കർണാടകയിലെ നേതൃതർക്കത്തിന് ഒടുവിൽ കോൺഗ്രസ് ഹൈക്കമാൻഡ് പരിഹാരം കണ്ടെന്നും മുഖ്യമന്ത്രി സ്ഥാനത്തേക്ക് സിദ്ധരാമയ്യയ്ക്ക് പകരം ഡി.കെ ശിവകുമാറിനെ നിയമിക്കാൻ തീരുമാനിച്ചെന്നുമുള്ള അഭ്യൂഹങ്ങൾക്കിടയിൽ സംസ്ഥാന കോൺഗ്രസിൽ അണിയറ നീക്കങ്ങളും സജീവമാകുന്നു. വിവിധ വിഷയങ്ങളിൽ ചർച്ചകളും വിലപേശലുകളും തുടങ്ങിയതായാണ് വിവരം.
അധികാരത്തിന്റെ തുലാസ് തന്റെ കൈകളിൽ തന്നെ നിലനിർത്താൻ സിദ്ധരാമയ്യ ശക്തമായ സമ്മർദ്ദം ചെലുത്തുന്നതായാണ് റിപ്പോർട്ട്. അദ്ദേഹത്തിന്റെ അടുത്ത അനുയായിയായ സതീഷ് ജാർക്കിഹോളി സംസ്ഥാന കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്നവരിൽ മുൻപന്തിയിലുണ്ടെന്നും, സിദ്ധരാമയ്യയുടെ മകൻ ഡോ. യതീന്ദ്രയെ പുതിയ ശിവകുമാർ മന്ത്രിസഭയിൽ ഉൾപ്പെടുത്തിയേക്കുമെന്നും വൃത്തങ്ങൾ സൂചിപ്പിക്കുന്നു.



