അഫ്ഗാനിസ്ഥാനിൽ പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനുള്ള പ്രായപരിധി 11 വയസ്സായി താലിബാൻ നിജപ്പെടുത്തിയതിന് പിന്നാലെ രാജ്യത്ത് നിർബന്ധിത-ബാലവിവാഹങ്ങൾ ഭീതിജനകമായ രീതിയിൽ വർധിച്ചതായി റിപ്പോർട്ടുകൾ വെളിപ്പെടുത്തുന്നു. അനൗദ്യോഗിക കണക്കുകൾ പ്രകാരം, വിദ്യാഭ്യാസം നിഷേധിക്കപ്പെട്ട അഫ്ഗാൻ പെൺകുട്ടികളിൽ 70 ശതമാനത്തോളം പേർ ഇതിനോടകം നിർബന്ധിത വിവാഹങ്ങൾക്ക് ഇരയായിട്ടുണ്ട്. ഇതിൽ 66 ശതമാനം വിവാഹങ്ങളും 18 വയസ്സിന് താഴെയുള്ള പെൺകുട്ടികളുടേതാണ്.
താലിബാൻ കഴിഞ്ഞ ആഴ്ച അംഗീകരിച്ച പുതിയ വിവാഹമോചന നിയമപ്രകാരം, പ്രായപൂർത്തിയാകാത്ത ഒരു പെൺകുട്ടി തന്റെ സമ്മതമില്ലാതെയാണ് വിവാഹം നടന്നതെന്ന് പിന്നീട് വാദിച്ചാൽ പോലും, ഭർത്താവ് വിസമ്മതിക്കുകയാണെങ്കിൽ അവൾക്ക് വിവാഹമോചനം അനുവദിക്കില്ല. മാത്രമല്ല, ഭർത്താവ് കൂടെയില്ലാതിരിക്കുകയോ അല്ലെങ്കിൽ ജീവനാംശം നൽകാതിരിക്കുകയോ ചെയ്താൽ പോലും ഒരു സ്ത്രീക്ക് വിവാഹമോചനം തേടാൻ നിയമപരമായി അവകാശമുണ്ടാകില്ലെന്നും ഈ പുതിയ നിയമം വ്യക്തമാക്കുന്നു. താലിബാന്റെ ഈ സ്ത്രീവിരുദ്ധ നിയമത്തിനെതിരെ അഫ്ഗാൻ തലസ്ഥാനമായ കാബൂളിൽ സ്ത്രീകൾ തെരുവിലിറങ്ങി പ്രതിഷേധിച്ചു. ഇത് സ്ത്രീകൾക്കും കുട്ടികൾക്കും എതിരെയുള്ള ആസൂത്രിതമായ അക്രമമാണെന്ന് മനുഷ്യാവകാശ സംഘടനകൾ കുറ്റപ്പെടുത്തി.
അഫ്ഗാനിസ്ഥാനിൽ ബാലവിവാഹത്തിന് ഇരയാകുന്ന ഭൂരിഭാഗം പെൺകുട്ടികളും കടുത്ത ഗാർഹിക പീഡനത്തിനും മാനസിക സമ്മർദ്ദത്തിനും ഇരയാകുന്നതായി അഫ്ഗാനിസ്ഥാൻ ഹ്യൂമൻ റൈറ്റ്സ് സെന്ററിന്റെ പഠനങ്ങൾ വ്യക്തമാക്കുന്നു. ഈ മാസം ആദ്യം മധ്യ അഫ്ഗാനിസ്ഥാനിലെ ഡൈകുണ്ടി പ്രവിശ്യയിൽ 15 വയസ്സുള്ള പെൺകുട്ടി ഭർത്താവിന്റെ ക്രൂരമായ മർദനത്തെ തുടർന്ന് മരണപ്പെട്ടിരുന്നു. എട്ട് മാസം മുമ്പ് വിവാഹിതയായ പെൺകുട്ടി നിരന്തരം മർദനത്തിന് ഇരയായിട്ടും, പ്രാദേശിക ഗോത്ര തലവന്മാർ ഇടപെട്ട് അവളെ ഭർത്താവിനൊപ്പം തന്നെ ജീവിക്കാൻ നിർബന്ധിക്കുകയായിരുന്നു എന്ന് പെൺകുട്ടിയുടെ പിതാവ് വെളിപ്പെടുത്തി. എന്നാൽ അന്താരാഷ്ട്ര സമൂഹത്തിൽ നിന്നും ഉയരുന്ന വിമർശനങ്ങളെ താലിബാൻ വക്താവ് പൂർണ്ണമായും തള്ളിപ്പറഞ്ഞു.



