തമിഴ്‌നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ് ബുധനാഴ്ച ന്യൂഡൽഹിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും. സംസ്ഥാനവുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങൾ ചർച്ച ചെയ്യുന്നതിനായാണ് വിജയ് മോദിയെ കാണുന്നത്. ഈ മാസം ആദ്യം മുഖ്യമന്ത്രിയായി ചുമതലയേറ്റ ശേഷം ടി.വി.കെ അധ്യക്ഷൻ കൂടിയായ വിജയ് ദേശീയ തലസ്ഥാനത്ത് നടത്തുന്ന ആദ്യ ഔദ്യോഗിക സന്ദർശനമാണിത്.

വിജയിയുടെ സന്ദർശനത്തിന്റെ വിശദമായ വിവരങ്ങൾ ഔദ്യോഗികമായി പുറത്ത് വിട്ടിട്ടില്ലെങ്കിലും, മുഖ്യമന്ത്രി ചെന്നൈ വിമാനത്താവളത്തിൽ നിന്ന് രാവിലെ 10 മണിയോട് വിമാനത്തിൽ ഡൽഹിയിലേക്ക് പുറപ്പെടുമെന്നാണ് വൃത്തങ്ങൾ അറിയിക്കുന്നത്. പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ച വൈകുന്നേരം 4.30-നാണ് നിശ്ചയിച്ചിരിക്കുന്നത്. കൂടിക്കാഴ്ചയിൽ സംസ്ഥാനത്തിന്റെ ദീർഘകാലമായുള്ള ആവശ്യങ്ങൾ വ്യക്തമാക്കുന്ന നിവേദനം വിജയ് പ്രധാനമന്ത്രിക്ക് നൽകും.