പാത്രിയാർക്കീസ് ഏലിയാസ് ഹോയെക്കിനെയും സ്പാനിഷ് ആഭ്യന്തരയുദ്ധത്തിലെ 80 രക്തസാക്ഷികളെയും വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിക്കുന്നതിന് അംഗീകാരം നൽകി ലെയോ പാപ്പ. കൂടാതെ, ഇന്ത്യയിൽ സേവനം ചെയ്ത ഇറ്റാലിയൻ മിഷനറിയും ഒരു യുവ കാമറൂണിയൻ കാർമെലൈറ്റും ഉൾപ്പെടെയുള്ള നാലുപേരെ ധന്യപദവിയിലേക്ക് ഉയർത്തുന്നതിനും അംഗീകാരം നൽകി.
സ്പാനിഷ് രക്തസാക്ഷികൾ
1930 കളിലെ സ്പാനിഷ് ആഭ്യന്തരയുദ്ധത്തോടൊപ്പമുണ്ടായ കത്തോലിക്കാവിരുദ്ധ പീഡനത്തിനിടെയാണ് സാന്റാൻഡറിലെ 80 രക്തസാക്ഷികൾ കൊല്ലപ്പെട്ടത്. അവരിൽ 67 വൈദികരും മൂന്ന് കർമ്മലീത്ത സന്ന്യാസിമാരും മൂന്ന് വൈദികാർഥികളും സാധാരണക്കാരായ ഏഴുപേരും ഉൾപ്പെടുന്നു. കൈകളും കാലുകളും ബന്ധിച്ച് ശരീരത്തിൽ കല്ലുകൾ കെട്ടി കടലിലേക്ക് വലിച്ചെറിയപ്പെട്ട തടവുകാരെയും അൽഫോൻസോ പെരെസ് എന്ന ജയിൽ കപ്പലിൽ അപ്രത്യക്ഷരായവരും താൽക്കാലിക തടങ്കൽപ്പാളയങ്ങളിൽ വധിക്കപ്പെടുകയോ, ചുട്ടുകൊല്ലപ്പെടുകയോ, മരിക്കുകയോ ചെയ്തവരും ഇവരിൽ ഉൾപ്പെടുന്നു.
സാന്റോണയിലെ സാന്താ മരിയ ഡെൽ പ്യൂർട്ടോ ഇടവകയിലെ ഫാ. ഫ്രാൻസിസ്കോ ഗോൺസാലസ് ഡി കോർഡോവയാണ് ഈ സംഘത്തിലെ ഒരാൾ. വിശുദ്ധ കുർബാന അർപ്പിക്കുന്നതിനോ, കൂദാശകൾ നൽകുന്നതിനോ എതിരായ ഭീഷണികളും വിലക്കുകളും ഉണ്ടായിരുന്നിട്ടും തന്റെ വിശ്വാസികളെ ഉപേക്ഷിക്കാൻ വിസമ്മതിച്ചതിനാൽ, ഒടുവിൽ ജയിലാക്കി മാറ്റിയ ഒരു കപ്പലിൽ അദ്ദേഹത്തെ തടവിലാക്കി. തടവിലായിരിക്കുമ്പോഴും അദ്ദേഹം കുമ്പസാരം കേൾക്കുകയും ജപമാല നയിക്കുകയും ചെയ്തു. വധശിക്ഷയ്ക്കു മുമ്പ്, തന്റെ കൂട്ടാളികളെ മോചിപ്പിക്കാനും അനുഗ്രഹിക്കാനും അനുവദിക്കണമെന്നതായിരുന്നു അദ്ദേഹത്തിന്റെ ആവശ്യം. തുടർന്ന് അദ്ദേഹത്തെ വെടിവച്ച് കൊലപ്പെടുത്തി. മരിക്കുമ്പോൾ അദ്ദേഹത്തിന് 48 വയസ്സായിരുന്നു.
ലെബനീസ് ‘സ്ഥാപക പിതാവ്’ ഏലിയാസ് ഹോയെക്
പാത്രിയാർക്കീസ് ഏലിയാസ് ഹോയെക്കിന്റെ വാഴ്ത്തപ്പെട്ട പദവിയിലേക്ക് ഉയർത്തപ്പെട്ട അദ്ഭുതം 1965 ൽ ഉണ്ടായതാണ്. ലെബനൻ സൈന്യത്തിലെ ഡ്രൂസ് ഓഫീസറായിരുന്ന നയീഫ് അബൂ അസ്സിയുടെ രോഗശാന്തിയുമായി ബന്ധപ്പെട്ടതാണ് ഈ അദ്ഭുതം. വിട്ടുമാറാത്ത ബൈലാറ്ററൽ സ്പോണ്ടിലോലിസിസ് ബാധിച്ചിരുന്ന വ്യക്തിയായിരുന്നു അദ്ദേഹം. റിപ്പോർട്ടുകൾ പ്രകാരം, പാത്രിയർക്കീസിനെ സ്വപ്നം കണ്ടതിനു ശേഷം അദ്ദേഹം പൂർണ്ണമായും സുഖം പ്രാപിച്ചു.
1843 ഡിസംബർ നാലിന് ലെബനനിലെ ഹെൽറ്റയിൽ ജനിച്ച ഹോയെക് 16-ാം വയസ്സിൽ സെമിനാരിയിൽ ചേരുകയും പിന്നീട് ദൈവശാസ്ത്ര പഠനത്തിനായി റോമിലേക്ക് പോകുകയും അവിടെ 1870 ൽ പുരോഹിതനായി അഭിഷിക്തനാകുകയും ചെയ്തു. ലെബനനിലേക്ക് മടങ്ങിയ അദ്ദേഹം മദർ റോസാലി നാസറുമായി ചേർന്ന് മാരോണൈറ്റ് സഭയിലെ ആദ്യത്തെ വനിതാ അപ്പസ്തോലിക സ്ഥാപനമായ മാരോണൈറ്റ് സിസ്റ്റേഴ്‌സ് ഓഫ് ഹോളി ഫാമിലി എന്ന സന്ന്യാസ സമൂഹം സ്ഥാപിച്ചു.
1899 ൽ അന്ത്യോക്യയിലെ മരോനൈറ്റ് പാത്രിയർക്കീസായി തിരഞ്ഞെടുക്കപ്പെട്ട ഹോയെക്, മൂന്ന് പതിറ്റാണ്ടുകൾ വൈദികരൂപീകരണത്തിനും മതബോധനത്തിനും വേണ്ടി സമർപ്പിച്ചു. അതോടൊപ്പം ഓട്ടോമൻ സാമ്രാജ്യത്തിൽ നിന്നുള്ള ലെബനൻ സ്വാതന്ത്ര്യത്തിനായുള്ള ഒരു പ്രധാന ശബ്ദമായും മാറി. ഒന്നാം ലോകമഹായുദ്ധസമയത്ത്, മതം നോക്കാതെ വിശക്കുന്നവർക്കും കുടിയിറക്കപ്പെട്ടവർക്കും വേണ്ടി അദ്ദേഹം ആശ്രമങ്ങളും കോൺവെന്റുകളും തുറന്നുകൊടുത്തു. അതിനെത്തുടർന്ന് ഓട്ടോമൻ അധികാരികൾ അദ്ദേഹത്തെ നാടുകടത്താൻ വിധിച്ചു.
1920 ൽ ലെബനൻ സ്ഥാപിക്കുന്നതിലേക്ക് നയിച്ച ചർച്ചകളിലും ഹോയെക് ഒരു പ്രധാനപങ്ക് വഹിച്ചു. 1931 ൽ ബ്കെർക്കിയിൽ വച്ചാണ് അദ്ദേഹം അന്തരിച്ചത്. ജീവകാരുണ്യത്തിന്റെയും സുവിശേഷ ദാരിദ്ര്യത്തിന്റെയും ഒരു മനുഷ്യനായി ഓർമ്മിക്കപ്പെടുന്ന അദ്ദേഹം ലെബനൻ ‘സ്ഥാപകപിതാവ്’ എന്ന് പരക്കെ അറിയപ്പെടുന്നു.



