസ്ഥകളെയോ യാതൊരു തരത്തിലും ലംഘിക്കുന്നില്ലെന്ന് കോടതി വ്യക്തമാക്കി. കൃത്യവും സമഗ്രവുമായ ഒരു വോട്ടർ പട്ടിക തയ്യാറാക്കുന്നതിലേക്കുള്ള സുപ്രധാന ചുവടുവെപ്പായ ഈ നടപടി, ഭരണഘടനയ്ക്ക് കൂടുതൽ കരുത്തും ജീവനും പകരുന്നതാണെന്നും സുപ്രീംകോടതി നിരീക്ഷിച്ചു.

വോട്ടർ പട്ടികയിൽ നിന്ന് ഒരാളുടെ പേര് നീക്കം ചെയ്യപ്പെടുന്നത് അയാളുടെ പൗരത്വം നിശ്ചയിക്കുന്നതിനുള്ള മാനദണ്ഡമായി കണക്കാക്കാനാകില്ലെന്ന് കോടതി പ്രത്യേകം വ്യക്തമാക്കി. തീവ്രവോട്ടർ പട്ടിക പരിഷ്‌കരണം എന്നത് പിൻവാതിലിലൂടെയുള്ള പൗരത്വ പരിശോധനയാണെന്ന് ആരോപിച്ച് ഹർജിക്കാരും പ്രതിപക്ഷ പാർട്ടികളും ഉയർത്തിയ വാദങ്ങളെ പൂർണമായും തള്ളിക്കൊണ്ടാണ് സുപ്രീംകോടതിയുടെ ഈ സുപ്രധാന വിധി വന്നിട്ടുള്ളത്.

സ്വതന്ത്രവും നീതിയുക്തവുമായ തിരഞ്ഞെടുപ്പ് നടത്തുക എന്ന ഭരണഘടനാപരമായ ലക്ഷ്യം കൈവരിക്കുന്നതിനായി ഇത്തരം പരിഷ്കരണ നടപടികൾ അനിവാര്യമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. തിരഞ്ഞെടുപ്പ് പ്രക്രിയയുടെ സുതാര്യതയും പൗരന്മാരുടെ ഭരണഘടനാപരമായ അവകാശങ്ങളും തമ്മിൽ കൃത്യമായ സന്തുലിതാവസ്ഥ ഉറപ്പാക്കാൻ തെരഞ്ഞെടുപ്പ് കമീഷൻ സ്വീകരിച്ച നടപടികൾക്ക് ഇതിലൂടെ സാധിച്ചിട്ടുണ്ട്.

വോട്ടർ പട്ടിക തയ്യാറാക്കുന്നതുമായി ബന്ധപ്പെട്ട് പൗരത്വത്തിൽ എന്തെങ്കിലും സംശയങ്ങളുണ്ടെങ്കിൽ അത് തീർക്കാനുള്ള പൂർണ അധികാരം കമീഷനുണ്ടെന്നും കോടതി ഉത്തരവിൽ വിശദീകരിക്കുന്നു. എസ്ഐആർ പ്രക്രിയയിൽ പങ്കാളികളാകുന്നതിനും പരാതികൾ പരിഹരിക്കുന്നതിനുമായി നിരവധി അവസരങ്ങൾ ഇതിനകം നൽകിയിട്ടുണ്ടെന്ന് കോടതി വിലയിരുത്തി. സുപ്രീംകോടതിയുടെ മുൻ ഇടക്കാല ഉത്തരവുകളിലൂടെ തന്നെ ഈ തീവ്രവോട്ടർ പട്ടിക പരിഷ്‌കരണം കൂടുതൽ സമഗ്രമാക്കാൻ സാധിച്ചിട്ടുണ്ടെന്നും വിധിന്യായത്തിൽ വ്യക്തമാക്കുന്നുണ്ട്.